പ്രളയനാശനഷ്ടം: വിവരശേഖരണത്തിന് മൊബൈല്‍ ആപ്പ്
തിരുവനന്തപുരം: പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' മൊബൈല്‍ ആപ്പ്. ആപ്പിന്റെ പ്രകാശനം വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. ഐ.ടി മിഷന്‍ രൂപകല്‍പന ചെയ്ത ആപ്പ് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.
സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വോളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കാനാകും. ഇവര്‍ക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ.
വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേടുപാടുണ്ടായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വിവരങ്ങള്‍ രേഖപ്പെടുത്താനാകും. ഒപ്പം, ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ജിയോ ടാഗിംഗിലൂടെ സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യാം.
ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 1630 ശതമാനം, 3150 ശതമാനം, 5175 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണനഷ്ടമായി കണക്കാക്കും. തദ്ദേശസ്ഥാപനങ്ങളുടെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ 'റീബില്‍ഡ് കേരള ഐ.ടി മിഷന്‍' എന്നു തിരഞ്ഞാല്‍ ആപ്പ് ലഭിക്കും.
ആപ്പ് പ്രകാശന ചടങ്ങില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, ഐ.ടി. മിഷന്‍ ഡയറക്ടര്‍ സീറാം സാംബശിവ ശര്‍മ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."