HOME
DETAILS
MAL
വിവാദ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും
backup
September 20 2020 | 02:09 AM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലിനെ എതിര്‍ക്കാന്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ രാജ്യസഭയില്‍ ശിരോമണി അകാലിദളിന്റെ മൂന്ന് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും. 245 അംഗ രാജ്യസഭയില്‍ 130ലധികം അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഒന്‍പത് അണ്ണാ ഡി.എം.കെ, ഏഴ് ടി.ആര്‍.എസ്, ആറ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ലിനെ അനുകൂലിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ശിവസേനയും ബില്ലിനെ അനുകൂലിച്ചേക്കും. ബി.ജെ.പിക്ക് സ്വന്തമായി 86 അംഗങ്ങളാണുള്ളത്. 2003ലെ കാര്‍ഷികോല്‍പന്ന കമ്പോള സമിതി (ഏ.പി.എം.സി ആക്ട് ) നിയമത്തിലെ വ്യവസ്ഥകള്‍ പൊളിച്ചാണ് കാര്‍ഷികമേഖലയിലെ പരിഷ്‌കരണമെന്ന് അവകാശപ്പെട്ട് ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. സാധാരണക്കാരുടെ ആശ്രയമായ പരമ്പരാഗത ഗ്രാമച്ചന്ത സംവിധാനത്തെ തകര്‍ത്ത് വന്‍കിട കോര്‍പറേറ്റുകളുടെ റീട്ടെയില്‍ ശൃംഖലകള്‍ക്ക് വഴിയൊരുക്കാനാണ് ഈ ബില്ലുകള്‍ കൊണ്ടുവരുന്നതെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.
കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടുമെന്നും കരാര്‍ കൃഷിക്ക് ബില്ലുകള്‍ വഴിയൊരുക്കുമെന്നുമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ പറയുന്നത്. കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പന സ്ഥലം (കമ്പോളം), വ്യാപാരി, തര്‍ക്കപരിഹാരം എന്നിയെക്കുറിച്ചുള്ള ബില്ലിലെ നിര്‍വചനങ്ങളും വ്യവസ്ഥകളുമാണ് കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."