HOME
DETAILS
MAL
ശക്തിയാര്‍ജിച്ച് കര്‍ഷകപ്രതിഷേധം
backup
September 20 2020 | 02:09 AM
ബില്ലുകള്‍ക്കെതിരേ കൂടുതല്‍ പാര്‍ട്ടികള്‍ രംഗത്ത്
ചണ്ഡിഗഢ്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷകവിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കും ബില്ലുകള്‍ക്കുമെതിരായ കര്‍ഷകപ്രതിഷേധം വ്യാപിക്കുന്നു. പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധം ശക്തമാകുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങളിലേക്കും ഇതു വ്യാപിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാണ്.
എന്‍.ഡി.എ ഘടകകക്ഷികളില്‍തന്നെ പല പാര്‍ട്ടികളും ഈ ബില്ലുകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ശിരോമണി അകാലിദളിന്റെ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചതിനു പിന്നാലെ, മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനെ എതിര്‍ത്ത് പാര്‍ട്ടി പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഹരയാനയിലെ ബി.ജെ.പിയുടെ ഘടകകക്ഷിയായ ജെ.ജെ.പിയും ബില്ലുകള്‍ക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളും എതിര്‍പ്പ് ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും ബില്ലുകള്‍ക്കെതിരേ രൂക്ഷമായാണ് പ്രതികരിച്ചത്. ബില്ലുകള്‍ കര്‍ഷകവിരുദ്ധമാണെന്നും കോര്‍പറേറ്റുകളെ സഹായിക്കുന്നതാണെന്നുമാണ് ഇരുവരും അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ്, എ.എ.പി, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തേതന്നെ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. ഈ കാര്യത്തില്‍ സ്വന്തം ഘടകകക്ഷികള്‍തന്നെ എതിര്‍പ്പുയര്‍ത്തുന്നതും പ്രതിപക്ഷ നിരയില്‍ ഐക്യം രൂപപ്പെടുന്നതും കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകുന്നുമുണ്ട്. ജനകീയ പ്രതിഷേധം കുടുതല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതും സര്‍ക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്. വിഷയത്തില്‍ ഈ മാസം 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുമുണ്ട്. പഞ്ചാബില്‍ ട്രെയിനുകളടക്കം തടയുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും വിവിധിയിടങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ദിവസങ്ങളായി തുടരുകയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ ഘടകകക്ഷികളായ പ്രാദേശിക പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദത്തിലുമാണ്. കര്‍ഷകരും പൊതുജനങ്ങളും എതിരാകുന്നതോടെ ഈ പാര്‍ട്ടികളുടെ നിലനില്‍പ് ഭീഷണിയിലാണ്. അതിനാലാണ് ശിരോമണി അകാലിദളും ജെ.ജെ.പിയുമടക്കം വിഷയത്തില്‍ എതിര്‍പ്പുയര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ബിഹാറിലും എന്‍.ഡി.എയില്‍ ഇതുമായി ബന്ധപ്പെട്ട് ഭിന്നിപ്പുണ്ട്.
പ്രതിഷേധത്തിനിടെ
കര്‍ഷകന്‍
ആത്മഹത്യ ചെയ്തു
ചണ്ഡിഗഢ്: പഞ്ചാബിലെ മുക്തസറില്‍ കര്‍ഷകവിരുദ്ധ ബില്ലുകള്‍ക്കെതിരേ പ്രതിഷേധം നടക്കുന്നതിനിടെ കര്‍ഷകന്റെ ആത്മഹത്യ. 70കാരനായ പ്രീതംസിങ് എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. മാന്‍സ ജില്ലയിലെ അക്കന്‍വാലി സ്വദേശിയാണിദ്ദേഹം.
ബാദലില്‍ ഭാരതീയ കിസാന്‍ യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഈ മാസം 15 മുതല്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ഒരു കര്‍ഷകന്‍ ജീവനൊടുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."