സംസ്ഥാനത്തെ നശിപ്പിക്കുന്ന ഉദ്യോഗസ്ഥ അഴിമതി
കേരളത്തിലെ പൊതുസമൂഹവുമായി ഏറ്റവും അടുത്തിടപഴുകുന്ന വകുപ്പാണ് റവന്യൂ. എന്നാല്‍ അഴിമതിയില്‍ ഈ വകുപ്പ് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണുള്ളത്. റവന്യൂ വകുപ്പില്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്ന അഴിമതി കണ്ടുപിടിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ട ഒരവസ്ഥയാണിപ്പോഴുള്ളത്. മുമ്പൊരിക്കലും ഒരു മന്ത്രിക്കും ഇതുപോലൊരു ദുര്യോഗം ഉണ്ടായിട്ടുണ്ടാവില്ല.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജില്‍ 15 ഏക്കര്‍ നിലം നികത്താന്‍ റവന്യൂ വകുപ്പ് നല്‍കിയ അനുമതിയാണിപ്പോള്‍ മന്ത്രി ഇടപെട്ട് റദ്ദാക്കിയിരിക്കുന്നത്. ഈ നിലം നികത്തുന്നത് നിരോധിച്ചുകൊണ്ട് കഴിഞ്ഞ സപ്റ്റംബറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല ഉത്തരവ് പുറപ്പെടുവിച്ചതാണ്. നികത്തിയ സ്ഥലം പഴയപടിയാക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു വേണ്ടിവരുന്ന ചെലവ് ഉടമകളില്‍നിന്ന് റവന്യൂ റിക്കവറിയിലൂടെ ഈടാക്കാനും കലക്ടര്‍ നിര്‍ദേശിച്ചതാണ്. കലക്ടറുടെ ഉത്തരവിനെതിരേ നിലം നികത്തിയ സ്പീക്‌സ് കമ്പനി റവന്യൂ വകുപ്പിനു നല്‍കിയ അപ്പീല്‍ ശരവേഗത്തിലാണ് തീര്‍പ്പായത്. സി.പി.എമ്മിന്റെ അടുപ്പക്കാരനായ വ്യവസായിയുടെ തമിഴ്‌നാട്ടിലെ വ്യവസായ പങ്കാളിയാണ് സ്പീക്‌സ് കമ്പനി എന്ന് പറയപ്പെടുന്നു. കമ്പനിയുടെ പേരിലാണ് കുന്നത്തുനാട്ടിലെ 15 ഏക്കര്‍ നെല്‍വയല്‍ ഭൂമിയുള്ളത്.
റവന്യൂ വകുപ്പിലെത്തിയ അപ്പീലില്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി ജെ. ബെന്‍സി ക്ഷണനേരംകൊണ്ടാണ് സ്പീക്‌സ് കമ്പനിക്ക് അനുകൂലമായി തീരുമാനമെടുത്തത്. കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 13 പ്രകാരമുള്ള കലക്ടറുടെ അധികാരം ഉപയോഗിച്ചായിരുന്നു സഫീറുല്ല നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവ് നല്‍കിയതെങ്കില്‍ അത് അപ്പാടെ റവന്യൂ വകുപ്പ് തന്നെ അട്ടിമറിക്കുകയായിരുന്നു. വിവരമറിഞ്ഞ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു തട്ടിപ്പാണ് ആലുവ ചൂര്‍ണിക്കരയില്‍ അരങ്ങേറിയിരിക്കുന്നത്. നിലം നികത്തി പുരയിടമാക്കാന്‍ വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്. ഇടനിലക്കാരനായ അബു എന്നയാള്‍ തന്നെ അറിയിക്കാതെ നടത്തിയ തട്ടിപ്പാണിതെന്ന് സ്ഥലമുടമ ഹംസ പറയുന്നു. ഇവിടെയും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം തട്ടിപ്പുകാര്‍ക്കു കിട്ടി. ഇതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.
കൊച്ചിയിലെ മരട് നഗരസഭയില്‍ തീരദേശ മേഖല ചട്ടം ലംഘിച്ച് നിര്‍മിച്ച അഞ്ചു സമുച്ചയങ്ങളിലായുള്ള 350 ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം. ഉദ്യോഗസ്ഥതലത്തിലെ മറ്റൊരു വമ്പന്‍ അഴിമതിയാണിതിന്റെ പിന്നിലും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല-3ല്‍ (സിക്കര്‍സെഡ്) 28ല്‍പെട്ട പ്രദേശത്താണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റിയെ അറിയിക്കാതെ മരട് പഞ്ചായത്ത് (ഇപ്പോള്‍ നഗരസഭ) സ്വന്തംനിലയ്ക്ക് ഫ്‌ളാറ്റ് സമുച്ചയം പണിയാന്‍ അനുമതി നല്‍കിയതിനു പിന്നില്‍ വമ്പിച്ച അഴിമതിയാണ് നടന്നത്. അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്താല്‍ ഉണ്ടാകുന്ന പ്രളയം താങ്ങാന്‍ കേരളത്തിനു കെല്‍പില്ല എന്ന് സുപ്രിംകോടതി വിധിന്യായത്തില്‍ ഉദ്ധരിച്ചത് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ എങ്ങനെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതിലേക്കുള്ള ശ്രദ്ധക്ഷണിക്കല്‍ കൂടിയാണ്.
സ്വന്തം കീശ വീര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനംതന്നെ അവര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. ഇതുവഴി ആവാസവ്യവസ്ഥയാണ് തകിടംമറിയുന്നത്. അഴിമതി രാഷ്ട്രത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ചതുപ്പ് നിലങ്ങളില്‍ വന്‍ കെട്ടിടങ്ങള്‍ പണിയാന്‍ നഗരസഭാ-പഞ്ചായത്ത് സെക്രട്ടറിമാര്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കുമ്പോള്‍ ആ പ്രദേശത്തിന്റെ കുടിവെള്ള സ്രോതസാണ് ഇല്ലാതാകുന്നത്.
റവന്യൂ വകുപ്പിലെ ജീവനക്കാരില്‍ 195 പേര്‍ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്നു എന്നതില്‍ നിന്നുതന്നെ ഈ വകുപ്പ് മുച്ചൂടും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന യാഥാര്‍ഥ്യമാണ് പുറത്തുവരുന്നത്. ഡെപ്യൂട്ടി കലക്ടര്‍മാര്‍ മുതല്‍ വില്ലേജ് ഓഫിസുകളിലെ പ്യൂണുമാര്‍ വരെ വിജിലന്‍സ് അന്വേഷണത്തിന്റെ വലയിലാണിപ്പോള്‍. റവന്യൂ വകുപ്പിലെ അഴിമതി നിയന്ത്രിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഒന്നും വിജയിക്കുന്നില്ല. താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും അഴിമതി തടയാന്‍ സംവിധാനമുണ്ട്. പക്ഷെ തലപ്പത്തുതന്നെ അഴിമതി കൊടികുത്തി വാഴുമ്പോള്‍ താഴേത്തട്ടില്‍ എങ്ങനെ തടയാനാകും.
അഴിമതിയില്‍ മുങ്ങികിടക്കുമ്പോഴും സംസ്ഥാനം ഈ നിലയിലെങ്കിലും നിലനില്‍ക്കുന്നത് സത്യസന്ധരും നിസ്വാര്‍ഥരുമായ ചുരുക്കം ചില ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്താലാണ്. സമയവും ശമ്പളവും നോക്കാതെ ജോലി ഒരു പ്രാര്‍ഥനപോലെ നിര്‍വഹിക്കുന്ന ഒരു ഉദ്യോഗസ്ഥനെങ്കിലും ഓരോ ഓഫിസിലുമുണ്ടാകും. അവരാണ് രാജ്യത്തെ ഇങ്ങനെയെങ്കിലും നിലനിര്‍ത്തുന്നത്. അവരോടു കടപ്പെട്ടിരിക്കുന്നു പൊതുസമൂഹവും രാഷ്ട്രവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."