ചൂര്‍ണിക്കര ഭൂമി തട്ടിപ്പ്: വ്യാജരേഖ നിര്‍മിക്കാന്‍ ഏഴുലക്ഷം രൂപ ഇടനിലക്കാരന്‍ കൈപ്പറ്റി
കൊച്ചി: ആലുവ ചൂര്‍ണിക്കരയില്‍ നിലം പുരയിടമാക്കാന്‍ വ്യാജരേഖ നിര്‍മിച്ചതിന് ഏഴുലക്ഷം രൂപ ഇടനിലക്കാരന്‍ കൈപ്പറ്റിയെന്ന് ഭൂവുടമയുടെ മൊഴി.
കാലടി സ്വദേശി അബുവാണ് വ്യാജരേഖ നിര്‍മിച്ചത്. ഭൂവുടമ ഹംസയുടെ മൊഴിയെടുത്തതിന് പിറകെ ഇടനിലക്കാരന്‍ അബു ഒളിവില്‍ പോയി.
ആലുവ ദേശീയപാതയില്‍ മുട്ടം തൈക്കാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന അരയേക്കര്‍ ഭൂമിയില്‍ 25 സെന്റ് നിലമാണ് ബേസിക് ടാക്‌സ് രജിസ്റ്ററില്‍ (അടിസ്ഥാന നികുതി റജിസ്റ്റര്‍) പുരയിടമാക്കി മാറ്റുന്നതിനായി വ്യാജരേഖ നിര്‍മിച്ചത്. ബി.ടി.ആറില്‍ മാറ്റംവരുത്താന്‍ സ്ഥലമുടമ ഹംസ സഹോദരിയുടെ മകനായ ബഷീറിനെയാണ് ചുമതലപ്പെടുത്തിയത്. ബഷീറാണ് കാലടി സ്വദേശി അബുവിനെ പരിചയപ്പെടുത്തുന്നത്.
വസ്തു ഇടപാടില്‍ പരിചയമുള്ള അബുവിന് റവന്യൂ ഉദ്യോഗസ്ഥരുമായി നല്ല അടുപ്പമുണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകളില്‍ മാറ്റംവരുത്താമെന്ന് ധരിപ്പിച്ച് ഏഴുലക്ഷം രൂപയാണ് അബു കൈപ്പറ്റിയത്.
പിന്നീട് സര്‍ക്കാര്‍ മുദ്രയോട് കൂടിയ രേഖ ഭൂവുടമ ഹംസയ്ക്ക് കൈമാറി. ഒറിജിനല്‍ ആണെന്നാണ് താന്‍ കരുതിയതെന്നാണ് ഹംസയുടെ മൊഴി. എന്നാല്‍, പത്രങ്ങളില്‍ വാര്‍ത്തകള്‍ കണ്ടപ്പോഴാണ് തന്റെ ഭൂമിക്കായി വ്യാജ രേഖ നിര്‍മിച്ചെന്ന വിവരം അറിയുന്നത്.
ഇതേത്തുടര്‍ന്ന് അബുവിനെ ബന്ധപ്പെട്ടപ്പോള്‍ ആരു ചോദിച്ചാലും തന്റെ പേര് പറയാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നുവെന്നാണ് മൊഴി. ഹംസയുടെ മൊഴിയുടെ അടി
സ്ഥാനത്തില്‍ അബുവിനെ കണ്ടെത്താന്‍ പൊലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
വ്യാജ രേഖ തയാറാക്കിയത് കാലടി കേന്ദ്രീകരിച്ച് ആണോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. ശ്രീഭൂതപുരത്തെ വീട്ടില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞ ദിവസം പൊലിസ് പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല.
അബുവിന് സ്ഥലത്തെ റവന്യൂ ഉദ്യോഗസ്ഥരുമായി നല്ല അടുപ്പമുണ്ട്. വ്യാജരേഖ നിര്‍മിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അബുവിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകും. ആലുവ, പറവൂര്‍, കൊച്ചി, കണയന്നൂര്‍ താലൂക്കുകളുടെ പരിധിയില്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ ഭൂമി തരംമാറ്റല്‍ നടപടികള്‍ വീണ്ടും പരിശോധിക്കാന്‍ ആര്‍.ഡി.ഒയും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."