വിജയ ശേഖരന്‍ മാഷ് വിജയം വിതരണം ചെയ്യുകയാണ്
സ്വത്രന്ത്യാനന്തരം ഉടലെടുത്ത സാമൂഹിക പരിവര്‍ത്തനം 1970 കാലഘട്ടത്തില്‍ പോലും പാലക്കാടിന്റെ കിഴക്കന്‍ മേഖലയില്‍ ബാധകമായിരുന്നില്ല. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയും അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ജന്മിത്തനാടുവാഴിത്വവും കൊടികുത്തി വാണിരുന്ന ഇവിടെ പാവപ്പെട്ട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് അധിവസിച്ചിരുന്നത്. ഇവിടെയുള്ള ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം അകലെയായിരുന്നു. പത്തു വയസു കഴിയുന്നതോടെ ജന്മികളുടെ കാലികളെ മേയ്ക്കാനും കൂലിപ്പണിക്കും പോയിരുന്ന കാലം, സ്‌കൂള്‍ പഠനം ചിന്തിക്കാന്‍പോലും രക്ഷിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. കൂലിപ്പണിയെടുത്തു മക്കളെ പഠിപ്പിക്കാന്‍ തയാറാവുന്നവര്‍ക്കും പ്രൈമറി ക്ലാസുകളില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അന്ന് പഠിച്ചു ജയിച്ചാലും ജോലി കിട്ടുന്നത് അപൂര്‍വം പേര്‍ക്കായിരുന്നു. അതിനാല്‍ കൂലിപ്പണിക്ക് പോകണമെന്ന അവസ്ഥയാണുണ്ടായിരുന്നത്.
ഈ കാലത്താണ് ചേരിങ്കലിലെ കര്‍ഷകനായ കൃഷ്ണപ്പന്റെ മകന്‍ വിജയശേഖരന്‍ വണ്ടിത്താവളത്തെ കെ.കെ.എം ഹൈസ്‌കൂളില്‍ ഫിസിക്‌സ് അധ്യാപകനായി എത്തുന്നത്. അന്ന് ഈ സ്‌കൂളില്‍ നിന്നു പത്താംതരം പൂര്‍ത്തിയാക്കിയാല്‍ കോളജ് ഉള്‍പ്പെടെ തുടര്‍വിദ്യാഭ്യാസം അന്യമായ കുട്ടികളുടെ ജീവിതചുറ്റുപാടുകളെക്കുറിച്ച് മാഷ് പഠനം നടത്തി. നല്ല കഴിവുണ്ടായിട്ടും, ഒരു കൈത്താങ്ങുണ്ടായാല്‍ വലിയ നിലയിലേക്ക് എത്താന്‍ കഴിവുള്ള കുട്ടികളെ കണ്ടുപിടിച്ച് അവര്‍ക്ക് സ്‌കൂള്‍ സമയത്തിന് ശേഷവും പ്രത്യേക ക്ലാസുകള്‍ എടുത്ത് നല്ല മാര്‍ക്കില്‍ പത്താം ക്ലാസില്‍ വിജയം നേടാന്‍ പര്യാപ്തമാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കളരിയില്‍ പഠിച്ചവര്‍ ഇന്ന് സാങ്കേതിക വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ഉദ്യോഗത്തിലും മറ്റും ജോലിചെയ്യുന്നു. വിജയശേഖരന്‍ മാഷിന്റെ ശിഷ്യന്മാര്‍ ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും ജോലിനോക്കുന്നു. 350ലധികം എന്‍ജിനിയര്‍മാരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിന്റെ കഠിനപരിശ്രമം മൂലം കഴിഞ്ഞിട്ടുണ്ട്. പെരുമാട്ടി, പട്ടഞ്ചേരി, വടവന്നൂര്‍, മുതലമട തുടങ്ങിയ പഞ്ചായത്തുകളില്‍ ഒരോ എന്‍ജിനിയര്‍മാരുടെ ഗ്രാമം രൂപപ്പെടുത്തിയെടുത്താനും അദ്ദേഹത്തിന് സാധിച്ചു.
ആദിവാസി ഊരുകളിലേക്ക്
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരത വളരെയധികം കൂടുതലുള്ള സംസ്ഥാനമാണല്ലോ കേരളം. എന്നാല്‍ ഇവിടുത്തെ ആദിവാസി മേഖലയിലെ നല്ലൊരു ശതമാനം കുട്ടികളും വിദ്യാഭ്യാസമില്ലാത്തവരാണ്. പഠിക്കുവാനോ വിദ്യാലയങ്ങളില്‍ പോകുവാനോ അവര്‍ താല്‍പ്പര്യപ്പെടാറില്ല. അവര്‍ക്ക് അതിനുള്ള സാഹചര്യമില്ലെന്നതു തന്നെ കാരണം. മാതാപിതാക്കള്‍ക്ക് ഇതേപ്പറ്റി അവബോധവുമില്ല. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ മേന്മകളെകുറിച്ചും ഭൂരിഭാഗം കുട്ടികളും ബോധവാന്മാരല്ല. കാപ്പിത്തോട്ടങ്ങളിലും വയലുകളിലും മറ്റും ജീവിതം സമര്‍പ്പിച്ച്, ബാലപാഠത്തിന്റെ ആവിഷ്‌കാരമായി നാടന്‍ പാട്ടുകളും കൈതുടിതാളങ്ങളും പഠിച്ച് അവര്‍ വിദ്യാഭ്യാസ ലക്ഷ്യത്തെ സാധൂകരിക്കുകയായിരുന്നു.
ഇന്ന് ആദിവാസി മേഖലയില്‍ 80 ശതമാനം കുട്ടികളും വിദ്യാലയങ്ങളിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും ഇതില്‍ 20 ശതമാനം പേര്‍ പാതിവഴിയില്‍ നിര്‍ത്തിപ്പോവുന്നു. ഇതറിഞ്ഞ വിജയശേഖരന്‍ മാഷ് അറിവാണ് സമ്പത്ത് എന്ന തിരിച്ചറിവുണ്ടാക്കാന്‍ ആദിവാസി ഊരുകളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അവധിക്കാലത്തും
കുട്ടികളോടൊപ്പം
വണ്ടിത്താവളം സ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോഴാണ് വാളയാര്‍ നടുപ്പതിയിലെ ട്രൈബല്‍ വെല്‍ഫെയര്‍ ഹോസ്റ്റല്‍ ഇവിടേക്ക് മാറ്റുന്നത്. ഇവിടത്തെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മാഷ് അവര്‍ക്ക് സൗജന്യ പരിശീലനം നല്‍കാന്‍ മുന്നോട്ടുവന്നു. പിന്നീട് 1990 ല്‍ ഹോസ്റ്റല്‍ പട്ടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയുണ്ടായിരുന്ന കുട്ടികളില്‍ അധികവും പറമ്പിക്കുളത്തേയും നടുപ്പതിയിലേയും ആദിവാസി ഊരുകളില്‍ നിന്നുള്ളവരായിരുന്നു. ആദിവാസി കുട്ടികള്‍ പഠനത്തില്‍ പിന്നോക്കമായിരുന്നതിനാല്‍ വൈകിട്ട് സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ കുട്ടികളോടൊപ്പം ബസില്‍ മാഷും ഹോസ്റ്റലില്‍ എത്തി. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാല്‍ പലരും മറ്റു കുട്ടികളെക്കാള്‍ നന്നായി പഠിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയപ്പോള്‍, കണക്കിലും മറ്റു ശാസ്ത്ര വിഷയങ്ങളിലും ക്ലാസുകള്‍ നല്‍കി. സ്‌കൂള്‍ അവധിക്കാലങ്ങളില്‍ മാഷും കൂട്ടുകാരും ആദിവാസി കുട്ടികളുടെ വീടുകളിലെത്തി. അവരോടൊപ്പം ദിവസങ്ങളോളം താമസിച്ച് വീട്ടുകാരുമായി സൗഹൃദമുണ്ടാക്കി, അതിനു കാരണവുമുണ്ടായിരുന്നു. ഒരു അവധിക്കാലത്തും വീട്ടില്‍ പോയ കുട്ടികള്‍ സ്‌കൂള്‍ തുറന്നപ്പോള്‍ ഹോസ്റ്റലിലേക്ക് എത്തിയില്ല. അന്വേഷിച്ചപ്പോള്‍ കുട്ടികളില്‍ ചിലര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ താല്‍പ്പര്യമില്ലാത്ത അവസ്ഥ. അങ്ങനെ അവധിയുള്ള രണ്ടു ദിവസം പറമ്പിക്കുളത്തെ പൂപ്പാറ ആദിവാസി കോളനിയിലേക്കു മാഷും രണ്ടു കൂട്ടുകാരും 14 കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചെത്തി. രക്ഷിതാക്കളെ പറഞ്ഞു മനസിലാക്കി കുട്ടികളുമായി സ്‌കൂളിലേക്ക് തിരിച്ചെത്തി.
ഇതിനെത്തുടര്‍ന്ന് 1994 ഏപ്രില്‍ മാസത്തിലെ അവധിക്കാലത്ത് രണ്ടു മാസം നീളുന്ന പഠനശിബിരം പറമ്പിക്കുളത്ത് സംഘടിപ്പിച്ചു. ചിറ്റൂര്‍ കോളജിലെയും, എന്‍ജിനിയറിങ് കോളജിലെയും അമ്പതോളം വിദ്യാര്‍ഥികളും ശിഷ്യന്മാരും ചേര്‍ന്ന് ക്യാംപ് വന്‍ വിജയമാക്കി. ആദിവാസി കുടുംബങ്ങളുടെ പിന്തുണ കിട്ടിയതോടെ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും അയിലൂരും വാളയാറിലുമൊക്കെയുള്ള ആദിവാസി ഊരുകളിലെത്തി. പാതിയില്‍ പഠനം നിര്‍ത്തിയ കുട്ടികളെ കണ്ടെത്തുകയും അവര്‍ക്ക് തുടര്‍പഠന സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇതിലൂടെ കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ താല്‍പ്പര്യപ്പെട്ട് ഹോസ്റ്റലിലും മറ്റും എത്തി. പിന്നീട് ഇത് വിപുലപ്പെടുത്താന്‍ മാഷ് തീരുമാനിച്ചു. സുഹൃത്തായ കെ. ശിവരാമനും മാഷിന്റെ ശിഷ്യന്മാരും കൈകോര്‍ത്തു.
350 ലധികം എന്‍ജിനീയര്‍മാരെ സൃഷ്ടിക്കാനായി
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ആദിവാസി ദലിത് മറ്റു പിന്നാക്കജാതിയില്‍ പെട്ടവര്‍ക്ക് നാല്‍പ്പത് വര്‍ഷത്തിലേറെയായി സൗജന്യട്യൂഷനും എന്‍ട്രന്‍സ് കടമ്പ കടക്കാന്‍ പരിശീലനവും നല്‍കികൊണ്ടിക്കുന്നു. 350ലധികം എന്‍ജിനിയര്‍മാരെയാണ് ഇതിനകം വാര്‍ത്തെടുത്തത്. ഇവരെല്ലാം ഇന്ത്യയിലും വിദേശത്തുമായി ഉന്നത ഉദ്യോഗസ്ഥരായി ജോലിചെയ്തു വരികയാണ്. സാമ്പത്തിക ശേഷിയില്ലാത്ത, ആദിവാസികളുള്‍പ്പെടെയുള്ള 300 ലധികം കുട്ടികള്‍ ഇപ്പോള്‍ സൗജന്യ പഠനത്തിനായി മാഷിന്റെ ശിഷ്യര്‍ ഗുരുദക്ഷിണയായി പണിത് നല്‍കിയ കരിപ്പാലിയിലെ പഠനവീട്ടില്‍ എത്തുന്നുണ്ട്. 100 കുട്ടികള്‍ തൃശ്ശൂരിലെ പി.സി തോമസിന്റെ പരിശീലന കേന്ദ്രത്തില്‍ സൗജന്യമായി പരിശീലനം നേടുന്നുമുണ്ട്. ഒരു പൈസപോലും പ്രതിഫലം പറ്റാതെയും നിര്‍ധനരായ വിദ്യാര്‍ഥികളെ അങ്ങോട്ട് സഹായിച്ചും 70 കാരനായവിജയന്‍ മാഷ് ഇന്നും കര്‍മനിരതനാണ്.
എന്‍ജിനിയര്‍മാരുടെ ഗ്രാമങ്ങള്‍
വിദ്യാഭ്യാസപരമായി വളരെ പിന്നാക്കമുള്ള പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളില്‍ മാത്രം നൂറിലേറെ എന്‍ജിനിയര്‍മാരെ സൃഷ്ടിക്കാന്‍ മാഷിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആദിവാസി മേഖലയായ അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി എന്നിവിടങ്ങളിലുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സ്‌പെഷ്യല്‍ കോച്ചിങ് നല്‍കിവരുന്നുമുണ്ട്. പ്രായം തളര്‍ത്താത്ത മാഷ്, അവധിക്കാലങ്ങളില്‍ ആദിവാസി മേഖലകളിലുള്ള കുട്ടികളെ കണ്ടെത്താന്‍ യാത്ര ചെയ്യുന്നു. മാഷിന്റെസേവന സന്നദ്ധത കണ്ടറിഞ്ഞാണ് പി.സി തോമസ് കുട്ടികള്‍ക്ക് സൗജന്യമായി കോച്ചിങ് നല്‍കാന്‍ താല്‍പ്പര്യപ്പെട്ടത്. പാലക്കാട്ടെ അക്ഷര ഫൗണ്ടേഷന്‍ സഹായിക്കുന്നുമുണ്ട്. ജോലിയിലുള്ള പഴയ ശിഷ്യന്മാര്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ രണ്ടുനില കെട്ടിടം നിര്‍മിച്ച് നല്‍കി. ഇവിടെ ഒരു റഫറന്‍സ് ലൈബ്രറി ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മാഷും കൂട്ടുകാരും.
കേരളത്തില്‍ ടി.വികളും കംപ്യൂട്ടറുകളും പ്രചാരത്തിലെത്തുന്നതിനു മുന്‍പ് വിദേശങ്ങളില്‍ നിന്നു ടി.വിയും കംപ്യൂട്ടറുകളും എത്തിച്ചു കുട്ടികള്‍ക്ക് പരിശീലനത്തിന് തുറന്നുകൊടുത്തിരുന്നു വിജയശേഖരന്‍ മാഷ്. വിദേശത്തെ സുഹൃത്തുക്കള്‍ വഴിയും ശിഷ്യന്മാരില്‍ നിന്നുമാണ് കംപ്യൂട്ടറുകള്‍ എത്തിച്ചിരുന്നത്.
പൂവണിഞ്ഞ മോഹം
ഒരു ആദിവാസി കുട്ടിയെയെങ്കിലും എം. ടെക്കിന് പഠിപ്പിക്കണമെന്ന ചിരകാല സ്വപ്‌നം സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ മാഷും കൂട്ടുകാരും. അട്ടപ്പാടി കോട്ടത്തറ കല്‍ക്കണ്ടിയൂരിലെ മാക്കുലന്‍- സാവിത്രി ദമ്പതികളുടെ മകന്‍ കൃഷ്ണദാസിനെയാണ് ഇതിനു തെരഞ്ഞെടുത്തത്. അഞ്ചാം ക്ലാസ് മുതല്‍ പട്ടഞ്ചേരി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാനെത്തിയ കൃഷ്ണദാസ്, പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നു. എന്നാല്‍ മാഷ് കൃഷ്ണദാസിനെ പ്രത്യേക പരിശീലനത്തിലൂടെ പ്ലസ് ടു വരെയും, പിന്നീട് എന്‍ട്രന്‍സ് കോച്ചിങ്ങിലൂടെ അകത്തേത്തറ എന്‍ജിനിയറിങ് കോളജിലും പഠിപ്പിച്ചു. ഗേറ്റ് പരീക്ഷ എഴുതിപ്പിച്ച് അവിടെയും വിജയക്കൊടി പാറിച്ച കൃഷ്ണദാസിന് പാലക്കാട് ഐ.ഐ.ടിയില്‍ എം ടെക്കിന് പ്രവേശനം ലഭിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ കൃഷ്ണദാസിനെ പട്ടഞ്ചേരി ചേരിങ്കലിലെ വീട്ടില്‍ താമസിപ്പിച്ചാണ് പഠിപ്പിച്ചത്. സമാനമായി മാഷിന്റെ കളരിയില്‍ പഠിച്ചിറങ്ങിയ മുപ്പതിലധികം ആദിവാസി കുട്ടികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലും മറ്റുമായി ജോലി ചെയ്യുന്നുണ്ട്.
വീടൊരു പഠനാലയം
കര്‍ഷകനായ പട്ടഞ്ചേരി ചേരിങ്കല്‍ പത്തായക്കളം കൃഷ്ണപ്പന്‍കുഞ്ച ദമ്പതികളുടെ മകനാണ് വിജയശേഖരന്‍ മാഷ്. കണ്ണൂര്‍ സ്വദേശിനി കെ. സരസ്വതിയാണ് ഭാര്യ. ഏക മകന്‍ സിവി.
1973ല്‍ വണ്ടിത്താവളം കെ.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച് 2005ല്‍ പ്രിന്‍സിപ്പലായാണ് പിരിഞ്ഞത്. സ്‌കൂളില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ഥികളുടെ ആത്മമിത്രമായിരുന്നു. പഠിക്കാന്‍ മനസുള്ള കുട്ടികളോടൊപ്പം ചങ്ങാതിമാരെപോലെ ബെഞ്ചിലിരുന്നു പറഞ്ഞുകൊടുക്കും. അതുകൊണ്ടുതന്നെ മാഷിനെ 'വിജയേട്ടന്‍' എന്നാണ് വിദ്യാര്‍ഥികള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. കുട്ടികള്‍ക്ക് കീറാമുട്ടിയായിരുന്ന കണക്കും ഉര്‍ജ്ജതന്ത്രവുമാണ് മാഷ് കൂടുതലും പഠിപ്പിച്ചിരുന്നത്.
ഒരു ഇലക്‌ട്രോണിക് പാഠശാല കൂടിയാണ് ഇന്ന് മാഷിന്റെ വീട്. ആദ്യമാദ്യം ഉപയോഗിച്ചിരുന്ന മിനി കംപ്യൂട്ടര്‍, കാല്‍ക്കുലേറ്റര്‍, ടേപ്പ് റെക്കോര്‍ഡര്‍, മ്യൂസിക് ആല്‍ബം, വീഡിയോ ആല്‍ബം എന്നിവയുടെ ശേഖരവും നിധിപോലെ സൂക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."