ശാന്തിവനം: കെ.എസ്.ഇ.ബി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സമരസമിതി
കൊച്ചി: പറവൂരിലെ ശാന്തിവനത്തിന് മുകളിലൂടെ ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കുന്നതിനായി അലൈന്‍മെന്റ് മാറ്റിയെടുക്കാന്‍ കെ.എസ്.ഇ.ബി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ശാന്തിവനം സംരക്ഷണസമിതി. ശാന്തിവനത്തിലെ ആകാശംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റി വൈദ്യുതിലൈന്‍ വലിക്കാന്‍ ടവര്‍ നിര്‍മിക്കുന്ന നടപടികളാണാരംഭിച്ചിരിക്കുന്നത്. അനേകം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുതന്നെ പ്രതിസന്ധി തീര്‍ക്കുന്ന നിലപാടാണ് കെ.എസ്.ഇ.ബി കൈക്കൊണ്ടിരിക്കുന്നതെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
കോടതിവിധിയില്‍ പറയുന്ന പ്രകാരം ശാന്തിവനം ഉടമസ്ഥയായ മീന മേനോന് മറ്റ് ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ അലൈന്‍മെന്റ് മാറ്റിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കെയാണ് കെ.എസ്.ഇ.ബി ശാന്തിവനത്തില്‍ ജെ.സി.ബിയുമായി എത്തി വന്‍നാശനഷ്ടങ്ങളുണ്ടാക്കിയത്. ശാന്തിവനത്തില്‍ സ്ഥിതി ചെയ്യുന്ന കാവിന്റെ സ്ഥാനം മാറ്റി രേഖപ്പെടുത്തിയാണ് കോടതിയില്‍ റൂട്ട് മാപ്പ് സമര്‍പ്പിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം. 110 കെ.വി ലൈന്‍ ശാന്തിവനത്തിന്റെ ആവാസ വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുള്ളതും ഇനി ഉണ്ടാക്കിയേക്കാവുന്നതുമായ ആഘാതത്തെകുറിച്ച് സമിതി പഠിച്ച് റിപ്പോര്‍ട്ട് നല്‍കണം. പഠനം പൂര്‍ത്തിയാക്കുന്നതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവയ്ക്കണം.
അതേസമയം, ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെ.വി പദ്ധതി നടപ്പാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഒരു വ്യക്തി കാത്തുസൂക്ഷിക്കുന്ന ജൈവ സമ്പത്തിനുനേരെ നടന്ന അന്യായം വെളിച്ചത്തുകൊണ്ടുവരാന്‍ ഉതകുന്ന വിധത്തില്‍ ജനകീയസമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."