നിരോധിത പുകയില ഉല്‍പന്ന കച്ചവടക്കാര്‍ വീണ്ടും രംഗത്ത്
വിഴിഞ്ഞം: പിടിക്കപ്പെട്ടാലും കാര്യമായ ശിക്ഷ ലഭിക്കാത്ത നിരോധിത പുകയില ഉല്‍പ്പന്ന കച്ചവടം വന്‍കിട കടത്തുകാര്‍ക്ക് കാമധേനുവാണ്. വന്‍ ലാഭം കൊയ്യുന്ന ഈ കച്ചവടം താരതമ്യേന 'റിസ്‌ക് ഫ്രീ' ആയതാണ് പ്രധാന ആകര്‍ഷണം. എത്ര തവണ പിടിക്കപ്പെട്ടാലും ഈ കച്ചവത്തില്‍ ഏര്‍പ്പെടുന്നവര്‍ വീണ്ടും ബിസിനസുമായി രംഗത്തെത്താന്‍ ഇതാണ് കാരണമെന്നാണ് പൊലിസും പറയുന്നത്. തുച്ഛമായ പിഴയീടാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍പ്പോലും രക്ഷപ്പെടുന്ന സംഘങ്ങള്‍ക്ക് പിടിക്കപ്പെടുന്ന സാധനങ്ങള്‍ മാത്രമാണ് നഷ്ടമാകുക. വന്‍ ലാഭം കൊയ്യുന്ന വ്യവസായമായതിനാല്‍ ഇത്തരം നഷ്ടങ്ങള്‍ ഇവരെ ബാധിക്കാറുമില്ല. പിടിക്കപ്പെട്ടാലും കാര്യമായ ശിക്ഷ ലഭിക്കാത്ത് കാരണം മാഫിയ സംഘങ്ങള്‍ തടിച്ച് കൊഴുക്കുകയാണ്.
ഇവരെ നിലക്ക് നിറുത്താന്‍ കഴിയാത്തത് സാമൂഹ്യമായ ഗുരുതരമായ പ്രത്യാഘാതത്തിനിടയാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെയാണ് കേരളത്തില്‍ ഈ വിപത്ത് വ്യാപകമായതെന്നാണ് കരുതുന്നത്. ഇവര്‍ തമ്പടിച്ചിരുന്ന മേഖലയില്‍ കച്ചവടം കൊഴുപ്പിച്ച മാഫിയ പതുക്കെ പതുക്കെ തീരദേശമുള്‍പ്പെടെയുള്ള പിന്നോക്ക മേഖലയിലും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും ലക്ഷ്യം വച്ചു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിലൂടെ ചെക്ക് പോസ്റ്റ് വഴി കടത്തിക്കൊണ്ടുവരുന്ന പുകയില ഉല്‍പന്നങ്ങള്‍ രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് രീതി.
ജോലി തേടിയെത്തി ഇത്തരം സംഘങ്ങളുടെ പിടിയില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളും ഇത്തരം വസ്തുക്കള്‍ കോരളത്തിലെത്തിക്കുന്ന കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്ന സംഭവങ്ങളുമുണ്ട്. തീരദേശങ്ങളിലെ ചില ചെറിയ പെട്ടികടകള്‍ പോലും ഇതിന്റെ ആകര്‍ഷണത്തില്‍നിന്ന് മുക്തമല്ല. ആയിരം രൂപയുടെ കച്ചവടം ചെയ്താല്‍ മൂന്നിരട്ടിവരെ ലാഭം കിട്ടുമെന്നതും കുറഞ്ഞ സമയം കൊണ്ട് ചൂടപ്പം പോലെ വിറ്റു പോകുമെന്നതുമാണ് ഇത്തരക്കാരും ഈ കെണിയില്‍ പെടാന്‍ കാരണം.
ചെക്കുപോസ്റ്റുകളിലെന്നപോലെ കച്ചവട കേന്ദ്രങ്ങളിലും കാര്യമായ പരിശോധനകളില്ലാത്തതും ഈ രംഗത്തുള്ളവര്‍ക്ക് അനുഗ്രഹമാണ്. ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികളോടൊപ്പം പഴുതില്ലാത്ത നിയമ നിര്‍മാണവും വേണമെന്നാണ് പൊലിസും നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."