ശ്രീറാം വെങ്കിട്ടരാമന് മുന്‍പില്‍ നോക്കുകുത്തിയാകുന്ന നിയമം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ ഹാജരാകാന്‍ കൂട്ടാക്കാതെ തലസ്ഥാന നഗരിയില്‍ വിലസുമ്പോള്‍ അത്രമേല്‍ നിസ്സഹായമാണോ നമ്മുടെ നിയമ സംവിധാനമെന്ന് ഏതൊരു സാധാരണക്കാരനും തോന്നിപ്പോകും. തലസ്ഥാനത്തെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നുതവണ നോട്ടിസ് അയച്ചിട്ടും തലസ്ഥാനത്തു തന്നെയുള്ള കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ ഹാജരാകാന്‍ മനസു വരുന്നില്ല. നീതിനിര്‍വഹണവും നിയമവും തനിക്ക് ബാധകമല്ലെന്ന നിലപാടാണ് കേസിന്റെ ആരംഭം മുതല്‍ അദ്ദേഹത്തിന്. ഇതൊരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇതിനകം നിരവധി തവണ ജയിലഴികള്‍ എണ്ണിത്തീര്‍ത്തിട്ടുണ്ടാകും. കെ.എം ബഷീറിനെ കാറിടിച്ച് കൊന്നതു മുതല്‍ ശ്രീറാം വെങ്കിട്ടരാമന്‍ നിയമത്തെ പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി ഐ.എ.എസും ഐ.പി.എസും ഒറ്റക്കെട്ടായി നിന്ന കാഴ്ചയാണ് കേരളം കണ്ടത്. മദ്യപിച്ച് വാഹനമോടിച്ച് ബഷീറിനെ കൊന്ന ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയതിന്റെ പരിശോധനാഫലം പുറത്തുവന്നത് വിചിത്ര രീതിയിലായിരുന്നു. അപകടത്തെക്കുറിച്ചോ അതു നടന്നതിനുശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ചോ വ്യക്തമായി ഓര്‍മിക്കാന്‍ കഴിയാത്ത വിചിത്രരോഗമായിരുന്നുവത്രേ ശ്രീറാം വെങ്കിട്ടരാമനെ പിടികൂടിയിരുന്നത്. മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമ്മതിക്കാത്തതിനാല്‍ അത്തരമൊരു പരിശോധന നടത്താനും കഴിഞ്ഞില്ല. ഇതു പറയാനുള്ള സ്വബോധം ശ്രീറാം വെങ്കിട്ടരാമന് ബാക്കിയുണ്ടായിരുന്നുവെന്നത് അത്ഭുതകരം തന്നെ.
മദ്യപിച്ച് വാഹനമോടിച്ച് ആളുകളെ കൊല്ലുന്നവരുടെ രക്തപരിശോധനയ്ക്ക് അവരുടെ അനുമതി വേണമെന്ന പുതിയ അറിവും ഈ കേസോടെ കേരളത്തിനു കിട്ടി. അന്നുമുതല്‍ ഈ കേസിനെ അട്ടിമറിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഐ.എ.എസ് ലോബി. ഒരൊറ്റ ദിവസംപോലും ഈ കേസിന്റെ പേരില്‍ ശ്രീറാമിന് പൊലിസ് സ്റ്റേഷനില്‍ പോകേണ്ടി വരികയോ ജയിലില്‍ കഴിയേണ്ടി വരികയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ മൂന്നുതവണ കോടതി പറഞ്ഞിട്ടും വിലവയ്ക്കാതെ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ശ്രീറാം ഒഴിഞ്ഞുമാറി നടക്കുന്നു. ഒക്ടോബര്‍ 12നു ഹാജരാകണമെന്ന കോടതിയുടെ അന്ത്യശാസനം ഈ കുറ്റവാളി ചെവികൊള്ളുമോയെന്ന് യാതൊരു ഉറപ്പുമില്ല.
2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് ബഷീറിനെ ഇടിച്ചുകൊലപ്പെടുത്തിയത്. കൂടെ വനിതാസുഹൃത്ത് വഫയും ഉണ്ടായിരുന്നു. രണ്ടാം പ്രതിയായ അവര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമന് ഇതൊന്നും ബാധകമാകാത്തതിനാലാകാം ഹാജരാകാതിരിക്കുന്നത്. കേസ് വിചാരണ ചെയ്യേണ്ടതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് പ്രതികളോട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടത്. അതുപോലും പാലിക്കാന്‍ ഒന്നാംപ്രതിയായ ശ്രീറാം തയാറാകാതിരിക്കുമ്പോള്‍ കേസിന്റെ ഭാവി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 2020 ഫെബ്രുവരി മൂന്നിനു പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ചിരുന്ന കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. ഈ കേസിലെ സാക്ഷികളില്‍ ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും നഴ്‌സുമാരുമാണ്. ശ്രീറാം വെങ്കിട്ടരാമന് പുനര്‍നിയമനം നല്‍കിയതാകട്ടെ ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും. ഇതുവഴി സാക്ഷികളെ കൂറുമാറ്റിക്കാന്‍ നിഷ്പ്രയാസം കഴിയും.
കൊവിഡ് കാലമായതിനാലും ശ്രീറാം വെങ്കിട്ടരാമന്‍ ഡോക്ടര്‍ ആയതിനാലുമാണ് ആരോഗ്യവകുപ്പില്‍ നിയമനം നല്‍കിയതെന്ന സര്‍ക്കാര്‍ വിശദീകരണം ബാലിശമാണ്. കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇരു പ്രതികള്‍ക്കും ഫെബ്രുവരി 24ന് നല്‍കിയതാണ്.
കുറ്റപത്രം, സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവ പരിശോധിച്ച കോടതി നരഹത്യാക്കുറ്റത്തിന്റെ വകുപ്പായ 304 (2) ശ്രീറാമിനെതിരേ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ചിരുന്നു. പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്തത്. അതിനാല്‍ കേസില്‍ തുടര്‍വിചാരണ നടക്കേണ്ടത് സെഷന്‍സ് കോടതിയിലുമാണ്.
പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ ആരംഭിക്കാനിരിക്കെ ശ്രീറാമിന് ആരോഗ്യ വകുപ്പില്‍ പുനര്‍നിയമനം നല്‍കാനുള്ള ഫയല്‍ രഹസ്യമായി നീക്കുകയായിരുന്നു. പത്രപ്രവര്‍ത്തക യൂനിയനുമായി ചര്‍ച്ച നടത്തിയാണ് ശ്രീറാമിനെ തിരികെയെടുത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിശദീകരണവും വന്നു. എന്നാല്‍, യൂനിയന്‍ നേതാക്കള്‍ ഇതു നിഷേധിച്ചു. സഞ്ചയ് ഗാര്‍ഗ് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നല്‍കിയ ക്ലീന്‍ചിറ്റിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരികെയെടുത്തത്. ശ്രീറാം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാല്‍ നിയമനം നല്‍കേണ്ടിവരുമെന്ന നിയമോപദേശവും സര്‍ക്കാരിനു ലഭിച്ചിരുന്നുവത്രേ.
കേരള അക്കാദമി ഫോര്‍ എക്‌സിലന്‍സ് മാനേജിങ് ഡയരക്ടറായിരിക്കെ ശ്രീറാം നടത്തിയ ക്രമക്കേടുകളെക്കുറിച്ചും അഴിമതിയെക്കുറിച്ചും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എക്‌സിക്യുട്ടീവ് ഡയരക്ടറായിരുന്ന പി.കെ ഗിരീഷ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനു പരാതി നല്‍കിയിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി ഉത്തരവിടുകയും ചെയ്തു. എന്നാല്‍, അന്വേഷണം എവിടെയുമെത്തിയില്ല. പരാതി പറഞ്ഞ പി.കെ ഗിരീഷ് ജോലിയില്‍ നിന്ന് തെറിക്കുകയും ചെയ്തു. നോട്ടിസ് നല്‍കാതെയാണ് പി.കെ ഗിരീഷിനെ പിരിച്ചുവിട്ടത്. ഗിരീഷിന്റെ തസ്തിക ആവശ്യമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്തെഴുതുകയായിരുന്നു ശ്രീറാം.
കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ പുറത്തുനിര്‍ത്തേണ്ടതില്ലെന്നും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാം സര്‍വിസില്‍ തിരികെ കയറിയത്. ശ്രീറാമിനെതിരേ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടോ ? ആരോഗ്യവകുപ്പില്‍ ഉയര്‍ന്ന തസ്തികയിലിരുത്തിയത് കേസ് അട്ടിമറിക്കാനല്ലേ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കായി കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."