മോദിക്കും അമിത്ഷാക്കും ശുദ്ധിപത്രം: ചോദ്യംചെയ്യാനാവില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് മോദിക്കും അമിത് ഷായ്ക്കുമെതിരായി പരാതിയുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ഹരജി സുപ്രിംകോടതി തീര്‍പ്പാക്കി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാതികളില്‍ നടപടിയെടുത്തതായും മോദിക്കും അമിത് ഷായ്ക്കും ശുദ്ധിപത്രം നല്‍കിയ കമ്മിഷന്‍ തീരുമാനത്തെ ഈ ഹരജിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്. ശുദ്ധിപത്രം നല്‍കിയതില്‍ പരാതിയുണ്ടെങ്കില്‍ പുതിയ ഹരജി സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. മോദിയ്ക്കും ഷായ്ക്കുമെതിരായ 11 പരാതികളും കമ്മിഷന്‍ തീര്‍പ്പാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ അഭിഭാഷകരായ രാകേഷ് ദിവേദി, അമിത് ശര്‍മ എന്നിവര്‍ കോടതിയെ അറിയിച്ചു. കമ്മിഷന്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ദിവേദി വാദിച്ചു.
കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് മോദിയ്ക്കും അമിത് ഷായ്ക്കും കമ്മിഷന്‍ ശുദ്ധിപത്രം നല്‍കിയതെന്ന് ഹരജിക്കാരിയായ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുസ്മിതാ ദേവിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. എന്നാല്‍ ആദ്യ ഹരജിയോ പിന്നീട് സമര്‍പ്പിച്ച സത്യവാങ്മൂലമോ കമ്മിഷന്‍ തീരുമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തില്ലെന്നാണ് ഹരജി. തീരുമാനമെടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ മറ്റു വാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോദി ഒന്നാംനമ്പര്‍ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചതിനെയും സിങ്‌വി ചോദ്യം ചെയ്‌തെങ്കിലും ആ കേസിലേക്ക് കൂടി ഈ ഹരജി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായുള്ള പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുസ്മിതാ ദേവ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ കമ്മിഷന്‍ പരാതികളില്‍ തീരുമാനമെടുക്കുകയും മോദിക്കും ഷായ്ക്കും ശുദ്ധിപത്രം നല്‍കുകയും ചെയ്തു. ഹരജി പരിഗണിക്കുന്നതിനിടെ ഇക്കാര്യം കൂടി ഹരജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിക്കുകയായിരുന്നു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ സമയ ബന്ധിതമായി നടപടി സ്വീകരിക്കാന്‍ സുപ്രിംകോടതി മാര്‍ഗ രേഖ പുറത്തിറക്കണമെന്നും അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടിരുന്നു. മോദിക്കും അമിത് ഷായ്ക്കും എതിരേ നടപടിയെടുക്കാന്‍ മടിക്കുന്ന കമ്മിഷന്‍ സമാനമായ കേസുകളില്‍ മറ്റുള്ളവര്‍ക്കെതിരേ നടപടിയെടുക്കുന്നുണ്ടെന്ന് ഹരജിക്കാരിയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികളില്‍ തീരുമാനമെടുക്കാന്‍ നിലവില്‍ സമയക്രമം നിശ്ചയിച്ചിട്ടില്ല. വളരെ വൈകിയാണ് കമ്മിഷന്‍ തീരുമാനമെടുക്കുന്നത്. അതിനാല്‍ ഇതിനെ വലിയ പ്രശ്‌നമായി കണ്ട് കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും സിങ്‌വി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."