കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്പിന് നോട്ടിസ് നല്‍കും
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസ് നല്‍കും. ഒരാഴ്ചയ്ക്കകം ചോദ്യംചെയ്യലിന് ഹാജരാകാനാണ് പഞ്ചാബ് പൊലിസ് മുഖാന്തിരം ആവശ്യപ്പെടുക. കേരളത്തിലേക്ക് വിളിച്ചുവരുത്തി ബിഷപ്പിനെ അറസ്റ്റുചെയ്യാനുള്ള നടപടിയായാണ് ഇതിനെ കാണുന്നത്. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാട് അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കറിനെ അറിയിച്ചിരുന്നു. അന്വേഷണ റിപോര്‍ട്ട് കൈമാറാനായി ഞായറാഴ്ച രാത്രിയെത്തിയപ്പോഴാണ് അന്വേഷണ സംഘത്തലവന് എസ്.പിയുമായി കൂടിക്കാഴ്ച നടത്തിയത്.
മതിയായ തെളിവുകള്‍ ലഭിച്ചശേഷവും ബിഷപ്പിനെ അറസ്റ്റുചെയ്യാത്തത് സമ്മര്‍ദ്ദം മൂലാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന് എത്തിയത്. തുടര്‍നടപടികള്‍ സംബന്ധിച്ച് ഐ.ജി വിജയ് സാക്കറെയുമായി ജില്ലാ പൊലിസ് സൂപ്രണ്ട് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി. ബിഷപ്പ് പറഞ്ഞ പലകാര്യങ്ങളും കള്ളമാണെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് അനിവാര്യമാകുന്നത്.
ജലന്ധറിലെത്തി അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ കാര്യങ്ങളെല്ലാം കളവാണെന്ന് തെളിഞ്ഞു. ഇത് വ്യക്തമാക്കുന്ന രേഖകളും പൊലിസിന്റെ പക്കലുണ്ട്. പീഡനത്തിനിരയായ കന്യാസ്ത്രീ നല്കിയ മൊഴികള്‍ സത്യമാണെന്നും അന്വേഷണത്തില്‍നിന്ന് വ്യക്തമാണ്. ചങ്ങനാശ്ശേരി സി.ജെ.എം കോടതിയില്‍ നല്കിയ രഹസ്യമൊഴിയിലും ലൈംഗിക പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."