കര്‍ഷകരെ കോര്‍പറേറ്റ് അടിമകളാക്കുന്ന ബില്ലുകള്‍
കൊവിഡ് കാലത്ത് ആത്മനിര്‍ഭര്‍ പാക്കേജിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തിയ കോര്‍പറേറ്റുകള്‍ക്ക് മാത്രം ഗുണം ചെയ്യുന്ന ബില്ലുകളുടെ പേരിലാണ് പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ തെരുവിലിറങ്ങുകയും രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് ആദ്യ രാജിയുണ്ടാകുകയും ചെയ്തിരിക്കുന്നത്. ബില്ലില്‍ പ്രതിഷേധിച്ച് അകാലി ദളിന്റെ ഏക മന്ത്രി ഹര്‍സിംറത്ത് കൗര്‍ രാജിവച്ചത് പഞ്ചാബില്‍ ബില്ലിനുള്ള എതിര്‍പ്പ് കണ്ടാണ്. ഹര്‍സിംറത്ത് കൗര്‍ കൂടി ഉള്‍പ്പെട്ട മന്ത്രിസഭായോഗമാണ് ഇത് സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ അന്ന് അവര്‍ എതിര്‍ത്തിരുന്നില്ല. പുതിയ ബില്ലുകള്‍ കാര്‍ഷിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും കൃഷിക്കാര്‍ക്ക് വന്‍നേട്ടമുണ്ടാക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.
വിളകള്‍ക്ക് മികച്ച വില ലഭിക്കും. വില്‍പനാ സ്ഥലത്തിന്റെ നിര്‍വചനം മാറ്റുന്നതോടെ ആര്‍ക്കും എവിടെയും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള സ്വാതന്ത്ര്യം ലഭിക്കും. കമ്മിഷന്‍ ഏജന്റുമാരെ ഒഴിവാക്കുന്നതോടെ ഇടത്തട്ടുകാര്‍ ഇല്ലാതാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, സംഭവിക്കാന്‍ പോകുന്നത് അതൊന്നുമല്ല.
2003 ലെ കാര്‍ഷികോല്‍പന്ന കമ്പോള സമിതി (എ.പി.എം.സി ആക്ട്) നിയമത്തിന്റെ വ്യവസ്ഥകള്‍ പൊളിച്ചാണ് ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സാധാരണമായതും സാധാരണക്കാരുടെ ആശ്രയവുമായ പരമ്പരാഗത ഗ്രാമചന്ത സംവിധാനത്തെ തകര്‍ത്ത് വന്‍കിട കോര്‍പറേറ്റുകളുടെ റീട്ടെയില്‍ ശൃംഖലകള്‍ക്ക് വഴിയൊരുക്കാനാണ് ഈ ബില്ലുകള്‍ കൊണ്ടുവരുന്നതെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. കരാര്‍ കൃഷിക്ക് വഴിയൊരുക്കുന്ന ഈ ബില്ലുകള്‍ കര്‍ഷകരെ സ്വന്തം കൃഷിഭൂമിയില്‍ അടിമകളാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങ് വില സംവിധാനം റദ്ദാക്കപ്പെടും.
കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനസ്ഥലം (കമ്പോളം), വ്യാപാരി, തര്‍ക്കപരിഹാരം എന്നിവയെക്കുറിച്ചുള്ള ബില്ലിലെ നിര്‍വചനങ്ങളും വ്യവസ്ഥകളുമാണ് കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. നിലവിലുള്ള എ.പി.എം.സി ചട്ടം പ്രകാരം കാര്‍ഷികോല്‍പന്ന കമ്പോള സമിതിയുടെ നേതൃത്വത്തിലുള്ള പ്രധാന കമ്പോളത്തിന്റെയോ ഉപകമ്പോളത്തിന്റെയോ പരിധിക്കുള്ളിലുള്ള പരിസരങ്ങള്‍, അങ്കണങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയാണ് വില്‍പനസ്ഥലം. ലളിതമായി ഇതിനെ ചന്തകള്‍ എന്ന് പറയാം.ഓരോ മേഖലയിലെയും കാര്‍ഷിക ഉല്‍പന്നങ്ങള്‍ അതത് പ്രാദേശിക ചന്തകളില്‍ നിന്ന് പ്രദേശത്തെ വില നിലവാരം അനുസരിച്ച് വില്‍ക്കുകയാണ് നിലവിലുള്ള രീതി. വില നിശ്ചയിക്കുന്നത് കാര്‍ഷികോല്‍പന്ന കമ്പോള സമിതി അഥവാ എ.പി.എം.സിയാണ്. വില ഉറപ്പിനൊപ്പം താങ്ങുവിലയും ഉറപ്പിക്കാം. എന്നാല്‍ മോദി സര്‍ക്കാരിന്റെ പുതിയ ബില്ല് പ്രകാരം എവിടെയാണോ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നത് അവിടമെല്ലാം കമ്പോളത്തിന്റെ നിര്‍വചനത്തില്‍പ്പെടും. കമ്പോളപരിധിക്ക് പുറത്ത് വില്‍പനസ്ഥലം അനുവദിക്കുന്നത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് റീട്ടെയില്‍ ശൃംഖല തുടങ്ങാന്‍ സഹായിക്കാനാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. ഈ റീട്ടെയില്‍ ശൃംഖലകള്‍ നിലവില്‍ വരുന്നതോടെ പരമ്പരാഗത ചന്തകള്‍ തകരും.
എ.പി.എം.സി നേതൃത്വത്തില്‍ നിലവിലുള്ള ചന്തകള്‍ 200 മുതല്‍ 300 വരെ ഗ്രാമങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. എന്നാല്‍ ബില്ല് പ്രകാരം രൂപപ്പെടുന്ന കമ്പോളത്തിന്റെ പരിധി പരിമിതമാണ്. അതോടെ നിരവധി ഗ്രാമങ്ങള്‍ വിപണനസംവിധാനത്തില്‍ നിന്ന് പുറത്താകും. എ.പി.എം.സിയില്‍ നിന്ന് ലൈസന്‍സ് വാങ്ങുന്നവരാണ് വ്യാപാരികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നത്. പുതിയ ബില്‍ വ്യവസ്ഥകള്‍ പ്രകാരം ഉല്‍പാദകര്‍, കയറ്റുമതിക്കാര്‍, മൊത്തവ്യാപാരികള്‍, മില്‍ ഉടമകള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം വ്യാപാരി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും. ഇത് നിയമമാകുന്നതോടെ കമ്മീഷന്‍ ഏജന്റുമാര്‍ ഇല്ലാതാവും. ഗ്രാമങ്ങളിലെ ചന്തകളിലെ കച്ചവടക്കാര്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പകള്‍ കിട്ടാന്‍ പ്രയാസമാണ്. കമ്മീഷന്‍ ഏജന്റുമാര്‍ കൊടുക്കുന്ന കൈവായ്പകളാണ് ഇവരുടെ ആശ്രയം. വിളവിറക്കുന്നതിന് മുമ്പ് കമ്മീഷന്‍ ഏജന്റുമാര്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുകയും വിളവെടുത്ത് കഴിഞ്ഞാല്‍ ആ പണം മടക്കി നല്‍കുകയാണ് കാലങ്ങളായി ഉത്തരേന്ത്യന്‍ രീതി. ഇവര്‍ ഇല്ലാതാകുന്നതോടെ ചെറുകിട വായ്പകള്‍ നിലയ്ക്കും. ഏജന്റുമാര്‍ തൊഴില്‍ രഹിതരാകുകയും ചെയ്യും. വിളവിറക്കും മുമ്പ് തന്നെ വിളകളുടെ വില നിശ്ചയിക്കുന്ന കരാര്‍ കൃഷിക്കായിരിക്കും ബില്ലുകള്‍ വഴി തുറക്കുക. കൃഷി ചെയ്യേണ്ട വിള ഏതാണെന്ന് കര്‍ഷകരല്ല, വന്‍കിട കമ്പനികള്‍ നിശ്ചയിക്കുന്ന രീതിയാണ് കരാര്‍ കൃഷി സംവിധാനത്തിലുള്ളത്. ഇത് കര്‍ഷകരെ സ്വന്തം ഭൂമിയില്‍ അടിമത്തൊഴിലാളികളാക്കും.
വ്യാപാരിയും കര്‍ഷകരും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഇരുകൂട്ടരും ചേര്‍ന്ന് പരിഹാരത്തിനായി സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് പരാതി നല്‍കുകയും ഈ പരാതി തര്‍ക്ക പരിഹാര ബോര്‍ഡിന് സമര്‍പ്പിക്കപ്പെടുകയും ചെയ്യുകയാണ് ബില്ലിലെ രീതി. ഈ വകുപ്പ് തങ്ങള്‍ക്കെതിരേ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കര്‍ഷകരുടെ ആശങ്ക. കമ്പോളത്തില്‍ വ്യാപാരികള്‍ മാര്‍ക്കറ്റ് ഫീസ് കൊടുക്കുന്നത് എ.പി.എം.സി നിയമ പ്രകാരമുണ്ട്. ഈ മാര്‍ക്കറ്റ് ഫീസ് കൂടി ചേര്‍ത്താണ് നിലവിലുള്ള സംവിധാനത്തില്‍ വില നിശ്ചയിക്കുന്നത്. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാര്‍ക്കറ്റ് ഫീസ് ഒഴിവാക്കി. വന്‍കിട കമ്പനികള്‍ക്ക് ഗുണകരമായ നീക്കമാണിത്. വന്‍കിട കമ്പനികള്‍ ഈ ഫീസ് ഒഴിവാക്കി തുടക്കത്തില്‍ വില കുറച്ച് ഉല്‍പന്നങ്ങള്‍ വിപണനം നടത്തും. ഇത് മൂലം ചെറുകിട വില്‍പനക്കാര്‍ തകരും. ഇതോടെ കമ്പോളത്തിലെ ആധിപത്യം വന്‍കിടക്കാര്‍ക്കാവും.
ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം താങ്ങുവില സംവിധാനം ഒഴിവാക്കപ്പെടുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. പഞ്ചാബിനും ഹരിയാനക്കും പുറമെ ബില്ലുകള്‍ക്കെതിരേ തെലങ്കാന, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധമുയരുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില മേഖലകളില്‍ കരാര്‍ കൃഷി നേരത്തെ നിലവിലുണ്ട്. ഇത് കുത്തകസ്വഭാവമുള്ളതും പരമ്പരാഗത കാര്‍ഷിക രീതിയെ തകര്‍ക്കുന്നതും ചൂഷണത്തിന് വഴിവയ്ക്കുന്നതുമാണെന്നാണ് അനുഭവം. നോട്ടു നിരോധനത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് അടുത്ത തിരിച്ചടിയുണ്ടാകാന്‍ പോകുകയാണ്. കോര്‍പറേറ്റ് സമ്പത്തില്‍ കൊഴുത്തു നില്‍ക്കുന്ന ബി.ജെ.പി ഭരിക്കുമ്പോള്‍ ഇത്തരം തീരുമാനങ്ങളെടുക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."