എല്ലാ വിഷയത്തിനും എ പ്ലസ് ഇല്ല; അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് മര്‍ദിച്ചു
അമ്മയുടെ പരാതിയില്‍ പിതാവ് അറസ്റ്റില്‍
കിളിമാനൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന് അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് ക്രൂരമായി മര്‍ദിച്ചു. പരുക്കേറ്റ കുട്ടിയെ പൊലിസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ സ്വദേശി സാബുവാണ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് ലഭിക്കാത്തതിന് സ്വന്തം മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചത്.
തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മകന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുമെന്നാണ് രക്ഷകര്‍ത്താക്കള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ ആറ് വിഷയങ്ങള്‍ക്ക് മാത്രമാണ് എ പ്ലസ് ലഭിച്ചത്. ഇതറിഞ്ഞ് വീട്ടിലെത്തിയ പിതാവ് മണ്‍വെട്ടി കൊണ്ടും കൈകളാലും ക്രൂരമായി മര്‍ദിക്കുകയും മണ്‍വെട്ടിയുടെ കൈ ഉപയോഗിച്ച് കഴുത്ത് ഞെരിക്കാന്‍ ശ്രമിച്ചതായും പൊലിസ് പറയുന്നു.
വീട്ടില്‍ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സാബുവില്‍ നിന്നും കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ കിളിമാനൂര്‍ പൊലിസ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ സാബാബുവിനെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരുക്ക് സാരമുള്ളതല്ല.
പ്രശ്‌നം ഒത്തു തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും ശിശുക്ഷേമസമിതി ഇടപെടുകയും റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കുകയും ചെയ്തു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കുട്ടികള്‍ക്ക് നേരെ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."