മോദിക്കെതിരായ പോരാട്ടം 'ക്വിറ്റ് ഇന്ത്യാ സമരം' പോലെയെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരായ പോരാട്ടം സ്വാതന്ത്ര്യ സമരകാലത്ത് നടന്ന ക്വിറ്റ് ഇന്ത്യാ സമരം പോലെയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബ്രിട്ടീഷുകരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാനായിരുന്നു ക്വിറ്റ് ഇന്ത്യ സമരമെങ്കില്‍ ഇപ്പോഴുള്ള പോരാട്ടം മോദിയെന്ന ഫാസിസ്റ്റ് ശക്തിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാണെന്ന് മമത പറയുന്നു.
ദെബ്രയില് നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മമതയുടെ പ്രസ്താവന. നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകം തന്നെ ഇല്ലാതക്കുമെന്ന് മമത പറഞ്ഞു. ഇനിയൊരിക്കലും രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കില്ലെന്നും മമത പറഞ്ഞു.
'രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമാണ് സാഹചര്യം. ആര്‍ക്കും ഒന്നും സംസാരിക്കാനോ പ്രതികരിക്കാനോ സാധിക്കുന്നില്ല. മോദിയെ പേടിച്ച് ആര്‍ക്കും പൊതു സമൂഹത്തില്‍ സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ ഫാസിസവും ഭീകരവാദവും അവസാനിപ്പിക്കണം'- മമത ആവശ്യപ്പെട്ടു.
മഹാത്മ ഗാന്ധിയെപോലെ, നേതാജി സുഭാഷ് ചന്ദ്ര ബോസിനെ പോലെ, അംബേദ്കറിനെ പോലെ, രാജേന്ദ്ര പ്രസാദിനെ പോലെ സ്വാമി വിവേകാനന്ദനെ പോലെ ഉള്ള നേതാക്കന്മാരെയാണ് നമുക്ക് വേണ്ടത്. എന്നാല്‍ ബി.ജെ.പി സംസാരിക്കുന്നത് ഗാന്ധിജിക്ക് വേണ്ടിയാകില്ല നാഥൂറാം ഗോഡ്സേക്ക് വേണ്ടിയാകുമെന്നും മമത കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."