പാമ്പ് പിടുത്തക്കാരനും കള്ളനും
ആ നാട്ടിലെ ഏറ്റവും സമര്‍ഥനായ പാമ്പ് പിടുത്തക്കാരന്‍ ആയിരുന്നു അയാള്‍. നല്ല ഒരു പാമ്പിനെ ആണ് അയാള്‍ അന്ന് പിടികൂടിയത്. പക്ഷേ എന്തു ഫലം?
പാമ്പിനെ കള്ളന്‍ കട്ടുകൊണ്ടുപോയി. രാവിലെ തന്നെ നല്ല കോളടിച്ച സന്തോഷത്തിലായിരുന്നു കള്ളന്‍. വില പിടിപ്പുള്ള പാമ്പിനെ ആണല്ലോ ചുളുവില്‍ താന്‍ അടിച്ചു മാറ്റിയിരിക്കുന്നത്.
പാമ്പ് പിടുത്തക്കാരന്‍ ആകെ ഖിന്നനായി. കള്ളനെ അയാള്‍ക്ക് അറിയാം.
കള്ളന്റെ വീടും അറിയാം. എങ്ങനെയെങ്കിലും പാമ്പിനെ തിരിച്ചു പിടിച്ചേ മതിയാവൂ. പല ഉപായങ്ങളും അതിനായി പാമ്പ് പിടുത്തക്കാരന്‍ മനസില്‍ കണ്ടു. ചന്തയില്‍ നല്ല വില കിട്ടാന്‍ സാധ്യതയുള്ള ഇനമാണ്. നഷ്ടപ്പെടുത്തരുത്. പാമ്പിനെ നഷ്ടപ്പെട്ടത് ഭാഗ്യമാണ് എന്ന് ആ സമയത്ത് പാമ്പ് പിടുത്തക്കാരന് അറിയുമായിരുന്നില്ല. പാമ്പിനെ തിരിച്ചു കിട്ടാന്‍ അയാള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.
കള്ളനെ കണ്ടുപിടിക്കുക എന്ന ഉദ്ദേശത്തോടെ പാമ്പ് പിടുത്തക്കാരന്‍ അങ്ങാടിയിലേക്ക് പുറപ്പെട്ടു.
ഏറെ ദൂരം നടക്കുന്നതിന് മുന്‍പേ അയാള്‍ക്ക് കള്ളനെ കാണാനായി. വഴിയരികില്‍ മരിച്ചു കിടക്കുകയായിരുന്നു. പാമ്പ് ഇഴഞ്ഞു പോയ അടയാളം കാണാനുണ്ട്.
'പാമ്പിനെ തിരിച്ചു കിട്ടാന്‍ ഞാന്‍ ജഗദീശ്വരനോട് മനമുരുകി പ്രാര്‍ഥിക്കുകയുണ്ടായി' പാമ്പ് പിടുത്തക്കാരന്‍ മനസില്‍ ഓര്‍ത്തു. 'എന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കാതിരുന്നത് എത്ര നന്നായി! എന്റെ പ്രാര്‍ഥന കേള്‍ക്കാത്ത ദൈവത്തിന് സ്‌തോത്രം!'
ഉഗ്ര വിഷമുള്ള പാമ്പ് ആയിരുന്നു അത്. അതിനെ വില്‍ക്കാന്‍ പറ്റുമായിരുന്നില്ല. ദൈവം നമ്മുടെ പല പ്രാര്‍ഥനകളും കേള്‍ക്കാറില്ല. നമ്മുടെ തന്നെ ഗുണത്തിന് വേണ്ടി ആകും അത്. ദൈവം കാരുണ്യവാനാണ്. നമുക്ക് ഹിതകരമല്ലാത്ത നമ്മുടെ പ്രാര്‍ഥനകള്‍ അവന്‍ കേള്‍ക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."