വിവരാവകാശ ചോദ്യത്തിന് തെറ്റായ മറുപടി നല്‍കിയ ഓഫിസര്‍ക്ക് 5,000 പിഴ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ നിയമനം സംബന്ധിച്ച ചോദ്യത്തിന് തെറ്റിദ്ധാരണാജനകമായ മറുപടി നല്‍കിയ വിവരാവകാശ ഓഫിസര്‍ക്ക് 5,000 രൂപ പിഴ ശിക്ഷ. ധര്‍മശാല മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററിലെ കോഴ്‌സ് ഡയരക്ടറും വിവരാവകാശ ഓഫിസറുമായ ഡോ. പ്രസീദക്കാണ് 5,000 രൂപ പിഴ ശിക്ഷ വിധിച്ചത്.
കണ്ണൂര്‍ ചാവശ്ശേരി കൃഷ്ണാലയത്തില്‍ ഡോ. എ.പി ബിന്ദുവിന്റെ അപേക്ഷക്ക് തെറ്റായതും തെറ്റിദ്ധാരണജനകവുമായ മറുപടി നല്‍കിയതിനാണ് വിവരാവകാശ കമ്മിഷനര്‍ കെ.വി സുധാകരന്‍ ശിക്ഷ വിധിച്ചത്. പിഴ തുക ട്രഷറിയില്‍ അടച്ച് രശീത് കമ്മിഷനില്‍ ഹാജരാക്കി.
സര്‍വകലാശാലയില്‍ അധ്യാപികയായി കരാര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് ലഭിച്ചത് ഡോ. എ.പി ബിന്ദുവിനായിരുന്നു. എന്നാല്‍ നിയമനത്തിന് സംവരണമുണ്ടെന്ന് ചൂണ്ടിക്കാട്ടി എ.എന്‍ ഷംസീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബിന്ദു കോടതിയെ സമീപിച്ചതിനാല്‍ കോടതി നിയമനം റദ്ദാക്കി. തുടര്‍ന്ന് ബിന്ദുവിന് നിയമനം ലഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് എം.എല്‍.എയുടെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ബിന്ദുവിന് തെറ്റായ മറുപടി ലഭിച്ചത്.
തുടര്‍ന്നാണ് ബിന്ദു ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മിഷനറെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."