HOME
DETAILS
MAL
അനാചാരങ്ങള്‍ മടങ്ങിവരുന്നത് ഗൗരവത്തോടെ കാണണം: മുഖ്യമന്ത്രി
backup
September 22 2020 | 00:09 AM
തിരുവനന്തപുരം: പല ദുരാചാരങ്ങളും അനാചാരങ്ങളും മടങ്ങിവരുന്നത് നാം ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിലും മന്ത്രവാദവും സ്ത്രീ വിരുദ്ധതയും കണ്ടുവരുന്നു. അഭ്യസ്തവിദ്യര്‍ പോലും ഇതില്‍ പെടുന്നു. ദുരാചാരങ്ങളും അനാചാരങ്ങളും ഒഴിവാക്കി സമൂഹത്തെ ശുദ്ധീകരിക്കാനാണ് ഗുരു ഇടപെട്ടതെന്നും ഇപ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് സാര്‍വദേശീയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നമുക്ക് ജാതിയില്ല' വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കും നാം ഗുരുവിനോടു കടപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് ജനാധിപത്യമേയുണ്ടായിരുന്നില്ല. ജനാധിപത്യം കടന്നുവന്നപ്പോള്‍ ചില പ്രത്യേക ജാതിയില്‍ പെട്ടവര്‍ക്കും സമ്പന്നര്‍ക്കും മാത്രമായിരുന്നു വോട്ടവകാശം. ജാതിഭേദമില്ലാത്ത സോദരത്വം എന്ന ചിന്ത പ്രകാശം പരത്തിയതോടെയാണ് കേരളം സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം എന്ന സങ്കല്‍പം സ്വീകരിക്കാന്‍ മനസുകൊണ്ട് പ്രാപ്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ മറ്റൊരു നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിക്കും തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ സ്മാരകം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി എ.കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം. എല്‍.എമാരായ വി. എസ്. ശിവകുമാര്‍, വി.കെ. പ്രശാന്ത്, ഒ. രാജഗോപാല്‍, മേയര്‍ കെ. ശ്രീകുമാര്‍, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."