ഇടുക്കി പദ്ധതിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ഐ.ബി
ഐ.ബിയുടെ മുന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ല
തൊടുപുഴ: കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ. ബട്ടര്‍ഫ്‌ളൈ വാല്‍വുകള്‍ പോലുള്ള തന്ത്രപ്രധാന മേഖലകളില്‍ അര്‍ധ സൈനിക വിഭാഗത്തെയോ പൊലിസിനെയോ തന്നെ നിയോഗിക്കുക, കണ്‍ട്രോള്‍ റൂമിനെ പ്രധാന കവാടത്തിലെ ചെക്ക്് പോസ്റ്റുമായും ജനറേഷന്‍ സര്‍ക്കിള്‍ ഓഫിസുമായി ബന്ധിപ്പിച്ച് വയര്‍ലെസ് ഫോണുകള്‍ ഘടിപ്പിക്കുക, പവര്‍ ഹൗസിനു തൊട്ടുമുന്നിലെ പൊലിസ് ചെക്ക്‌പോസ്റ്റ് അവിടെ നിന്ന് മാറ്റി സ്വിച്ച്‌യാഡിലേക്കു തിരിയുന്ന ഭാഗത്താക്കുക, മെഗാഫോണുകള്‍ ഏര്‍പ്പെടുത്തുക, ബട്ടര്‍ഫ്‌ളൈ വാല്‍വില്‍ സ്ഥിരം ഓപറേറ്ററെ നിയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്. അപകടവേളയിലും മറ്റ് അത്യാവശ്യഘട്ടങ്ങളിലും എളുപ്പത്തിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതിനാണ് മെഗാഫോണുകള്‍.
ഇടുക്കിയിലെ കഞ്ഞിക്കുഴി, രാജക്കാട്, കുളമാവ്, മറയൂര്‍, ദേവികുളം പൊലിസ് സ്റ്റേഷനുകള്‍ക്കും ഇടുക്കി പദ്ധതിക്കും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇടുക്കി പദ്ധതിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ഐ.ബിയുടെ മുന്‍ നിര്‍ദേശങ്ങള്‍ ശീതീകരണിയിലാണ്. മൂലമറ്റം പവര്‍ഹൗസില്‍ ഭാഗികമായി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചതില്‍ മാത്രം ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശങ്ങള്‍ കെ.എസ്.ഇ.ബി ഒതുക്കി. രാജ്യത്ത് സുരക്ഷാ ഭീഷണിയുള്ള ആറു കേന്ദ്രങ്ങളില്‍ ഒന്ന് ഇടുക്കി അണക്കെട്ടാണെന്ന് റിപ്പോര്‍ട്ടുണ്ട്. പദ്ധതിയുടെ തന്ത്രപ്രധാന മേഖലകളായ നാടുകാണിയിലെ സര്‍ജ് ഷാഫ്റ്റിന്റെയും ബട്ടര്‍ഫ്‌ളൈ വാല്‍വ് ഹൗസിന്റെയും സുരക്ഷ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന വിമുക്തഭടന്മാരാണ്.
സര്‍ജ് ഷാഫ്റ്റ്, ടണലില്‍ വെള്ളം ക്രമീകരിക്കുന്നതിനുള്ള ബട്ടര്‍ഫ്‌ളൈ വാല്‍വ് ഹൗസ്, ടണലില്‍ അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിക്കുന്ന ഇന്റര്‍മീഡിയേറ്റ് വാല്‍വ് എന്നിവിടങ്ങളില്‍ നേരത്തെ സായുധ പൊലിസ് കാവലുണ്ടായിരുന്നുവെങ്കിലും ബോര്‍ഡിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പിന്‍വലിച്ചു. വണ്ണം കുറഞ്ഞ കമ്പികള്‍ കൊണ്ടുള്ള ആര്‍ക്കും ഭേദിക്കാവുന്ന ഇരുമ്പ് ഗേറ്റാണ് ഇവിടങ്ങളിലുള്ള ഏക സുരക്ഷാ സംവിധാനം. മൂലമറ്റം പവര്‍ഹൗസ്, വന്‍മല തുരന്ന് ഒരു കിലോമീറ്റര്‍ ഉള്ളില്‍ അഞ്ചു നിലകളിലുള്ള കെട്ടിടമാണ്. പവര്‍ഹൗസിനു നേരെ മുകളില്‍ 200 മീറ്റര്‍ ഉയരത്തിലാണ് ഇന്‍ടേക്ക് ഷട്ടറിലേക്കുള്ള പ്രവേശന കവാടം. വിജനമായ മലഞ്ചെരുവിലാണിത്. ഇന്റര്‍മീഡിയേറ്റ് വാല്‍വും തീര്‍ത്തും വിജനമായ പ്രദേശത്താണ്. ഏതാനും വര്‍ഷം മുന്‍പ് പകല്‍സമയം മോട്ടോര്‍ ബൈക്കിലെത്തിയ യുവാക്കള്‍ പ്രവേശന കവാടത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പവര്‍ ഹൗസിന്റെ തുരങ്കത്തിനുള്ളിലേക്ക് എത്തിയത് വിവാദമായിരുന്നു.
അഭയാര്‍ഥികളായെത്തിയ ശ്രീലങ്കന്‍ തമിഴരെ നേരത്തെ ഇടുക്കി പദ്ധതി പ്രദേശത്ത് പുനരധിവസിപ്പിച്ചിരുന്നതാണ്. കേന്ദ്രസര്‍ക്കാരാണ് അന്ന് പുനരധിവാസം നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."