അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: അനുബന്ധ കുറ്റപത്രത്തില്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഉള്‍പ്പെടുത്തി സി.ബി.ഐ
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാട് കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ ബ്രിട്ടിഷ് ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ പേര് ഉള്‍പ്പെടുത്തി സി.ബി.ഐ ക്രിസ്റ്റ്യന്‍ മിഷേല്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയാണ് സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
2018 ഡിസംബറില്‍ ദുബായില്‍ അറസ്റ്റിലായ മിഷേല്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ വിചാരണത്തടവിലാണ്. അതേസമയം, മുന്‍ സി.എ.ജി ശശി കാന്ത് ശര്‍മയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ശര്‍മ്മയെയും മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ജസ്ബീര്‍ സിംഗ് പനേസറിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയതായി ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദുബൈ ആസ്ഥാനമായുള്ള ബിസിനസുകാരനായ രാജീവ് സക്സേനയുടെ സഹായത്തോടെ എങ്ങനെ മിഷേല്‍ കോഴ കൈപ്പറ്റിയതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് എങ്ങനെയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. യുകെ, യുഎഇ, മൗറീഷ്യസ്, ഇറ്റലി, ടുണീഷ്യ രാജ്യങ്ങളില്‍ നിന്നുള്ള കത്തുകളും രേഖകളും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെ വിവിഐപികള്‍ക്കു സഞ്ചരിക്കാന്‍ 12 ആഡംബര കോപ്റ്ററുകള്‍ വാങ്ങാനുള്ള 2007ലെ ഇടപാടാണ് അഴിമതിയാരോപണത്തെത്തുടര്‍ന്നു വിവാദമായത്. 3600 കോടിയുടെ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനുവേണ്ടി സുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നാണ് ആരോപണം. 362 കോടി രൂപയുടെ കൈക്കൂലി നടന്നെന്ന സൂചനയെത്തുടര്‍ന്ന് ആറു വര്‍ഷത്തിനുശേഷം കരാര്‍ റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."