മേപ്പയ്യൂരില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂരും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പനയും കൗമാരക്കാരായ വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ച് ലഹരിക്കച്ചവടം വിപുലീകരിക്കുകയും ചെയ്യുന്ന ലഹരി മാഫിയയുടെ തന്ത്രമാണ് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നത്. രണ്ട് സമാന്തര കോളജുകളും പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, പ്ലസ്ടു എന്നിവിടങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മേപ്പയൂരില്‍ എത്തുന്നത്.
ഇക്കഴിഞ്ഞ ദിവസം അസി. എക്‌സൈസ് കമ്മിഷണര്‍ എം.എസ് വിജയന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ആന്റി നോര്‍ക്കാട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി നൊച്ചാട് കാവുള്ളാംവീട്ടില്‍ അന്‍വര്‍ സാദത്ത് (37) പിടിയിലായിരുന്നു. സംഘത്തെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
വലിയ അളവില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഈ മേഖലയില്‍ വില്‍ക്കുന്നുണ്ടെന്നാണ് ഈ അറസ്റ്റിലൂടെ വെളിവായിരിക്കുന്നത്. മേപ്പയൂരിന്റെ സമീപ പ്രദേശങ്ങളായ ചെറുവണ്ണൂര്‍ മുയിപ്പോത്ത്, ആവള, പേരാമ്പ്ര എന്നിവിടങ്ങളിലും വ്യാപകമായി ലഹരി വസ്തുക്കളുടെ വില്‍പന നടക്കുന്നുണ്ടെന്നാണ് രഹസ്യ പൊലിസിന്റെ റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളെ വലവീശിപ്പിടിച്ച് കൗതുകത്തിന് ലഹരി സൗജന്യമായി നല്‍കി പിന്നീട് പ്രലോഭനങ്ങള്‍ നല്‍കി സംശയമില്ലാതെ വില്‍പന നടത്താന്‍ കഴിയുന്ന കാരിയാര്‍മാരാക്കുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. നാടിനെ നശിപ്പിക്കുന്ന യുവത്വത്തെ വഴിതെറ്റിക്കുന്നു. ലഹരി മാഫിയയെ മുളയിലേ നുള്ളിക്കളിയാന്‍ യുവജന പ്രസ്ഥാനങ്ങളും പൊലിസും ശക്തമായി രംഗത്തിറങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."