സഊദിയിലേക്ക് വിസ സ്‌റ്റാമ്പിങ് ആരംഭിച്ചു; തൊഴിൽ വിസകൾ തിങ്കൾ മുതൽ സ്റ്റാമ്പിങ് ആരംഭിക്കുമെന്ന് ഫിലിപ്പൈൻസിലെ സഊദി എംബസി
റിയാദ്: സഊദിയിലേക്ക് പ്രവേശനം ഭാഗികമായി നൽകിയതോടെ വിദേശികൾക്ക് പ്രവേശനം ഇപ്പോൾ സാധ്യമാകുമോയെന്ന ആശങ്കകൾ പ്രവാസികൾ പങ്കു വെക്കുന്നതിനിടെ കൂടുതൽ വ്യക്തത വരുന്നു. ഫിലിപ്പൈൻസിലെ സഊദി എംബസി പുറത്ത് വിട്ട വിവരങ്ങളാണ് ഇത് സംബന്ധിച്ച സംശയങ്ങൾ അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നത്. സഊദിയിലേക്ക് മടങ്ങാനൊരുങ്ങുന്ന രാജ്യത്തെ പൗരന്മാർ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു മനിലയിലെ സഊദി എംബസി വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
ഫിലിപൈൻസിൽ നിന്ന് സഊദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവർ വിമാന കമ്പനികളുമായി ബന്ധപ്പെടാനും കൊറോണ പരിശോധനക്ക് വിധേയരാകാനും എംബസി ട്വിറ്ററിൽ ആവശ്യപ്പെട്ടു. കൊറോണ മുക്തരാണെന്ന് തെളിയിക്കാതെ തൊഴിൽ, റി എൻട്രി, വിസിറ്റ് വിസക്കാരെ സഊദിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും എംബസി മുന്നറിയിപ്പ് നൽകി.
ഇതോടൊപ്പം, തിങ്കളാഴ്ച മുതൽ സഊദിയിലേക്കുള്ള തൊഴിൽ വിസകളും സ്റ്റാമ്പ് ചെയ്യുന്നതിനുള്ള അപേക്ഷകളും സ്വീകരിച്ച് തുടങ്ങുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. ലേബർ എക്പോർട്ട് ഓഫീസുകൾ വഴിയായിരിക്കും അപേക്ഷകൾ സ്വീകരിക്കുകയെന്നും റിക്രൂട്ട്മെൻ്റുകൾക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളെയോ വ്യക്തികളേയോ സമീപിക്കരുതെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടിളുടെ ഭാഗമായി നേരത്തെ വിദേശ രാജ്യങ്ങളിൽ നിന്നും സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിർത്തി വെച്ചിരുന്നു. നിലവിൽ രാജ്യത്തെ വൈറസ് ഭീതി ഒഴിവായ സാഹചര്യത്തിൽ അന്താരാഷ്ട്ര സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാൻ തീരുമാനം കൈകൊണ്ടതിന്റെ പാശ്ചാതലത്തിലാണ് എംബസികൾ വിസ സ്റ്റാംപ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. വരും ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിലെ എംബസികളും ഇത് സംബന്ധമായ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."