ദമ്പതികളുടെ ഇരട്ടവോട്ട്: ഹിയറിങ് ഇന്ന്
കോഴിക്കോട്: എലത്തൂര്‍ നിയോജകമണ്ഡലത്തിലെ രണ്ടു ബൂത്തുകളിലായി സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ കള്ളവോട്ട് രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇന്ന് ഹിയറിങ് നടക്കും.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ ചേംബറില്‍ നടക്കുന്ന ഹിയറിങ്ങില്‍ പരാതിക്കാരനും ദമ്പതികളും സാക്ഷികളും ഹാജരാകും.
ഹിയറിങ് നടപടികള്‍ക്ക് ശേഷം രണ്ടുദിവസത്തിനുള്ളില്‍ എ.ആര്‍.ഒ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എലത്തൂര്‍ നിയോജകമണ്ഡലത്തിലെ 47ാം ബൂത്തായ പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്‌കൂളിലും 149ാം ബൂത്തായ പയിമ്പ്ര എ.യു.പി സ്‌കൂളിലും പുന്നശ്ശേരി കളരിക്കല്‍ സ്വദേശികളായ രമേശനും ഭാര്യ ശ്രീജയും കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം.
സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ രണ്ട് മേല്‍വിലാസങ്ങളില്‍ രണ്ട് വീതം തിരിച്ചറിയല്‍ കാര്‍ഡും കൈവശം വച്ചതായും പരാതിയുണ്ട്. ഡി.സി.സി ജന. സെക്രട്ടറിയായ ഐ.പി രാജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതിക്കാരനില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പോളിങ് ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്റ്മാര്‍, ബി.എല്‍.ഒമാര്‍ എന്നിവരും ഹിയറിങ്ങില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. ഇവരില്‍ നിന്നും തെളിവെടുത്തതിന് ശേഷം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാകും തുടര്‍നടപടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."