ചൂര്‍ണിക്കരയിലെ നിലം നികത്താന്‍ വ്യാജ ഉത്തരവിറക്കിയ സംഭവം: ഇടനിലക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
കൊച്ചി: എറണാകുളത്തെ ചൂര്‍ണിക്കരയിലെ നിലം നികത്താന്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ ഇടനിലക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.
തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കി മാറ്റാന്‍ അനുമതി നല്കുന്ന വ്യാജ ഉത്തരവിനെക്കുറിച്ച് വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടനിലക്കാരന് അബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് നിരവധി റവന്യൂ രേഖകള്‍ പിടിച്ചെടുത്തതായി വിജിലന്‍സ് സൂചന നല്കി. വിവാദ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചവയില്‍ ഇല്ലെന്നറിയുന്നു. ഇയാള്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതോടെയാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ ഇയാളുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കാനായിട്ടില്ല.
നേരത്തെ മന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
തൃശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ വീട്ടില്‍ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരില്‍ എറണാകുളം ചൂര്‍ണിക്കരയിലുള്ള 25 സെന്റ് സ്ഥലം തരം മാറ്റുന്നതിന് വേണ്ടിയാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. സംശയം തോന്നിയ ചൂര്‍ണിക്കര വില്ലേജ് ഓഫിസര്‍ ലാന്‍ഡ് റവന്യു കമ്മിഷണറേറ്റുമായി ബന്ധപ്പെടുകയും രേഖ വ്യാജമാണെന്ന് ഉറപ്പിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കമ്മിഷണറോടും ആര്.ഡി.ഒയോടും ഇക്കാര്യം അന്വേഷിക്കാനും പൊലിസില്‍ പരാതി നല്‍കാനും റവന്യുമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കുന്നത്തുനാട് വില്ലേജില്‍ നിലം നികത്തല്‍ പരാതിയുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തിന് എതിരായ ഉത്തരവ് ഉണ്ടോയെന്ന് പരിശോധന നടക്കുകയാണ്. 2008 ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം അനുസരിച്ചേ നിലം നികത്തല്‍ അനുമതി നല്‍കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."