പെരിന്തല്‍മണ്ണയില്‍നിന്ന് കൊച്ചിയിലെത്തിച്ച ഒരുദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണയില്‍നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ച ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ബുധനാഴ്ച രാവിലെ പത്തോടെയാണ് കുഞ്ഞ് എടക്കര പ്രശാന്തി ആശുപത്രിയില്‍ ജനിച്ചത്. ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയ ഉടന്‍ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുഞ്ഞിന് ഗുരുതരമായ അസുഖം കണ്ടെത്തിയത്. ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ വലിയ ദ്വാരം ഉണ്ടായിരുന്നു. കൂടാതെ ഹൃദയത്തിന്റെ വലത്തെ അറയില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാല്‍വും രക്തക്കുഴലും കുട്ടിക്ക് ഇല്ലായിരുന്നു. തുടര്‍ന്ന് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതിനിടയിലാണ് കുട്ടിയുടെ മാതൃസഹോദരന്‍ ജിയാസ് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പേജില്‍ കുഞ്ഞിന്റെ അവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് ആരോഗ്യമന്ത്രി ഇടപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യചികിത്സ നല്‍കാന്‍ തീരുമാനിക്കുകയും ലിസി ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. ബുധനാഴ്ച രാത്രി 11.15ന് പെരിന്തല്‍മണ്ണയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഇന്നലെ പുലര്‍ച്ചെ 1.30ഓടെ എറണാകുളം ലിസി ആശുപത്രിയില്‍ എത്തി.
കാത്തുനിന്ന ഡോക്ടര്‍മാര്‍ ഉടന്‍തന്നെ കുഞ്ഞിനെ കുട്ടികളുടെ ഹൃദ്രോഗചികിത്സയ്ക്കായി ഒരുക്കിയിട്ടുള്ള തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി. ഹൃദയത്തില്‍നിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്‌റ്റെന്റ് മുഖേന വികസിപ്പിക്കുകയായിരുന്നു. ഇതോടെ ആദ്യഘട്ടത്തില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഒഴിവായി. കുഞ്ഞിന്റെ ചികിത്സയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായതായും 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടികളുടെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ.എഡ്‌വിന്‍ ഫ്രാന്‍സിസ്, ഡോ.തോമസ് മാത്യു, ഡോ.ബിജേഷ്, ഡോ.ജെസന്‍ ഹെന്റി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളായ ഷാജഹാനും ജംഷീലയുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."