പൊലിസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഇന്റലിജന്‍സ് റിപ്പോര്‍ട്ടും എതിരായ സാഹചര്യത്തില്‍ പൊലിസ് സേനക്ക് നല്‍കിയ പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണമായി തിരികെ വാങ്ങി പകരം ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി പൊലിസുകാര്‍ക്ക് നേരിട്ട് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണയോട് ആവശ്യപ്പെട്ടു.
പൊലിസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ ഗുരുതരമായ തിരിമറിയാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. ഇതിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് താന്‍ രണ്ട് കത്തുകള്‍ നല്‍കിയിരുന്നെന്ന് ചെന്നിത്തല ഓര്‍മപ്പെടുത്തി. അന്ന് അതിന്മേല്‍ നടപടി എടുത്തിരുന്നെങ്കില്‍ ഈ അട്ടിമറി നടക്കില്ലായിരുന്നു. പൊലിസില്‍ 50,000 ത്തോളം പോസ്റ്റല്‍ വോട്ടുകളാണുള്ളത്.
തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാന്‍ ഇവയുടെ തിരിമറിയിലൂടെ കഴിയും. അതിനാല്‍ ഇത്തവണ വിതരണം ചെയ്ത പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണമായി തിരിച്ചെടുക്കുകയും പകരം പൊലിസുകാര്‍ക്ക് വോട്ടു ചെയ്യുന്നതിന് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഏര്‍പ്പെടുത്തുകയും വേണം. വോട്ടെണ്ണുന്നതിന് ഇനിയും രണ്ടാഴ്ച ഉള്ളതിനാല്‍ അതിനുള്ള സാവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതോടൊപ്പം ഈ തിരിമറി നടത്തിയ പൊലിസ് അസോസിയേഷന്‍ നേതാക്കള്‍ക്കും അതിന് ഒത്താശ ചെയ്തവര്‍ക്കുമെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."