HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഖുര്‍ആനെ മറയാക്കി പ്രചാരണം ശബരിമലയേക്കാള്‍ വലിയ തിരിച്ചടിയാകും സി.പി.എം നേരിടുകയെന്ന് യു.ഡി.എഫ് എം.പിമാര്‍
backup
September 20 2020 | 03:09 AM
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ നിന്നു രക്ഷപ്പെടാന്‍ ഖുര്‍ആനെ മറയാക്കി നടത്തുന്ന സി.പി.എം പ്രചാരണം സര്‍ക്കാരിന് ശബരിമലയേക്കാള്‍ വലിയ തിരിച്ചടിയാകും നല്‍കുകയെന്ന് യു.ഡി.എഫ് എം.പിമാര്‍.
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, കെ. മുരളീധരന്‍ എന്നിവര്‍ വിളിച്ച സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് എം.പിമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിന്നും മയക്കുമരുന്ന് കേസില്‍ നിന്നുമെല്ലാം മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇവര്‍ ഖുര്‍ആനെ മറയാക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. മത മൗലിക വാദികള്‍ പോലും പറയാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ബി.ജെ.പിയെക്കാള്‍ വര്‍ഗീയത നിറഞ്ഞ പ്രസ്താവനകളാണ് സി.പി.എമ്മിന്റേത്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ തീക്കൊള്ളിക്കൊണ്ട് തലചൊറിയാന്‍ ശ്രമിച്ചാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഇസ്‌ലാമിനെയും ഖുര്‍ആനെയും അവഹേളിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണ്. ഖുര്‍ആനെ ഉപയോഗിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും എന്‍.കെ േ്രപമചന്ദ്രന്‍ പറഞ്ഞു.
ഖുര്‍ആന്‍ കൊണ്ടു വന്നതിലല്ല പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതും തൂക്കത്തിലുണ്ടായ വ്യത്യാസവുമാണ് പ്രശ്‌നമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. പ്രോട്ടോക്കോള്‍ പാലിച്ച് ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച് അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെങ്കില്‍ ഞങ്ങളും എതിര്‍ക്കുമായിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നത്.
പ്രോട്ടോക്കോള്‍ സംബന്ധിച്ച് ഒരു മന്ത്രിക്ക് തന്നെ അറിവില്ലേയെന്നും കെ. മുരളീധരന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നുള്ള ബി.ജെ.പി എംപിയാണ് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് സ്വര്‍ണക്കള്ളക്കടത്ത് വിഷയം പാര്‍ലമെന്റില്‍ സംസാരിച്ചത്. ഞങ്ങള്‍ മിണ്ടാതിരുന്നത് ബി.ജെ.പിയുടെ ചെലവില്‍ എതിര്‍ക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. സ്വന്തം നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് കഴിവുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് സമരത്തെ ഖുര്‍ആന്റെ മറപിടിച്ച് എതിര്‍ക്കുമ്പോള്‍ അത് ബി.ജെ.പിക്ക് വളരാനുള്ള ഒരു അവസരമാണ് സി.പി.എം ഒരുക്കിക്കൊടുക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാലും ബി.ജെ.പി വളര്‍ന്നാല്‍ പ്രശ്‌നമില്ലെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."