റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരെ മ്യാന്മര്‍ മോചിപ്പിച്ചു
നായ്പിതോ: മ്യാന്മറില്‍ നടക്കുന്ന റൊഹീന്യന്‍ വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ലോകത്തോടു വിളിച്ചുപറഞ്ഞ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരെ ഒടുവില്‍ മ്യാന്മര്‍ ഭരണകൂടം മോചിപ്പിച്ചു. സമാധാന നോബല്‍ ജേതാവായ ഓങ് സാങ് സൂചിക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിന്റെ ഫലമായി പ്രസിഡന്റ് ഉത്തരവിട്ടതു പ്രകാരമാണ് മോചനം. അതേസമയം, പരമ്പരാഗത പുതുവത്സര ദിനത്തോടനുബന്ധിച്ച് ആയിരത്തോളം തടവുകാരെ വിട്ടയച്ചതിന്റെ ഭാഗമായിട്ടാണ് ഇവരെയും മോചിപ്പിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരായ വാ ലോണ്‍ (33), ക്യോ സോ ഓ (29) എന്നിവരാണ് മ്യാന്‍മര്‍ ജയിലിലെ 500 ദിവസത്തെ തടവുജീവിതത്തിന് ശേഷം മോചിതരായത്. മ്യാന്‍മറിന്റെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്നാരോപിച്ചുള്ള കേസില്‍ ഏഴ് വര്‍ഷത്തെ തടവുശിക്ഷയാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയിരുന്നത്. 2017 ഡിസംബറിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം ഇവര്‍ക്കു ലഭിച്ചിരുന്നു.
താന്‍ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് വാ ലോണ്‍ മോചിതനായ ശേഷം ബി.ബി.സിയോട് പറഞ്ഞു. ഞാന്‍ വളരെ സന്തോഷവാനാണ്. സഹപ്രവര്‍ത്തകരെയും കുടുംബത്തെയും വീണ്ടും കാണാന്‍ സാധിക്കുന്നതില്‍ അകാംക്ഷാഭരിതനാണ്. എന്റെ ന്യൂസ് റൂമിലേക്ക് പോകുന്നതിനായി ഇനിയും കാത്തിരിക്കാന്‍ കഴിയില്ല- വാ ലോണ്‍ പറഞ്ഞു. ജയിലില്‍ ഭാര്യ പാന്‍ ഈ മൂണ്‍ കാണാന്‍ വന്നപ്പോഴാണ് ലോണ്‍ ജയില്‍വാസകാലത്ത് പിറന്ന മകളെ കണ്ടത്.
മ്യാന്‍മാര്‍ ഞങ്ങളുടെ ധീരരായ മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ ജെ അഡ്‌ലര്‍ തങ്ങളുടെ ജീവനക്കാര്‍ മോചിതരായതിനോടു പ്രതികരിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളായി തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
മ്യാന്മറിലെ രെക്കയിന്‍ പ്രവിശ്യയിലെ ഇന്‍ ദിന്‍ ഗ്രാമത്തില്‍ 10 റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ബുദ്ധമത തീവ്രവാദികളും സൈന്യവും ചേര്‍ന്ന് കൂട്ടക്കൊല നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് റോയിട്ടേഴ്‌സിന്റെ രണ്ടു റിപ്പോര്‍ട്ടര്‍മാരെയും അറസ്റ്റ് ചെയ്തത്. അതിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒമ്പത് മാസത്തെ വിചാരണയ്ക്ക് ശേഷമായിരുന്നു ശിക്ഷാവിധി. വംശഹത്യ നടന്ന ഗ്രാമത്തിലെ ബുദ്ധമതക്കാര്‍ കൊല നടത്തിയത് റിപ്പോര്‍ട്ടര്‍മാരോട് സമ്മതിക്കുകയുണ്ടായി.
തുടര്‍ന്ന് സൈന്യം നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞു. കൊലപാതകത്തില്‍ പങ്കെടുത്തതിന് ഏഴു പട്ടാളക്കാരെ ജയിലിലടക്കുകയും ചെയ്തിരുന്നു. പത്തുവര്‍ഷത്തെ തടവുശിക്ഷയാണ് ഇവര്‍ക്ക് വിധിച്ചത്. റിപ്പോര്‍ട്ടര്‍മാരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാജ്യത്തെ ഭരണത്തെ നിയന്ത്രിക്കുന്ന പരമോന്നത നേതാവായ ഓങ് സാന്‍ സൂചിക്കെതിരേയും മ്യാന്‍മാര്‍ പ്രസിഡന്റ് വിന്‍ മിയിന്റിനെതിരേയും ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."