ജനാധിപത്യത്തിന്റെ തൂണുകളില്‍ ചിതലരിക്കുന്നുവോ?
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി പ്രസിഡന്റ് അമിത്ഷായും നിരന്തരമായി പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചിട്ടും അവര്‍ക്കെതിരേ നടപടിയെടുക്കാതിരിക്കുകയും എന്നാല്‍ നിസ്സാരമായ പിഴവുകള്‍ വരുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടികള്‍ക്കെതിരേ പ്രതിപക്ഷം ഒരിക്കല്‍കൂടി സുപ്രിംകോടതിയെ സമീപിച്ചുവെങ്കിലും അത് തള്ളിപ്പോയിരിക്കുകയാണ്.
നേരത്തെ ഇതേ പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി ഇവര്‍ക്കെതിരേയുള്ള പരാതികളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. അതു ഫലപ്രദമാകാത്തതിനാലായിരുന്നു വീണ്ടും കോടതിയെ കോണ്‍ഗ്രസ് സമീപിച്ചത്. എന്നാല്‍, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് റിവിഷന്‍ ഹരജി വിചാരണക്കെടുക്കാതെ തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിനകം 11 പരാതികളില്‍ തീര്‍പ്പുകല്‍പിച്ചിട്ടുണ്ടെന്നും ഏതൊരു പരാതി വന്നാലും തീര്‍പ്പുകല്‍പിക്കാന്‍ 31 ദിവസത്തെ സാവകാശം കമ്മിഷന് ഉണ്ടെന്നും കമ്മിഷന്‍ അതിന്റെ ജോലി യാഥാവിധി നിര്‍വഹിക്കുന്നുണ്ടെന്നുമാണ്. മോദിക്കും അമിത്ഷായ്ക്കും എതിരേ പ്രത്യേക പരാതിയുണ്ടെങ്കില്‍ റിട്ട് ഹരജി നല്‍കാമെന്നും കോടതി പറഞ്ഞിരിക്കുകയാണ്.
കമ്മിഷന്‍ തീരുമാനമെടുക്കുന്ന രീതിയെയായിരുന്നു കോണ്‍ഗ്രസിനു വേണ്ടി ഹരജി നല്‍കിയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാദേവ് ചോദ്യം ചെയ്തത്. മോദിക്കും അമിത്ഷായ്ക്കുമെതിരായ ഹരജി തള്ളിയെന്നല്ലാതെ എന്തുകൊണ്ട് തള്ളിയെന്ന് വ്യക്തമാക്കാന്‍ കമ്മിഷന്‍ തയാറാകുന്നില്ല എന്നത് സംബന്ധിച്ചായിരുന്നു ഹരജിയില്‍ പ്രധാനമായും ചോദ്യം ഉന്നയിച്ചത്. കമ്മിഷന്‍ രണ്ടുതരം തീരുമാനങ്ങളെടുക്കുന്നു. പല തീരുമാനങ്ങളിലും കമ്മിഷനിലെ ഒരംഗം വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ഈ കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നുമില്ല. ഈ വിവാദങ്ങളെല്ലാം വിചാരണയ്‌ക്കെടുക്കാതെ കോടതി തള്ളുകയായിരുന്നു.
50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന 21 പ്രതിപക്ഷ കക്ഷികളുടെ പുനരവലോകന ഹരജിയും സുപ്രിംകോടതി തള്ളിയിരിക്കുകയാണ്. വിവിപാറ്റ് എണ്ണാന്‍ കമ്മിഷന്‍ പറയുന്ന സമയദൈര്‍ഘ്യം യഥാര്‍ഥ്യമല്ലെന്നും അതിനാല്‍ മുപ്പതോ ഇരുപത്തിയഞ്ചോ ശതമാനമെങ്കിലും എണ്ണണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. നേരത്തെ അഞ്ചു ശതമാനം എണ്ണണമെന്ന സുപ്രിംകോടതി വിധി പുനര്‍വിചാരണയ്‌ക്കെടുക്കണമെന്ന ആവശ്യമായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ സുപ്രിംകോടതി മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗികാക്രമണ പരാതി അന്വേഷിച്ച ആഭ്യന്തര സമിതി പരാതി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകരും വനിതാ അഭിഭാഷകരും സുപ്രിംകോടതിക്കു മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. പൊലിസ് ഇടപെട്ട് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും സുപ്രിംകോടതിക്ക് ചുറ്റും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു.
ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമുണ്ടായ ഈ മൂന്ന് സംഭവങ്ങള്‍ നമ്മുടെ മതേതര ജനാധിപത്യ ഭരണഘടനയെക്കുറിച്ചുള്ള ഉല്‍കണ്ഠകളാണ് പൊതുസമൂഹത്തിനു നല്‍കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലു തൂണുകളിലാണ് ഇതുവഴി ചിതല്‍ കയറുന്നത്. ചീഫ് ജസ്റ്റിസ് നല്‍കിയ ക്ലീന്‍ചിറ്റിന്റെ പകര്‍പ്പ് കിട്ടിയേതീരൂവെന്ന് പരാതിക്കാരിയായ യുവതി ശഠിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ നെടും തൂണായ ജുഡീഷ്യറിയെക്കുറിച്ച് പൊതുസമൂഹത്തിന് സന്ദേഹങ്ങളുണ്ടാവുക സ്വാഭാവികം. ജുഡീഷ്യറി, നിയമനിര്‍മാണ സഭ, ഭരണ നിര്‍വഹണ സംവിധാനം, മാധ്യമങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍. എന്നാല്‍, ഈ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി ഭരണത്തില്‍ കടുത്ത നിലനില്‍പ്പു ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ബി.ജെ.പിയുടെ സ്വകാര്യ സൈന്യമായ ആര്‍.എസ്.എസിനെ ഉപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്തിയിരിക്കുകയാണെന്ന ആക്ഷേപം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. രാജവാഴ്ചയും പൗരോഹിത്യവും സാമ്രാജ്യത്വവും ഏകാധിപതികളും ഉയര്‍ത്തിവിട്ട എണ്ണമറ്റ വെല്ലുവിളികളെ തരണം ചെയ്താണ് ജനാധിപത്യം നിലയുറപ്പിച്ചതെങ്കില്‍ ഇന്നത്തെ ഇന്ത്യയില്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വരാഷ്ട്രവാദമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തൂണുകളെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശവും നിയമവാഴ്ചയുമാണ് ജനാധിപത്യത്തിന്റെ അടിവേരുകള്‍. ഇന്ത്യയില്‍ അവ ചീഞ്ഞുകൊണ്ടിരിക്കുന്നു.
ഇന്ത്യയെ ലോകത്ത് ശ്രദ്ധേയമായ രാഷ്ട്രമായി നിലനിര്‍ത്തിയത് രാജ്യത്തിന്റെ മഹത്തായ പൈതൃകവും മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും ഊന്നിനിന്നുകൊണ്ട് മുന്നോട്ടുള്ള പ്രയാണത്താലായിരുന്നു. ജനാധിപത്യത്തിലും മതേതരത്വത്തിലും അവിശ്വാസം പ്രകടിപ്പിക്കുന്ന കക്ഷിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഹിന്ദുരാഷ്ട്ര നിര്‍മിതി ലക്ഷ്യംവച്ചുള്ള ആര്‍.എസ്.എസ് നയരൂപീകരണമാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മതനിരപേക്ഷത, സാമൂഹികനീതി, ഫെഡറലിസം, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങിയതെല്ലാം ഇല്ലാതായിരിക്കുന്നു. ഇന്ത്യ എന്ന ആശയം ലോകത്തിനു മുന്‍പില്‍ നാം ഉയര്‍ത്തിപ്പിടിച്ചത് മതനിരപേക്ഷതയും തുല്യനീതിയും സമര്‍പ്പിച്ചായിരുന്നു. രാഷ്ട്രീയ വൈജാത്യങ്ങള്‍ ചേര്‍ന്ന ഒരു രാഷ്ട്രം ലോകനിലവാരത്തില്‍ മെച്ചപ്പെട്ട ജനാധിപത്യ ഘടനയോടു കൂടി നിലനില്‍ക്കുന്നു എന്നത് ആഗോളതലത്തില്‍ വിസ്മയത്തോടെയാണ് പല രാഷ്ട്രീയ നിരീക്ഷകരും നോക്കിക്കണ്ടത്.
ഗാന്ധിജിക്കും നെഹ്‌റുവിനും ശേഷം മതസൗഹാര്‍ദ രാഷ്ട്രീയം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകാതെ വന്നതിനാലാണ് ഹിന്ദുത്വ ശക്തികള്‍ ഇത്രമാത്രം ഇന്ത്യയില്‍ ശക്തിപ്രാപിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ അതുവഴി അവര്‍ക്കു കഴിഞ്ഞു.
ലോകനിലവാരത്തിലുള്ള പ്രധാന ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകളോടും നിയമവാഴ്ചയോടും മാധ്യമലോകത്തോടും കിടപിടിക്കാവുന്ന വിധത്തില്‍ തന്നെയായിരുന്നു അടുത്ത കാലംവരെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയും ഭരണഘടനാ സ്ഥാപനങ്ങളും മാധ്യമലോകവും. എന്നാല്‍, മോദി ഭരണത്തില്‍ ഇന്ന് ഇതെല്ലാം തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിര്‍ണായക ഘടനയായ പൊതുതെരഞ്ഞെടുപ്പു പോലും അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. സങ്കീര്‍ണവും അസാധാരണവുമായ ഒരു ചരിത്രപ്രക്രിയയിലൂടെയാണ് ഇന്ന് കാണുന്ന മതേതര ജനാധിപത്യ ഫെഡറല്‍ സംവിധാനം ഉരുത്തിരിഞ്ഞു വന്നത്. എന്നാല്‍, അതേപോലുള്ള വെല്ലുവിളികള്‍ ഇന്നും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്നുവെന്ന് വ്യക്തമാകുന്ന ഓരോരോ സംഭവങ്ങളാണ് ദിനേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ ജനാധിപത്യ വിരുദ്ധ ശക്തികളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ എത്രത്തോളം ഫലപ്രദമായ രാഷ്ട്രീയ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികള്‍ക്കു കഴിയുമെന്നതാണ് ഇന്നത്തെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."