ഗവര്‍ണര്‍ ഇടപെട്ടു; വി.സിയോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ ഒന്നാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ പി. സദാശിവം കേരള സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥിനിക്ക് കോളജ് യൂനിയനില്‍ നിന്ന് നിരന്തര പീഡനമുണ്ടായെന്ന് കാണിച്ച് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണും കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദും സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് ഗവര്‍ണര്‍ ഇടപെട്ടത്. യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കെ.എസ്.യു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് പൊലിസ് ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പരാതിയില്ലെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന് പൊലിസ് അറിയിച്ചു. നേരത്തേ ആറ്റിങ്ങല്‍ പൊലിസിനും പരാതിയില്ലെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയത്. പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് പറയുന്ന സ്ഥിതിക്ക് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് പൊലിസ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കോളജിലെ വിശ്രമമുറിയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച്് കുറിപ്പ് എഴുതിവച്ചായിരുന്നു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം വിവാദമായതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ ഡയരക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."