തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുത്തന്‍ അധ്യായം കുറിക്കാനാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
2019-20 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കണമെന്ന ചരിത്രപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഇത് കൃത്യമായി നടപ്പാക്കാനായാല്‍ ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കുന്നുവെന്ന പ്രത്യേകത കൂടി ഇത്തവണ ഉണ്ടാകും.
ചരിത്രത്തില്‍ ആദ്യമായാണ് പ്ലസ് വണ്‍ ക്ലാസുകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ അവസാനവാരത്തിലോ ജൂലൈ ആദ്യവാരത്തിലോ ആയിരുന്നു പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നത്.
മെയ് 10 മുതല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം പരിശോധനയ്ക്കായി ജില്ലയിലെ ഏതെങ്കിലും ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സര്പ്പിക്കാനുമുള്ള അവസാന തിയതി 16 ആണ്. 20ന് ട്രയല്‍ അലോട്ട്മെന്റും 24ന് ആദ്യഘട്ട അലോട്ട്മെന്റും നടത്തും.
മുന്‍വര്‍ഷം ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ നാലിനും ആദ്യ അലോട്ട്മെന്റ് ജൂണ്‍ 11നുമായിരുന്നു.
ക്ലാസ് തുടങ്ങുന്ന ജൂണ്‍ മൂന്നിന് മുന്‍പ് മറ്റു അലോട്ട്മെന്റുകളും പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ അലോട്ട്മെന്റുകള്‍ നടത്തും. പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതോ, തികയാതെ വരുകയോ ചെയ്യുന്ന അവസ്ഥ ഇക്കുറി പരമാവധി കുറക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ജൂണ്‍ അഞ്ചിന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനായിരുന്നു ട്രയല്‍ അലോട്ട്മെന്റ്.
ജൂണ്‍ 14ന് ആദ്യഘട്ട അലോട്ട്മെന്റും പൂര്‍ത്തിയാക്കി. ജൂണ്‍ 14നാണ് കഴിഞ്ഞ വര്‍ഷം ക്ലാസ് ആരംഭിച്ചത്. കഴിഞ്ഞ രണ്ടു കൊല്ലങ്ങളിലേതുപോലെ രണ്ടുഘട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ഇത്തവണയും സ്പോര്‍ട്സ് ക്വാട്ടയിലെ പ്രവേശനം.
ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റിനു മുന്‍പായി രണ്ട് പ്രത്യേക അലോട്ട്മെന്റുകള്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷനുവേണ്ടി നടത്താനാണ് തീരുമാനം. സ്പോര്‍ട്സ് ക്വാട്ട അഡ്മിഷനുവേണ്ടി 15 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."