HOME
DETAILS

ഖുദാ ബഖ്ഷ് ഓറിയന്റല്‍ ലൈബ്രറി അക്ഷരങ്ങള്‍ കൊണ്ടൊരു മഹാത്ഭുതം

  
backup
September 20 2020 | 00:09 AM

%e0%b4%96%e0%b5%81%e0%b4%a6%e0%b4%be-%e0%b4%ac%e0%b4%96%e0%b5%8d%e0%b4%b7%e0%b5%8d-%e0%b4%93%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88

ലോകത്തെ സപ്തമഹാത്ഭുതങ്ങളുടെ കൂട്ടത്തില്‍ ഒരത്ഭുതം കൂടി കൂട്ടിച്ചേര്‍ത്തു എട്ടാക്കണം'- പ്രമുഖ ഉര്‍ദു കവി ശമീം കാകൂരി അങ്ങനെ നിര്‍ദേശിച്ച കാര്യം ഉദ്ധരിച്ചാണ് അറബ് എഴുത്തുകാരന്‍ അഹ്മദ് ഫര്‍ഹാത് തന്റെ ഖുദാ ബഖ്ഷ് ലൈബ്രറി സന്ദര്‍ശന വിശേഷം രേഖപ്പെടുത്തുന്നത്.
ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയില്‍ സ്ഥിതി ചെയ്യുന്ന ഖുദാ ബഖ്ഷ് ഓറിയന്റല്‍ ലൈബ്രറിയാണ് ലോകാത്ഭുതങ്ങളിലൊന്നായി രേഖപ്പെടുത്തണമെന്ന് അതിന്റെ അത്യപൂര്‍വതയും നിസ്തുലാവസ്ഥയും അനുഭവിച്ചറിഞ്ഞവര്‍ അഭിപ്രായപ്പെടുന്നത്. അത്രയ്ക്ക് പുതുമകളും സവിശേഷതകളും ഒത്തുകൂടിയ ഒരു സാംസ്‌കാരിക കേന്ദ്രമാണത്.
2,82,904 നാല് അച്ചടി പുസ്തകങ്ങള്‍, 21,136 അപൂര്‍വ കയ്യെഴുത്തുരേഖകള്‍, മറ്റു ജേര്‍ണലുകള്‍, ന്യൂസ് പേപ്പറുകള്‍, മാഗസിനകള്‍, സൗണ്ട് മ്യുസിക് റിക്കോര്‍ഡുകള്‍, മാപ്പുകള്‍, സ്റ്റാമ്പുകള്‍, ചിത്രരചനകള്‍, ഡാറ്റാ ബൈസുകള്‍ തുടങ്ങി 50 ലക്ഷത്തോളം ഇനങ്ങള്‍. കയ്യെഴുത്തു പ്രതികള്‍ പലതും ലോകത്തെവിടെയും ലഭ്യമല്ലാത്ത, അപൂര്‍വ പ്രതികളുടെ ശേഖരം. ഇത്തരമൊരു വൈജ്ഞാനിക ഖനി ലോകത്ത് മറ്റെവിടെയെങ്കിലും ആര്‍ക്കും ചൂണ്ടിക്കാട്ടുക എളുപ്പമല്ല. ആ നിലയ്ക്ക് ഒരു മഹാത്ഭുതമായി തന്നെ ഇതിനെ കാണണം.
1842 ഓഗസ്റ്റ് രണ്ടിന് ബിഹാറിലെ ചാപ്രയില്‍ മൗലവി മുഹമ്മദ് ബഖ്ഷിന്റെ പുത്രനായി ജനിച്ച ഖുദാ ബഖ്ഷ് ഖാനാണ് ഈ ഗ്രന്ഥാലയത്തിന് അടിത്തറ പാകിയത്. അതിലൂടെ രണ്ട് മൂല്യങ്ങളാണദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒന്ന് തന്റെ വന്ദ്യ പിതാവിനോടുള്ള അദമ്യമായ വിധേയത്വവും കടപ്പാടും. രണ്ട് വിജ്ഞാനത്തോടും അതിന്റെ അക്ഷയ ഖനികളായ ഗ്രന്ഥങ്ങളോടുമുള്ള അസാധാരണ പ്രണയവും സമര്‍പ്പണവും.

ലൈബ്രറിക്കായി സമര്‍പ്പിച്ച
പിതാവിന്റെ മകന്‍

പണ്ഡിതനും ഉന്നത അഭിഭാഷകനുമായിരുന്ന പിതാവിന്റെ കുടുംബം മുഗള്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങളില്‍ എഴുത്തുകാരും രേഖാ സൂക്ഷിപ്പുകാരുമായിരുന്നു. ഔറംഗസീബ് ആലംഗീര്‍ പ്രശസ്തമായ 'ഫതാവാ ആലംഗീരിയ' തയ്യാറാക്കാന്‍ ഏല്‍പ്പിച്ചിരുന്ന 25 പേരില്‍ ഇദ്ദേഹത്തിന്റെ പ്രപിതാമഹനുണ്ടായിരുന്നത്രെ. മുഹമ്മദ് ബഖ്ഷ് ജീവിതകാലത്ത് നേടിവച്ച പ്രധാന സമ്പാദ്യം താന്‍ ഏറെ കഷ്ടപ്പെട്ട് ശേഖരിച്ച 1400 ഓളം വരുന്ന അപൂര്‍വ കയ്യെഴുത്തുപ്രതികളും കൃതികളുമാണ്. 1876 ല്‍ അദ്ദേഹം രോഗശയ്യയിലായപ്പോള്‍ മകനെ വിളിച്ചു വസിയ്യത്ത് ചെയ്തു, ഈ ശേഖരം പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു ലൈബ്രറി സ്ഥാപിച്ച് അതിലേക്ക് മാറ്റണം. മകന്‍ ആ അന്ത്യാഭിലാഷം നിറവേറ്റിയെന്ന് മാത്രമല്ല, തന്റെ ജീവിതവും വരുമാനവും എല്ലാം അതിനായി സമര്‍പ്പിച്ചു, പിതൃ സ്‌നേഹത്തിന്റെയും അക്ഷര സ്‌നേഹത്തിന്റെയും പുതിയ ഗാഥകള്‍ വിരചിച്ചു.

ഖുദാ ബഖ്ഷ്
ജീവിത സഞ്ചാരം

ചെറുപ്പത്തില്‍ പാറ്റ്‌നയിലും കൊല്‍ക്കത്തയിലും പഠനം നടത്തിയ ഖുദാ ബഖ്ഷ്, പിതാവിന്റെ വഴിയേ അഭിഭാഷകനായി വക്കീല്‍ ജോലിയിലേക്ക് തന്നെയാണ് നീങ്ങിയത്. 1880ല്‍ പാറ്റ്‌നയില്‍ ഗവ. പ്ലീഡറായി നിയമിതനായ ഖുദാ ബഖ്ഷ് പൊതുജന സേവനത്തില്‍ വലിയ ഉത്സാഹവും ആഭിമുഖ്യവും കാണിച്ചു. തന്റെ അസാധാരണമായ ഈ സേവന തല്‍പ്പരത ഒരു വര്‍ഷം കൊണ്ടുതന്നെ അദ്ദേഹത്തിന് 'ഖാന്‍ ബഹദൂര്‍' എന്ന സ്ഥാനപ്പേര് നേടിക്കൊടുത്തു. തുടര്‍ന്നും വിവിധ സ്ഥാനമാനങ്ങളും കീര്‍ത്തി മുദ്രകളും അദ്ദേഹത്തെ തേടിയെത്തി. 1895ല്‍ അദ്ദേഹം ഹൈദരാബാദില്‍ നൈസാം ഭരണത്തില്‍ അവിടത്തെ കോടതിയിലെ ചീഫ് ജസ്റ്റിസായി മൂന്ന് വര്‍ഷം സേവനം ചെയ്തു.


അതിനിടയില്‍ പിതാവിന്റെ സ്വപ്‌ന സാക്ഷാത്കാരം വ്രതമായെടുത്ത അദ്ദേഹം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അറബ് പേര്‍ഷ്യന്‍ നാടുകളില്‍ നിന്നും ധാരാളം പുരാതന കൃതികളും കയ്യെഴുത്തുരേഖകളും സംഘടിപ്പിച്ചുകൊണ്ടിരുന്നു. തന്റെ വരുമാനത്തിന്റെ പ്രധാന ഭാഗം ഇതിന് വേണ്ടിയാണ് നീക്കിവച്ചത്. അങ്ങനെ 1888 ല്‍ 80,000 രൂപ ചെലവില്‍ ഒരു ഇരുനില കെട്ടിടം പണിതു അതുവരെ ശേഖരിച്ച 4000 ലധികം വരുന്ന പുസ്തകങ്ങളും മറ്റു കയ്യെഴുത്തു പ്രതികളും അതിലേക്ക് മാറ്റി. 1891 ഒക്ടോബര്‍ 29 നാണ് ഔദ്യോഗികമായി ഓറിയന്റല്‍ പബ്ലിക് ലൈബ്രറി എന്ന പേരില്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ബംഗാള്‍ ഗവര്‍ണറായിരുന്ന ചാള്‍സ് ആല്‍ഫ്രെഡ് എലിയറ്റാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഇതിനായി ബംഗാള്‍ ഗവര്‍മെന്റ് ട്രസ്റ്റിയായി ഒരു ട്രസ്റ്റും രൂപികരിച്ചു. അറബിക്, ഉര്‍ദു, പേര്‍ഷ്യന്‍, തുര്‍ക്കി, ഇംഗ്ലീഷ് ഭാഷകളിലുള്ള കൃതികളാണ് ഇവിടെ ശേഖരിക്കപ്പെട്ടത്.


ആദ്യം ഓറിയന്റല്‍ പബ്ലിക് ലൈബ്രറിയെന്നാണ് നാമകരണം ചെയ്തിരുന്നതെങ്കിലും സ്ഥാപകന്റെ ത്യാഗവും സമര്‍പ്പണവും അറിയാവുന്ന ജനങ്ങള്‍ അതിന്റെ മുന്‍പില്‍ ഖുദാ ബഖ്ഷ് എന്ന് ചേര്‍ത്തു മാത്രം പറയാന്‍ തുടങ്ങി. അങ്ങനെ ഔദ്യോഗിക രേഖകളിലും ആ പേരു തന്നെ പതിഞ്ഞു. കയ്യിലുള്ളതെല്ലാം ലൈബ്രറിയുടെ അഭിവൃദ്ധിക്ക് വേണ്ടി ചെലവഴിച്ച ഖുദാ ബഖ്ഷ്, ഒടുവില്‍ ചികിത്സയ്ക്ക് പോലും കാശില്ലാതെ കടക്കാരനായി മാറി. ഇതറിഞ്ഞ സര്‍ക്കാര്‍ അദ്ദേഹത്തിന് 8000 രൂപ ഗ്രാന്റ് നല്‍കി സഹായിച്ചു. പിന്നിട് ലൈബ്രറിയില്‍ ഒരു സെക്രട്ടറിയുടെ പോസ്റ്റില്‍ നിയമിച്ച് മാസാന്തം ചെറിയ വേതനം നല്‍കി വന്നു. വിവിധ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം 1908 ഓഗസ്റ്റ് മൂന്നിന് 66-ാം വയസില്‍ അന്തരിച്ചു. ലൈബ്രറിയുടെ കോമ്പൗണ്ടിനകത്തു തന്നെയാണദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

പ്രലോഭനങ്ങള്‍ക്ക്
വഴങ്ങാതെ

അദ്ദേഹത്തിന്റെ ജീവിതാന്ത്യകാലത്ത് ഈ ഗ്രന്ഥശേഖരത്തെ കുറിച്ചറിഞ്ഞ ബ്രിട്ടിഷ് സെന്‍ട്രല്‍ ലൈബ്രറിയടക്കമുള്ള യൂറോപ്യന്‍ സ്ഥാപനങ്ങള്‍ ഈ ഗ്രന്ഥശേഖരം സ്വന്തമാക്കാനായി വമ്പിച്ച തുക പ്രതിഫലം വാഗ്ദാനം ചെയ്തു ഖുദാ ബഖ്ഷിനെ സമീപിച്ചിരുന്നു. അദ്ദേഹം സാമ്പത്തികമായി ഏറെ ഞെരുക്കത്തില്‍ കഴിയുന്ന സമയത്താണവര്‍ ഓഫറുമായി വന്നത്. പക്ഷെ, അദ്ദേഹം അവരോട് പ്രതികരിച്ചതിങ്ങനെയാണ്. 'നിങ്ങള്‍ക്ക് എത്ര തുക വേണമെങ്കിലും തരാന്‍ കഴിയും. ഞങ്ങള്‍ സാമ്പത്തിക പ്രയാസത്തിലുമാണ്. പക്ഷെ, ഇത് ഞാനും എന്റെ പിതാവും ചോരയും നീരും ഒഴുക്കി ശേഖരിച്ച ഞങ്ങളുടെ പൈതൃകമാണ്. എന്തുവന്നാലും ഇത് ഞങ്ങളുടെ മണ്ണില്‍ തന്നെ ഞങ്ങളുടെ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ ഇവിടത്തെ തന്നെ സൂക്ഷിക്കും.'


തന്റെ കാലശേഷം മക്കളും മറ്റും നോക്കി നടത്തിയിരുന്ന ലൈബ്രറി, ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ കേന്ദ്ര ഗവര്‍മെന്റിന്റെ പൈതൃക സ്വത്തായി മാറി. സുപ്രധാന പൈതൃക കേന്ദ്രമായി മാറിയ ഈ സ്ഥാപനം 1969ല്‍ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്റെ താല്‍പ്പര്യപ്രകാരം പാര്‍ലമെന്റില്‍ പ്രത്യേക ബില്‍ പാസാക്കി ഇതിനായി വിനോദ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക ബോഡിയുണ്ടാക്കി.

അത്യപൂര്‍വ്വ ശേഖരങ്ങള്‍

ഓരോ വര്‍ഷവും പത്ത് ലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഈ സമുച്ചയം കേവലം ഗ്രന്ഥാലയം മാത്രമല്ല. വര്‍ഷന്തോറും വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന ഒരു ബൗദ്ധിക കേന്ദ്രം കൂടിയാണ്. പുരാതന കാലത്തെ പനയോലകളിലും ശീലക്കഷ്ണങ്ങളിലും മൃഗങ്ങളുടെ തോലുകളിലും മറ്റു പദാര്‍ത്ഥങ്ങളിലും സൂക്ഷിപ്പെടുന്ന രേഖകളും ഈ ശേഖരത്തിലുണ്ട്. പുരാതന കാലത്തെ ലോകത്ത് മറ്റൊരിടത്തും ലഭ്യമല്ലാത്ത അത്യപൂര്‍വ രേഖകളും ഇവിടെ സൂക്ഷിക്കപ്പെടുന്നുണ്ട്.


അതില്‍ ശ്രദ്ധേയമായ ഒന്നാണ് പ്രശസ്ത പേര്‍ഷ്യന്‍ കവി ഹാഫിള് ശീറാസിയുടെ കാവ്യ സമാഹാരം. മുഗള്‍ കൊട്ടാരത്തിലെ റോയല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന, ജഹാംഗീറും ഷാജഹാനുമൊക്കെ വായിച്ചാസ്വദിച്ചിരുന്ന കോപ്പി ഇവിടത്തെ ശേഖരത്തിലുണ്ട്. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടില്‍ യവന ഭാഷയില്‍ വിരചിതമായി ആറാം നൂറ്റാണ്ടിന് ശേഷം ബഗ്ദാദില്‍ വച്ച് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട 'കിതാബുല്‍ ഹശായിശ് ഫിത്വിബ്ബ്' എന്ന കൃതിയുടെ ലഭ്യമായ ഏക കോപ്പിയാണിവിടെയുള്ളത്. 'തൈമൂര്‍ വംശത്തിന്റെ ചരിത്രം' എന്ന കൃതി 123 പേജുകളിലായി അന്നത്തെ കൊട്ടാര ചിത്രകാരന്‍മാര്‍ പകര്‍ത്തിവച്ച പലകകളും ഇവിടെ കാണാം.


വൈദ്യം, തത്വജ്ഞാനം, ഗോള ശാസ്ത്രം, സമുദ്ര വിജ്ഞാനം, ഗണിതം, രസതന്ത്രം, ചരിത്രം, മതങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, കഥകള്‍, നോവലുകള്‍, കവിതകള്‍ തുടങ്ങി ലോകത്തിന് പരിചിതമായ മിക്ക വിഷയങ്ങളിലും രചിക്കപ്പെട്ട ആധികാരിക കൃതികള്‍ ഇവിടെ കണ്ടെത്താം. വിശുദ്ധ ഖുര്‍ആന്റെ മൂന്ന് അപൂര്‍വ പ്രതികള്‍ അവിടെ ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. അതിലൊന്ന് ഏഴാം നൂറ്റാണ്ടില്‍ അറബി കയ്യെഴുത്തിലെ ഖത്തുന്നസ്ഖിന്റെ വിധാതാവായ യാഖൂതുല്‍ മുഅതസ്വിമി സ്വന്തം കൈപ്പട കൊണ്ടെഴുതിയ കോപ്പിയാണ്. ഓരോ പേജിലും മൂന്ന് രീതികളിലാണ് എഴുതപ്പെട്ടിരിക്കുന്നത് ഖത്ത് നസ്ഖ്, ഖത്ത് സുലുസ്, ഖത്ത് റൈഹാനി. ഓരോ വരിയെയും വലയം ചെയ്തു മൂന്ന് വരകള്‍, ചുവപ്പ്, നീല, മഞ്ഞ നിറങ്ങളില്‍. ഒപ്പം ടിപ്പണികളില്‍ വേറെയും മനോഹരമായ ചിത്രപ്പണികള്‍. 668ല്‍ അദ്ദേഹം തന്നെ പകര്‍ത്തിയെഴുതി സീല്‍ ചെയ്ത കോപ്പിയാണിത്.
ഹിജ്‌റ 911 ല്‍ പേര്‍ഷ്യന്‍ ലിപിയില്‍ പകര്‍ത്തിയെഴുതിയ, വിവിധ ചിത്രപ്പണികളോട് കൂടിയ, മൂന്നു വാള്യങ്ങളിലുള്ള ഹദീസ് ഗ്രന്ഥം, മുസ്‌നദ് അബി അവാനയുടെ വിവിധ നൂറ്റാണ്ടുകളിലെ പണ്ഡിതര്‍ ഉപയോഗിച്ച് അടയാളപ്പെടുത്തിയ കോപ്പി, അതേ ഗ്രന്ഥത്തിന്റെ 870ല്‍ ശംസുദ്ദീന്‍ അലാഉദ്ദിന്‍ ഖത്ത് നസ്ഖില്‍ തയ്യാറാക്കി ദമസ്‌കസിലെ റോയല്‍ ലൈബ്രറിക്ക് സമ്മാനിച്ച കോപ്പി, കൂടാതെ ഗണിതം, തര്‍ക്കശാസ്ത്രം, വ്യാകരണം, വിവരണശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പൂര്‍വകാല രചയിതാക്കളുടെ കൃതികള്‍.


ആറാം നൂറ്റാണ്ടിലെ അറബ് ഗണിത ശാസ്ത്രജ്ഞനായിരുന്ന അഹ്മദ് ബിന്‍ സാബിതിന്റെ ഗുന്‍യതുല്‍ ഹിസാബ്, അതുതന്നെ ഗോല്‍കുണ്ട രാജാവ് ഖുതുബ് ഷായുടെ സീലോടുകൂടിയത്, ഹിജ്‌റ 520 ല്‍ രചിച്ച അലി ഇബ്‌ന് സീനായുടെ കിതാബുല്‍ ഇര്‍ശാദാത്തിന്റെ കയ്യെഴുത്തു കോപ്പി, ഏഴാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതരിലൊരാളായ ശംസുദീന്‍ മുഹമ്മദ് അല്‍ സമര്‍ഖന്ദിയുടെ കിതാബുല്‍ ഖിര്‍ഥാസ് ഫില്‍ മന്‍ത്വിഖ്, (ഇതിന്റെ മറ്റൊരു കോപ്പി ബെര്‍ലിന്‍ ലൈബ്രറിയില്‍ മാത്രമാണുള്ളത്), നസീറുദീന്‍ ഥൂസിയുടെ നിഹായതുല്‍ ഇദ്‌റാക് തുടങ്ങി അനേകം കയ്യെഴുത്തു പ്രതികള്‍.
ഇബ്‌നു റജബില്‍ ഹമ്പലിയുടെ കിതാബു ലഥായിഫ്, ഇമാം സഖാവിയുടെ അല്‍ ഖൗലുല്‍ ബാദി, ഇമാം ഖുശൈരിയുടെ അര്‍രിസാലതുല്‍ ഖുശൈരിയ്യാ, അബൂത്വാലി ബില്‍ മക്കിയുടെ ഖൂതുല്‍ ഖുലൂബ് തുടങ്ങിയവയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോപ്പികളും സൂക്ഷിക്കപ്പെടുന്നു.


ഇതിനുപുറമെ, പോയ കാലത്തിന്റെ വൈജ്ഞാനിക ചിഹ്നങ്ങളായി പ്രമുഖ കവിയും ഗോളശാസ്ത്രജ്ഞനും തത്വജ്ഞാനിയുമായ ഉമര്‍ ഖയ്യാമിന്റെ ഗ്ലോബും കാലം നിര്‍ണയിക്കപ്പെടാത്ത പുരാതനകാലത്തെ ചെമ്പ് കൊണ്ടുള്ള ശസ്ത്രക്രിയ ഉപകരണങ്ങളും ഖുദാബഖ്ഷ് ലൈബ്രറിയുടെ അലങ്കാരങ്ങളില്‍ ചിലതാണ്.
1953 ല്‍ ലൈബ്രറി സന്ദര്‍ശിച്ച അന്നത്തെ പ്രാധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സന്ദര്‍ശക പുസ്തകത്തില്‍ എഴുതി. 'ഈ അറിവുകളെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു പുനരുല്‍പ്പാദിപ്പിക്കണം. അതുവഴി മറ്റുള്ളവരും ഇത് കാണുകയും ഈ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യാമല്ലോ.'

വിജ്ഞാന കുതുകികള്‍ക്ക് മുങ്ങിത്തപ്പാം

അന്നത്തെ സാഹചര്യത്തില്‍ കേവലം സ്വപ്‌നം മാത്രമായിരുന്ന അക്കാര്യം ഇപ്പോള്‍ അവിടെ യാഥാര്‍ഥ്യമായി. ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഇപ്പോള്‍ ഖുദാ ബഖ്ഷ് ലൈബ്രറി മുന്നോട്ടുപോകുന്നത്. ലൈബ്രറി കംപ്യൂട്ടര്‍വല്‍ക്കരിക്കയും ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് മാത്രമല്ല, അവിടെയുള്ള വിവരങ്ങള്‍ സ്വന്തമാക്കാനായി ഫോട്ടോ കോപ്പി, സ്‌കാനിങ്ങ്, ലേസര്‍ കളര്‍ പ്രിന്റിങ്ങ് തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. മാത്രമല്ല, ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും അവിടത്തെ കയ്യെഴുത്തു പ്രതികളെ ഇന്റര്‍നെറ്റ് വഴി സന്ദര്‍ശിക്കാനുള്ള സംവിധാനവും മൈക്രോ ഫിലിം മുഖേന ഒരുക്കിയിട്ടുണ്ട്. നേരില്‍ വന്നു അവിടത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നുള്ളവര്‍ക്ക് നാലു മാസം വരെ അവിടെ താമസിച്ച് റിസര്‍ച്ച് വര്‍ക്കുകള്‍ ചെയ്യാനുള്ള സജ്ജീകരണങ്ങളും അവര്‍ ഒരുക്കിക്കൊടുക്കുന്നു. ആവശ്യമുള്ള ഫോട്ടോ കോപ്പികളോ ലേസര്‍കോപ്പികളോ കൊണ്ടുപോകാനും സൗകര്യമുണ്ട്.


നാല്‍പ്പതിലധികം പ്രത്യേക പരിശീലനം ലഭിച്ച ജോലിക്കാര്‍ വിവിധ ചുമതലകളുമായി മുഴുസമയ ജോലിയിലുള്ള ലൈബ്രറിയില്‍ ത്രൈമാസികയായി ഓറിയന്റല്‍ ലൈബ്രറി ജേര്‍ണല്‍ പുറത്തിറക്കുന്നു. വിവിധ വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങളും റിസര്‍ച്ചിന് സഹായകമാകുന്ന പുരാതന പഠനങ്ങളും ലൈബ്രറിയിലെ സാഹിത്യ വൈജ്ഞാനിക വിശേഷങ്ങളും ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. ഇവിടെയുള്ള കൃതികളുടെ ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, ഹിന്ദി, ഫാര്‍സി ഭാഷകളിലുള്ള കാറ്റലോഗുകളും പ്രസിദ്ധീകരിക്കപ്പെടുന്നു. കൂടാതെ ഇവിടെയുള്ള കയ്യെഴുത്തുപ്രതികളുടെ വിവരങ്ങള്‍ അറബിയില്‍ നാല് വാള്യങ്ങളിലും ഫാര്‍സിയില്‍ അഞ്ച് വാള്യങ്ങളിലും ഉര്‍ദുവില്‍ ഒറ്റ വാള്യത്തിലും പുറത്തിറക്കിയിട്ടുണ്ട്.


ചുരുക്കത്തില്‍ പുരാതന മുസ്‌ലിം സംസ്‌കാരത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുത്ത്, ആഗോളതലത്തിലെ വൈജ്ഞാനിക ചലനങ്ങളുടെ നേര്‍സാക്ഷ്യമായി നിലകൊള്ളുന്ന ഖുദാ ബഖ്ഷ് ഓറിയന്റല്‍ ലൈബ്രറി, അക്ഷരങ്ങള്‍ തീര്‍ത്ത മഹാല്‍ഭുതമായി ഇന്ത്യയുടെ മണ്ണില്‍ അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago