കലൂര്‍ പി.വി.എസ് കല്‍വര്‍ട്ട് നിര്‍മാണോദ്ഘാടനം നടത്തി
കൊച്ചി: കലൂര്‍ പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന കലൂര്‍ പി.വി.എസ് കല്‍വര്‍ട്ട് നിര്‍മാണോദ്ഘാടനം ഹൈബി ഈഡന് എം.എല്‍.എ നിര്‍വഹിച്ചു.
നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് ഒരു പരിധി പരിഹരിക്കുന്നതിന് പി.വി.എസ് കല്‍വര്‍ട്ട് ഗുണകരമാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്കാവശ്യമായ 4.40 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യം ഈ പദ്ധതിക്ക് വേണ്ടി ഉണ്ടായിരുന്നു. അത് യാഥാര്‍ഥ്യമാകാന്‍ പോകുന്നത് തികച്ചും അഭിമാനകരമാണെന്ന് ഹൈബി ഈഡന് എം.എല്‍.എ പറഞ്ഞു.
കല്‍വര്‍ട്ട് നിര്‍മാണ സമയത്ത് നടത്തേണ്ടുന്ന ഗതാഗത പരിഷ്ക്കാരങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനും കല്വര്ട്ടിനടിയിലൂടെ പോകുന്ന കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗങ്ങളും സ്ഥല സന്ദര്‍ശനവും മുന്‍പേ നടന്നിരുന്നു.
മേയര്‍ സൗമിനി ജയിന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യുട്ടി മേയര്‍ ടി.ജെ വിനോദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.എം ഹാരിസ്, ഗ്രേസി ജോസഫ്, കൗണ്‍സിലര്‍ എം.ജി അരിസ്റ്റോട്ടില്‍, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.പി ഷിന്റോ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."