മെഡിക്കല്‍ കോളജ് ഓക്‌സിജന്‍ പ്ലാന്റിന് സമീപത്തെ കാന്റീനില്‍ അപകട സാധ്യത പരിശോധിക്കണമെന്ന്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ രണ്ടാം വാര്‍ഡിനു സമീപം ഓക്‌സിജന്‍ പ്ലാന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ തുടര്‍പരിശോധനകള്‍ നടത്തി കാന്റീനിന്റെ പ്രവര്‍ത്തനം കാരണം അപകടസാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
ഭക്ഷ്യസുരക്ഷാവകുപ്പ്, അഗ്നിശമനാവിഭാഗം, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നല്‍കിയത്. നഗരസഭയുടെ നിയമാനുസൃത ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് നഗരസഭ നല്‍കിയിരിക്കുന്ന നോട്ടിസിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനത്തിനും സ്ഥാപന നടത്തിപ്പുകാര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഓക്‌സിജന്‍ പ്ലാന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീന്‍ അപകടമുണ്ടാക്കുമെന്നതിനാല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ പരാതിയിലാണ് ഉത്തരവ്.
മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റില്‍ അടിയന്തരമായി അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കാന്റീന്‍, ആശുപത്രി സംവിധാനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധന നടത്തണമെന്നും വീഴ്ച കണ്ടാല്‍ നടപടിയെടുക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഭക്ഷണശാലയിലെ പരിശോധന വേളയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ചതായി ഭക്ഷ്യസുരക്ഷാ അധികൃതര്‍ ഉറപ്പാക്കണം. സ്ഥാപനത്തില്‍ ഇടയ്ക്കിടെ പരിശോധന നടത്തി കാന്റീനിന്റെ പ്രവര്‍ത്തനം ദോഷകരമാണെന്ന് കണ്ടാല്‍ നടപടിയെടുക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."