പുനര്‍നിര്‍മാണത്തിന് വേണ്ടത് 30,000 കോടി: മന്ത്രി തോമസ് ഐസക്
വിഭവസമാഹരണത്തിനായി നവകേരള ലോട്ടറി ആരംഭിച്ചു
ആലപ്പുഴ: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 30,000 കോടി രൂപ വേണമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുവേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തകര്‍ന്ന വീടുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, ബണ്ടുകള്‍, നഷ്ടപരിഹാരം, കൃഷി നാശം, ദുരിതാശ്വാസ പ്രവര്‍ത്തനം എന്നിവയ്ക്കായി 20,000 കോടി രൂപയാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. ഉപജീവന സഹായത്തിനായി 10,000 കോടി രൂപയും വേണം. അതിനാണ് ലോട്ടറി പോലെയുള്ള ധനസമാഹരണം സര്‍ക്കാര്‍ ആരംഭിച്ചത്. ഇതൊരു ഭാഗ്യ പരീക്ഷണമായി കാണേണ്ടന്നും കേരളീയ പൗരന്റെ സംഭാവനയായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്ത സമയത്ത് ലോകം മുഴുവനും മലയാളികളെ സഹായിച്ചിരുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവരും ഒരുടിക്കറ്റ് വീതം എടുത്താല്‍ 750 കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നവകേരള ലോട്ടറി ടിക്കറ്റ് മന്ത്രി തോമസ് ഐസക്കില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ജില്ലാ കലക്ടര്‍ എസ്.സുഹാസ്, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയരക്ടര്‍ എം.അഞ്ജന, ജോ. ഡയരക്ടര്‍ ജി.ഗീതാദേവി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."