കാല്‍നട നിരോധിച്ച പാലത്തിലൂടെ വിദ്യാര്‍ഥികളുടെ ദുരിതയാത്ര
അടിമാലി: മൂന്നാറില്‍ കാല്‍നട യാത്ര നിരോധിച്ച പാലത്തിലൂടെ വിദ്യാര്‍ഥികളുടെ അപകട യാത്ര. നൂറുകണക്കിന് സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന പെരിയവരൈ പാലം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായി.
കാലവര്‍ഷക്കെടുത്തിയില്‍ തകര്‍ന്ന പെരിയവരൈ പാലത്തിലൂടെ കാല്‍നട നിരോധിച്ചിരിക്കുകയാണെങ്കിലും മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ അപകട യാത്ര നടത്തേണ്ട ഗതികേടിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരും. പാലത്തിലൂടെ യാത്ര ചെയ്യരുതെന്ന് ഇരുവശത്തും റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്‍കി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്‌കൂളുകളിലെത്താന്‍ തകര്‍ന്ന പാലത്തിനു കുറുകെയിട്ട കോണ്‍ക്രീറ്റ് പോസ്റ്റ് മാത്രമാണ് ആശ്രയം. സമാന്തരമായ മറ്റു പാതകള്‍ ഒന്നുമില്ലാത്തതാണ് തിരിച്ചടിയാകുന്നത്. ജീവന്‍ പണയംവെച്ചാണ് യാത്ര.
എത്രയും വേഗം പാലം പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പാലം പണി വൈകിയാല്‍ കുട്ടികളുടെ പഠിപ്പു കൂടി അവതാളത്തിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കുരുന്നു കുട്ടികള്‍ക്ക് പാലത്തില്‍ കൂടി കടക്കാന്‍ ഭയമുള്ളതിനാല്‍ രക്ഷിതാക്കള്‍ തോളിലേറ്റിയാണ് ഇക്കരെയെത്തിക്കുന്നത്. എസ്റ്റേറ്റുകളില്‍ നിന്നും ഓട്ടോയിലും ജീപ്പിലും പാലത്തിനു അക്കരെയെത്തുവാനും അവിടെ നിന്ന് മറ്റുവാഹനങ്ങളില്‍ സ്‌കൂളിലെത്തുവാനും വലിയ ചിലവാണുള്ളത്.
ഒരു കുട്ടിയ്ക്ക് മാത്രം മുപ്പതു മുതല്‍ അമ്പതു രൂപാ വരെ ചിലവാണുള്ളത്. ഒന്നിലേറെ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് അധിക ഭാരമാണുണ്ടാക്കുന്നത്. പാലത്തിന് ഇക്കരെയെത്തുന്ന വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും യാത്രാക്ലേശം പരിഹരിക്കുവാന്‍ പ്രത്യേക ബസ് അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."