കെട്ടിടം പൊളിച്ചുനീക്കല്‍; വ്യാപാരികള്‍ മുറികള്‍ ഒഴിഞ്ഞുകൊടുത്തു
നീലേശ്വരം: ബസ് സ്റ്റാന്‍ഡ് കെട്ടിടം ഒഴിയാന്‍ നഗരസഭ അധികൃതര്‍ അറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ കച്ചവടം ചെയ്തിരുന്ന വ്യാപാരികള്‍ മുറികള്‍ ഒഴിഞ്ഞുകൊടുത്തു. കഴിഞ്ഞ മാസം 15നാണ് ആദ്യം ഒഴിഞ്ഞുകൊടുക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഓണം കഴിയുന്നതുവരെ നീട്ടി തരണമെന്നുള്ള വ്യാപാരികളുടെ അഭ്യര്‍ഥന മാനിച്ച് ഓഗസ്റ്റ് 31 വരെ നീട്ടികൊടുക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു നഗരസഭ എന്‍ജിനീയറിങ് വിഭാഗം പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കിയതിനാലാണ് നഗരസഭ കെട്ടിടം പൊളിച്ചു പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പണിയാന്‍ തീരുമാനിച്ചത്.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വ്യാപാരികള്‍ ഒഴിഞ്ഞതോടെ ഇവിടെക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിക്കും. പുതിയ കെട്ടിടം പണിയുന്ന മുറക്ക് ഒഴിഞ്ഞുപോയ വ്യാപാരികള്‍ക്കു മുന്തിയ പരിഗണന നല്‍കും. വ്യാപാരികള്‍ കെട്ടിടം ഒഴിഞ്ഞതിനെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ അടിയന്തിര യോഗം ചേര്‍ന്നു കെട്ടിടം പൊളിക്കാനുള്ള നടപടിയിലേക്കു കടക്കും.
കെട്ടിടം ഇല്ലാതാവുന്നതോടെ ഇവിടേക്കു വരുന്ന വാഹനങ്ങള്‍ക്ക് താല്‍ക്കാലിക സംവിധാനം ഒരുക്കും.
ഇതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗം അടുത്ത ആഴ്ച തന്നെ വിളിച്ചു ചേര്‍ക്കുമെന്ന് നഗരസഭ ചെയര്മാന് കെ.പി ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."