HOME
DETAILS
MAL
ഇടുക്കിയില്‍ നാല് അണക്കെട്ടുകള്‍ തുറന്നു
backup
September 20 2020 | 02:09 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: മഴ ശക്തമായതോടെ ഇടുക്കിയില്‍ നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. നീരൊഴുക്ക് ശക്തമായതിനാലും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അണക്കെട്ടുകള്‍ തുറന്നത്. ലോവര്‍പെരിയാര്‍ (പാംബ്ല), കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഉയര്‍ത്തിയത്.
കല്ലാര്‍കുട്ടി രണ്ട്, കുണ്ടള രണ്ട്, ലോവര്‍പെരിയാര്‍ ഒന്ന്, മലങ്കര ആറ് എന്നിങ്ങനെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ വൈകിട്ട് 4 നാണ് മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകള്‍ 10 സെ. മീറ്റര്‍ വീതം ഉയര്‍ത്തിയത്. പ്രദേശത്ത് ഇന്നലെ പകല്‍ ശക്തമായ മഴ ലഭിച്ചിരുന്നു.
അണക്കെട്ടില്‍ ഇന്നലെ വൈകിട്ട് 4 ന് ജലനിരപ്പ് 40.28 മീറ്ററായി ഉയര്‍ന്നിരുന്നു. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് തൊടുപുഴയാറ്റിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 23.91 ഘന സെ. മീറ്ററാണ്. തൊടുപുഴ, മുവാറ്റുപുഴ ആറിന്റെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി അധികൃതര്‍ അറിയിച്ചു. കുണ്ടള ഡാം വെള്ളിയാഴ്ച വൈകിട്ടാണ് തുറന്നത്. ലോവര്‍പെരിയാര്‍ അണക്കെട്ട് ഇന്നലെ വൈകിട്ടും.
ഇടുക്കി അണക്കെട്ടില്‍ ഇന്നലെ രാത്രി ഏഴിലെ കണക്കനുസരിച്ച് ജലനിരപ്പ് 2379.68 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 73 ശതമാനമാണിത്. പദ്ധതി പ്രദേശത്ത് ഇന്നലെ സാമാന്യം നല്ല മഴ ലഭിച്ചു. മുല്ലപ്പെരിയാറില്‍ 125.75 അടിയാണ് ജലനിരപ്പ്. ജലനിരപ്പുയരുന്നതിനാല്‍ ചെറുകിട പദ്ധതികളിലെ വൈദ്യുതോത്പാദനം കെ.എസ്.ഇ.ബി ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."