വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മതപണ്ഡിതന് മരിച്ചു
നാലാംമൈല്‍ (വയനാട്): വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മതപണ്ഡിതന് മരിച്ചു. കെല്ലൂര്‍ നാലാംമൈല്‍ കാട്ടിച്ചിറക്കലില്‍ അഴകന്‍കണ്ടത്തില്‍ സൈനുദ്ദീന്‍ ദാരിമി(45)യാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11ന് കുറ്റ്യാടി കക്കട്ടിനടുത്ത്വച്ച് സൈനുദ്ദീന്‍ ദാരിമി സഞ്ചരിച്ച വാഗണ്‍ ആര് കാറും ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദാരിമി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 4.45ഓടെയാണ് മരണപ്പെട്ടത്. പാനൂരിലെ മസ്ജിദില്‍ ജോലി ചെയ്തു വന്നിരുന്ന അദ്ദേഹം റമദാന് മുന്‍പ് പിരിയുകയും പടിഞ്ഞാറത്തറ പേരാല്‍ മസ്ജിദില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പാനൂര്‍ പള്ളിയില്‍നിന്ന് സ്വന്തം വസ്ത്രങ്ങളും മറ്റും എടുത്ത് തിരിച്ച് നാട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
കരണി സ്വദേശിയായ സൈനുദ്ദീന്‍ ദാരിമി മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ വീടുവച്ച് നാലാംമൈല്‍ കാട്ടിച്ചിറക്കലില്‍ താമസം തുടങ്ങിയത്. ഭാര്യ സഫൂറ. കരണിയിലെ പരേതനായ അഴകന്‍കണ്ടത്തില്‍ കുട്ടിമമ്മു-ഹവ്വ ഉമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: മാനു എന്ന മുഹമ്മദ്കുട്ടി (സഊദി അറേബ്യ), അബ്ദുല്‍ ഖാദര്‍ (ബംഗളൂരു), സുഹറ, അശ്റഫ്, ഷംസുദ്ദീന്, ശറഫുദ്ദീന്‍, അബുതാഹിര്‍, ആയിഷ, ഉമൈബ. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് 5.30ഓടെ മൃതദേഹം നാലാംമൈല്‍ കാട്ടിച്ചിറക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."