HOME
DETAILS
MAL
അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കസ്റ്റംസിന് നിയമോപദേശം
backup
September 22 2020 | 00:09 AM
പാര്‍സലുകള്‍ കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും ചോദ്യംചെയ്തു
കൊച്ചി: നയതന്ത്ര പാര്‍സല്‍ കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കസ്റ്റംസിന് നിയമോപദേശം. കേസില്‍ കോണ്‍സുല്‍ ജനറലിനെയും മന്ത്രി കെ.ടി ജലീലിനെയും ചോദ്യംചെയ്യേണ്ടതിനാലാണ് കസ്റ്റംസ് നിയമോപദേശം തേടിയത്. അതേസമയം, എയര്‍ കാര്‍ഗോയില്‍ നിന്ന് കോണ്‍സുലേറ്റിലേക്ക് പാര്‍സലുകള്‍ കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. കസ്റ്റംസിന്റെ പ്രിവന്റീവ് ഓഫിസിലായിരുന്നു ചോദ്യംചെയ്യല്‍. പാര്‍സലില്‍ മതഗ്രന്ഥങ്ങളാണെന്ന് അറിയില്ലെന്നായിരുന്നു വാഹന ഉടമയുടെ മറുപടി. അതേസമയം, കോണ്‍സുല്‍ ജനറലിനെ ചോദ്യംചെയ്യുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കസ്റ്റംസ് കത്തയച്ചിട്ടുണ്ട് .
നയതന്ത്ര പാര്‍സല്‍ വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത സംഭവത്തില്‍ രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ഭാഗമായാണ് കസ്റ്റംസ് നിയമോപദേശം തേടിയത്. കേസില്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ഉള്ളതിനാല്‍ ഫെമ അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമോയെന്ന് കസ്റ്റംസിന് വ്യക്തതവരുത്തേണ്ടതുണ്ട്. എന്നാല്‍, ഈ നിയമങ്ങളെല്ലാം നിലനില്‍ക്കുമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
പാര്‍സലുകള്‍ എത്തിയത് കോണ്‍സുല്‍ ജനറലിന്റെ പേരിലാണ്. അതിനാല്‍ സംഭവം ഫെമ, ഫെറ, എഫ്.സി.ആര്‍.എ എന്നിവയുടെ ലംഘനമാണെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. കേസില്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കും. കോണ്‍സുലേറ്റ് വഴി പാര്‍സലുകള്‍ വിതരണം ചെയ്ത സംഭവം അന്വേഷിക്കാന്‍ കസ്റ്റംസ് പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിനുപുറമെയാണ് ഇത്. ഒരു സൂപ്രണ്ടും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്നതാണ് സംഘം. ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ജീവനക്കാരെയും കെ.ടി ജലീല്‍ അടക്കമുള്ളവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിനെതിരേ കസ്റ്റംസ് കേസെടുത്ത വിവരം പുറത്തുവന്നത്. നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങള്‍ കൈപ്പറ്റിയതിനാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."