HOME
DETAILS
MAL
പുലിറ്റ്‌സര്‍ എന്ന പുലി
backup
September 21 2020 | 07:09 AM
ഓരോരുത്തര്‍ക്കും ഓരോ മോഹങ്ങളാണല്ലോ. സൈനികനാകണം, യുദ്ധത്തിന് പോകണം, പ്രശസ്തി നേടണം, കീര്‍ത്തിചക്ര കരസ്ഥമാക്കണം!!
അതൊക്കെയായിരുന്നു കുട്ടിക്കാലം മുതല്‍ക്കേ ജോസഫിന്റെ ആഗ്രഹം. 1847ല്‍ യൂറോപ്പില്‍ ഹംഗറി എന്ന രാജ്യത്ത് പിറന്ന ജോസഫ് പുലിറ്റ്‌സര്‍ എന്ന പയ്യനെ പക്ഷേ ആരും സൈന്യത്തിലെടുത്തില്ല.
കണ്ണിനു കാഴ്ച അല്‍പ്പം കുറവാണ്. അതായിരുന്നു റിക്രൂട്ട്‌മെന്റില്‍ പുറത്താകാന്‍ കാരണം. ജോസഫ് പക്ഷേ വിട്ടുകൊടുത്തില്ല. ആഗ്രഹത്തിന് പിന്നാലെ കൂടുതല്‍ ഉത്സാഹത്തോടെ അവന്‍ മുന്നോട്ടുതന്നെ പോയി. ജന്മനാടായ ഹംഗറി വിട്ട് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ആള്‍ കുടിയേറി!. അമേരിക്കയില്‍ പൊരിഞ്ഞ ആഭ്യന്തരയുദ്ധം നടക്കുന്ന കാലമാണ്. അതില്‍ പങ്കെടുക്കുന്നതിനായി നടത്തിയ സെലക്ഷനില്‍ പുള്ളിയും പങ്കെടുത്തു. ഒരു റിക്രൂട്ടര്‍ അയാളെ തിരഞ്ഞെടുത്തു. ആള്‍ പുലിയായതു കൊണ്ടല്ല, പക്ഷേ ആഭ്യന്തരയുദ്ധകാലത്ത് വളരെയേറെ സൈനികരെ ആവശ്യമുള്ളതിനാല്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നുമാത്രം.
ഒരു വര്‍ഷം ജോസഫ് യുദ്ധങ്ങളില്‍ പങ്കെടുത്തു. ഭാഗ്യവശാല്‍ ആള്‍ ജീവനോടെ രക്ഷപ്പെടുകയും ചെയ്തു. ഒരു കൊല്ലം കഴിഞ്ഞതോടെ ജോലി തീര്‍ന്നു. തുടര്‍ന്നും ജോസഫ് അമേരിക്കയില്‍ തന്നെ കഴിഞ്ഞു. അല്ലറചില്ലറ ജോലികളൊക്കെ ചെയ്തായിരുന്നു ജീവിതം. അതിനിടയില്‍ ഇംഗ്ലീഷ് ഭാഷ നന്നായി പഠിക്കാനും ധാരാളം വായിക്കാനും ശ്രമിച്ചു. ഹംഗറിയിലെ ഹംഗേറിയന്‍ ഭാഷ പോരല്ലോ അമേരിക്കയില്‍ രക്ഷപ്പെടാന്‍.
ഇങ്ങനെ കഴിയുന്നതിനിടയിലാണ് ജോസഫിന്റെ ജീവിതം മാറ്റിമറിക്കുന്ന ഒരു ചെറിയ സംഭവമുണ്ടായത്. ഒരുനാള്‍ സെന്റ് ലൂയീസിലെ ലൈബ്രറിയില്‍ ഭാഷാ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാള്‍. അവിടെ ഒരു ഭാഗത്ത് രണ്ടുപേര്‍ ഇരുന്ന് ചെസ് കളിക്കുന്നു. ഒരാള്‍ തോല്‍വിയുടെ വക്കിലാണ്. എങ്ങോട്ട് ഏതു കരു നീക്കിയാല്‍ രക്ഷപ്പെടും എന്നോര്‍ത്ത് വിഷമിച്ച ഘട്ടത്തിലാണ് ജോസഫിന്റെ ശ്രദ്ധ അതിലേക്ക് പതിഞ്ഞതും ഉഗ്രനൊരു നീക്കം പറഞ്ഞുകൊടുത്തതും!
തുടര്‍ന്ന് ആ സുഹൃത്തുക്കള്‍ ജോസഫിനെ പരിചയപ്പെട്ടു. പരിചയം സൗഹൃദമായി. ഒരു പത്രത്തിന്റെ പ്രസാധകരായിരുന്ന അവര്‍ ജോസഫിനു ജോലിയും നല്‍കി!
റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അസാമാന്യ പ്രതിഭാശാലിയായിരുന്നു ജോസഫ് പുലിറ്റ്‌സര്‍. തന്നെയല്ല, നല്ല കഠിനാധ്വാനിയും.
അധ്വാനിയായ ആ റിപ്പോര്‍ട്ടര്‍, ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പത്രത്തിന്റെ പ്രസാധകനായി ഉയര്‍ന്നു. തുടര്‍ന്ന്, നഗരത്തിലെ ഏറ്റവും വലിയ പത്രത്തിന്റെ പ്രസാധകസ്ഥാനവും പുലിറ്റ്‌സറെ തേടിയെത്തി.
അപ്പോഴേക്കും സാധാരണക്കാരുടെ ശബ്ദമായി പുലിറ്റ്‌സര്‍ മാറിക്കഴിഞ്ഞിരുന്നു. ശരിക്കും പുലി!! ചൂതാട്ട റാക്കറ്റുകള്‍, രാഷ്ട്രീയ അഴിമതികള്‍, നികുതിവെട്ടിപ്പ്, എല്ലാറ്റിനുമെതിരേ അയാള്‍ ആഞ്ഞടിച്ചു.
ഈ പുതിയ പത്രപ്രവര്‍ത്തനശൈലി ജനങ്ങള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. പത്രത്തിന്റെ പ്രചാരം കുതിച്ചുയര്‍ന്നു. പിന്നീട് ന്യൂയോര്‍ക്കിലെ ഒരു പത്രവും പുലിറ്റ്‌സര്‍ ഏറ്റെടുത്തു. ഇതൊടെ വളരെയേറെ ജനങ്ങളിലേക്ക് പുതിയ ജനകീയ പത്രപ്രവര്‍ത്തനശൈലി എത്തിച്ചേര്‍ന്നു.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി അദ്ദേഹം പുറത്തുകൊണ്ടുവന്നു. പനാമ കനാല്‍ ഇടപാടില്‍ കോടിക്കണക്കിനു ഡോളര്‍ നഷ്ടപ്പെടുത്തിയ ഈ അഴിമതി പരസ്യമായപ്പോള്‍ ഭരണകൂടത്തിനു ഹാലിളകി. ജോസഫ് പുലിറ്റ്‌സര്‍ക്കെതിരേ ഗവണ്‍മെന്റ് കോടതിയില്‍ കേസ് കൊടുത്തു. പക്ഷേ ജോസഫ് ഉറച്ചുതന്നെ നിലകൊണ്ടു.
വിജയം ജോസഫിന്റെയും സത്യത്തിന്റെയും പക്ഷത്തായിരുന്നു!!
പത്രസ്വാതന്ത്ര്യത്തിന്റെ ചരിത്രത്തില്‍ അതു പൊന്‍തൂവലായി ശോഭിച്ചു. ന്യൂയോര്‍ക്കിലെ കൊളമ്പിയ സര്‍വകലാശാലയില്‍ ലോകത്തെ ആദ്യത്തെ സ്‌കൂള്‍ ഓഫ് ജേണലിസം സ്ഥാപിക്കുന്നതിനായി അദ്ദേഹം തന്റെ വരുമാനത്തില്‍ ഒരു ഭാഗം നീക്കിവച്ചു.
ലോകപ്രസിദ്ധമായ പുലിറ്റ്‌സര്‍ പ്രൈസ് ഏര്‍പ്പെടുത്തിയതും അദ്ദേഹം തന്നെ. ഇന്നും മാധ്യമപ്രവര്‍ത്തകരില്‍ സൂപ്പര്‍സ്റ്റാറാകാന്‍ ഈ പുരസ്‌കാരം ധാരാളം.
എന്തായിരുന്നു ജോസഫ് പപുലിറ്റ്‌സറുടെ വിജയരഹസ്യം? ആലോചിച്ചു നോക്കാമോ?
അദ്ദേഹം പത്രപ്രവര്‍ത്തന രംഗത്തെത്തിയത് തികച്ചും യാദൃശ്ചികമായാണ്. പക്ഷേ ഒരു വിദേശഭാഷയില്‍ മികവു നേടാന്‍ നടത്തിയ കഠിന പരിശ്രമങ്ങളാണ് ആ ഓഫര്‍ ലഭിക്കാന്‍ ഇടയാക്കിയത്. അല്ലേ? അപ്പോള്‍ മികവു തന്നെ പ്രധാനം.
കണ്ണിന്റെ കാഴ്ചാപരിമിതിയെ മറികടന്നും, പട്ടാളസേവനമെന്ന കൗമാരമോഹം സാധിതമാവാന്‍ യൂറോപ്പില്‍നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് സുദീര്‍ഘ യാത്ര നടത്താന്‍ ജോസഫ് തായാറായി. പ്രതിസന്ധികളെ ഏതുവിധേനയും തരണം ചെയ്ത് മുന്നോട്ടു പോകാനും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള ആ ദൃഢനിശ്ചയവും മനസുറപ്പും നോക്കൂ!! എത്ര പ്രധാനമാണത്!!
അതേപോലെ, എത്ര യാദൃശ്ചികമായാണെങ്കില്‍പ്പോലും എത്തിച്ചേര്‍ന്ന പത്രപ്രവര്‍ത്തന മേഖലയില്‍ ഏറ്റവും ബെസ്റ്റ് ആയി ഉയരാന്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് കഠിനാധ്വാനം ചെയ്ത ആ മനസ് കാണുക. കണ്ണിന്റെ കാഴ്ച മങ്ങിക്കൊണ്ടിരുന്ന കാലത്തുപോലും ജോലി ഉപേക്ഷിക്കാതിരുന്ന ആ സ്ഥൈര്യം, ചരിത്രത്തില്‍ വലിയൊരു സിംഹാസനമാണ് ജോസഫ് പുലിറ്റ്‌സര്‍ക്ക് സമ്മാനിച്ചത്. കരിയറില്‍ വിജയത്തിനു നിദാനം, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍പ്പണം തന്നെ. പത്രപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് എക്കാലവും പ്രധാനം.
'What a newspaper needs in its news, in its headlines, and on its editorial page is terseness, humor, descriptive power, satire, originaltiy, good literary tsyle, clever condensation and accuracy, accuracy, accuracy'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."