ട്രാക്ക് നവീകരണം: കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി റദ്ദാക്കിയതിനെതിരേ വ്യാപക പ്രതിഷേധം
കോഴിക്കോട്: ട്രാക്ക് നവീകരണത്തിന്റെ പേരില്‍ ഏറെ യാത്രക്കാര്‍ ആശ്രയിക്കുന്ന പകല്‍ വണ്ടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം. എറണാകുളത്ത് ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പൂര്‍ണമായും റദ്ദാക്കിയതിനെതിരേയാണ് ജനരോഷം ഉയരുന്നത്. അതേ സമയം കൂടുതല്‍ ട്രെയിനുകള്‍ റദ്ദ് ചെയ്തത് ലോക്കോപൈലറ്റുമാരുടെ കുറവ് കൊണ്ടാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഈ മാസം 2,4,8,9,11,15,16,18,22,23,25,29,30, ഒക്‌ടോബര്‍ 2, 6 തിയതികളിലാണ് ട്രെയിന്‍ റദ്ദാക്കിയത്. 16305 എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റിയും 16306 കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റിയും ഈ ദിവസങ്ങളില്‍ ഓടില്ല.
രാവിലെ 6.45ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12ന് കണ്ണൂരിലും 2.35ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 9ന് എറണാകുളത്തും എത്തുന്ന ട്രെയിനാണിത്. ഈ രണ്ട് ട്രെയിനും തൃശൂര്‍ വരെയെങ്കിലും സര്‍വിസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കോട്ടയം- നിലമ്പൂര്‍, തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചറും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. മറ്റ് നിരവധി ട്രെയിനുകള്‍ സമയം ക്രമീകരിച്ച് സര്‍വിസ് നടത്തുന്നുണ്ട്. പൊതുവെ യാത്രാ ദുരിതം അനുഭവപ്പെടുന്ന റൂട്ടില്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുന്നത് ഒഴിവാക്കണമെന്ന് യാത്രക്കാരുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് രാവിലെ 9.30 നുള്ള ഏറനാട് എക്‌സ്പ്രസ് കഴിഞ്ഞാല്‍ പിന്നീടുള്ള ട്രെയിന്‍ ഇന്റര്‍സിറ്റിയാണ്. ഇത് റദ്ദാക്കുന്നതോടെ വൈകുന്നേരം അഞ്ചിനുള്ള തിരുവനന്തപുരം എക്‌സ്പ്രസ് വരെ ഏഴര മണിക്കൂറാണ് കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."