HOME
DETAILS
MAL
സ്‌കോളര്‍ഷിപ്പ് കിട്ടാന്‍ കൊവിഡ് പോസിറ്റീവ് ആകണോ?
backup
September 21 2020 | 01:09 AM
ജാഫര്‍ കല്ലട
നിലമ്പൂര്‍: സംസ്ഥാനത്തെ ആയിരക്കണക്കിന് മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് കൊവിഡ് കാലത്തും രേഖകള്‍ അപ്‌ലോഡ് ചെയ്യണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പിടിവാശി.
കൊവിഡ് നിയന്ത്രണങ്ങള്‍ മറന്ന് ഇവ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
രേഖകള്‍ സംഘടിപ്പിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ്, അക്ഷയ സെന്ററുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍, സ്‌കൂള്‍, കോളജ് ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് നീണ്ട വരി. എല്‍.പി തലം മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലും പ്ലസ് വണ്‍, കോളജ്, പിഎച്ച്.ഡി വരെയുള്ള പോസ്റ്റ് മെട്രിക്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് എന്നിവ കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുമാണ്.
ഇതോടൊപ്പം ഭിന്നശേഷി കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ മാര്‍ക്ക് ഷീറ്റുകള്‍, ഫീസ് റസീറ്റ്, വരുമാനം, ജാതി, നേറ്റിവിറ്റി ഉള്‍പ്പെടെ റവന്യൂ അധികൃതര്‍ നല്‍കുന്ന രേഖകള്‍, ബാങ്ക് പാസ്ബുക്ക്, ആധാര്‍, സ്ഥാപന മേധാവി ഒപ്പിട്ട സാക്ഷ്യപത്രം എന്നിവയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.
ഇ-ഗ്രാന്റ് മുഖേന ഫീസ് ആനുകൂല്യങ്ങള്‍ നേടുന്ന വിദ്യാര്‍ഥികള്‍ ഏത് റസീറ്റ് അപ്‌ലോഡ് ചെയ്യണമെന്ന് വിവരം നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഒരു രേഖ അപ്‌ലോഡ് ചെയ്യാതെ വിട്ടുപോയാല്‍ അപേക്ഷ നിരസിക്കപ്പെടുമെന്നു തന്നെയാണ് സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ നിന്നുള്ള മറുപടി.
കേന്ദ്ര സര്‍ക്കാറാണ് സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്നതെങ്കിലും സംസ്ഥാന നോഡല്‍ ഓഫിസര്‍ അംഗീകരിക്കുന്ന അപേക്ഷകര്‍ക്ക് മാത്രമാണ് ധനസഹായം.
നേരത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സ്‌കോളര്‍ഷിപ്പ് നല്‍കിവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വകുപ്പാണ് നല്‍കുന്നത്.അപേക്ഷ ഓണ്‍ലൈന്‍ ചെയ്യുന്ന കേന്ദ്ര സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ തന്നെ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന് പ്രത്യേകം അറിയിപ്പുണ്ട്.
50000 രൂപയ്ക്ക് മുകളില്‍ തുക ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് മാത്രം രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മതി. ഈ സ്‌കോളര്‍ഷിപ്പുകള്‍ക്ക് തുക അത്രയും വരില്ല. മറ്റു സംസ്ഥാനങ്ങളിലും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നില്ല. ഒക്‌ടോബര്‍ 15വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസരം.
അതേസമയം മുന്‍ വര്‍ഷങ്ങളില്‍ നിരവധിപേര്‍ വ്യാജമായി സ്‌കോളര്‍ഷിപ്പ് വാങ്ങിയിട്ടുണ്ടെന്നും ഇത് തടയാനാണ് രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതെന്നുമാണ് സംസ്ഥാന നോഡല്‍ ഓഫിസറുടെ മറുപടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സുവര്‍ണ ജൂബിലി മെറിറ്റ്, സി.എച്ച് മുഹമ്മദ്‌കോയ മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇതേ കാര്യാലയത്തില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യാതെ തന്നെ അംഗീകാരം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."