എലിപ്പനി: മൂന്നാഴ്ച ജാഗ്രതാ കാലം
കോഴിക്കോട്: പ്രളയാനന്തരം സംസ്ഥാനത്ത് എലിപ്പനി ജീവനെടുക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ച അതീവ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
എലിപ്പനിയെ തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്ത് 10 പേര്‍മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കലക്ടറേറ്റില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എലിപ്പനി ഭീതിജനകമായ സാഹചര്യമുണ്ടായിട്ടില്ലെങ്കിലും ഏറെ ശ്രദ്ധിക്കേണ്ട അവസരമാണിതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈര്‍പ്പമുള്ള മണ്ണിലും രോഗകാരിയായ ബാക്ടീരിയയുള്ളതിനാല്‍ മൂന്ന് ആഴ്ച കൂടി എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കുകയാണ് ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗം.
എലിപ്പനി ലക്ഷണങ്ങളോടെയെത്തുന്നവരെ വിശദമായി പരിശോധിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മരുന്ന് ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ പോലും എലിപ്പനി വന്ന് മരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു വരുത്തണം.
മരുന്ന് എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. താലൂക്ക് ആശുപത്രിയില്‍ തന്നെ ഡോക്‌സി കോര്‍ണര്‍ ഉണ്ടാകണം. കൂടുതല്‍ ചികിത്സ ആവശ്യമായ ഘട്ടങ്ങളില്‍ മാത്രം മെഡിക്കല്‍ കോളജിലേക്ക് മാറ്റണം.
പ്രളയജലത്തില്‍ ഇറങ്ങിയ സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും പ്രതിരോധ ഗുളിക കഴിക്കണം. എലിപ്പനിയുടെ ലക്ഷണമുള്ള എല്ലാ പനിയും എലിപ്പനിയായി കരുതി ചികിത്സ നടത്തണമെന്നും ഓരോ ജീവനും വിലപ്പെട്ടതായി കരുതി പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഡെങ്കിപ്പനി വരാതിരിക്കാന്‍ കൊതുക് നശീകരണം ശക്തമാക്കണം. പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ആരോഗ്യ സേനയുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കണം. വെള്ളപ്പൊക്കം കുടൂതലുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
ജലജന്യരോഗങ്ങളായ കോളറയും മഞ്ഞപിത്തവും വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പിന്റെ തീരുമാനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും കേരളത്തിന്റെ ആരോഗ്യ മേഖലക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.
സംസ്ഥാനത്തും ജില്ലാ തലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡി.എം.ഒ ഡോ.വി ജയശ്രീ, അഡീഷണല്‍ ഡി.എം.ഒ ആശാദേവി, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. അരുണ്‍കുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എ രാജേന്ദ്രന്‍, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."