കണക്കു സൂക്ഷിപ്പിലെ വിശ്വസ്തന് തൃക്കരിപ്പൂര്‍ പൗരാവലിയുടെ അന്തിമോപചാരം
തൃക്കരിപ്പൂര്‍: കണക്കു സൂക്ഷിപ്പിലെ വിശ്വസ്തനും ലളിത ജീവിതം മുഖമുദ്രയുമാക്കി തൃക്കരിപ്പൂരുകാരുടെ ഹൃദയത്തില്‍ സ്ഥാനം നേടി ഇന്നലെ വിടപറഞ്ഞ തങ്കയത്തിലെ കെ അബ്ദുറഹ്്മാന്‍ ഹാജി (ടി.ടി.ആര്‍)ക്ക് തൃക്കരിപ്പൂര്‍ പൗരാവലിയുടെ അന്തിമോപചാരം.
ബഹുഭാഷാ നൈപുണ്യമുള്ള ഇദ്ദേഹം കണിശതയുടെ ആള്‍രൂപവുമായിരുന്നു. ഒരു കാലഘട്ടത്തില്‍ പ്രദേശത്തെ ഏക ടി.ടി.ഇയുമായിരുന്നു അബ്ദുറഹ്മാന്‍ ഹാജി. സംസാര ശൈലി പോലെ തന്നെ വടിവൊത്തതായിരുന്നു ജീവിതവും. ജീവിതത്തിന്റെ സര്‍വമേഖലയിലും അദ്ദേഹം പുലര്‍ത്തിയ കണിശത ഭക്ഷണ-വ്യായാമ-പ്രാര്‍ഥനാ കാര്യങ്ങളിലും കൈവിട്ടില്ല. സതേണ്‍ റെയില്‍വേയില്‍ അഴിമതിയുടെ കറ പുരളാത്ത നീണ്ടകാലത്തെ സ്തുത്യര്‍ഹ സേവനം. ഔദ്യോഗിക ജീവിതത്തിനു ശേഷം വിശ്രമിക്കാതെ ജനറല്‍ സപ്ലൈസ് സ്‌റ്റോര്‍ എന്ന സ്ഥാപനം തുടങ്ങി. പിന്നീട് ജനറല്‍ സപ്ലൈസ് സ്‌റ്റോര്‍ പലപ്പോഴും ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വേദിയായി.
രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകള്‍, വ്യാപാരി സമൂഹത്തിന്റെ കൂട്ടായ്മകള്‍, മത സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃസ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയതും കണക്കിലെ കണിശതയായിരുന്നു. പ്രവാസികളില്‍ പലരും നാട്ടിലെ വീട് വ്യാപാര സമുച്ചയ നിര്‍മാണങ്ങള്‍ക്കു വേണ്ടി ഫണ്ട് ടി.ടി ആറിനെ ഏല്‍പിച്ചു മനസമാധാനം കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ തങ്കയം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. തുടര്‍ന്ന് മുനീറുല്‍ ഇസ്‌ലാം മദ്‌റസ ഹാളില്‍ സര്‍വകക്ഷി അനുശോചനം സംഘടിപ്പിച്ചു. അനുശോചന യോഗത്തില്‍ എം. അബ്ദുല്ല ഹാജി അധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ.വി ലക്ഷ്മണന്‍, സി. രവി, കെ.വി അമ്പു, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി, സത്താര്‍ വടക്കുമ്പാട്, കെ.വി കൃഷ്ണപ്രസാദ്, എം.ടി.പി കരീം, ഇ. ജയചന്ദ്രന്‍, മുഹമ്മദ് ഹാരിസ് സൈനി, വി.ടി ശാഹുല്‍ ഹമീദ്, എസ്. കുഞ്ഞഹമ്മദ്, എ.ജി നൂറുല്‍ അമീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."