മഹാപ്രളയത്തിനു ശേഷം കുട്ടനാട്ടിലെ സ്കൂളുകള്‍ തുറന്നു
ആലപ്പുഴ: പ്രളയക്കെടുതി മൂലം കഴിഞ്ഞ ഒന്നര മാസമായി അടച്ചിട്ടിരുന്ന കുട്ടനാട്ടിലെ കുപ്പപ്പുറം ഗവ. ഹൈസ്കൂളില്‍ ഇന്നലെ മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു. നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ സ്കൂളില്‍ ആദ്യമായാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത്രയും നീണ്ട കാലയളവില്‍ അധ്യയനം നഷ്ടപ്പെടുന്നത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജൂലൈ 13നാണ് സ്കൂളിന് അവധി നല്‍കിയത്. നൂറ്റി എണ്‍പത് കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. അവധിക്ക് ശേഷം ഇന്നലെ പുനരാരംഭിച്ച സ്കൂളില്‍ മുപ്പത്തിയെട്ട് കുട്ടികളാണ് എത്തിയത്. ക്ലാസ് മുറികളില്‍ നിന്നും വെള്ളം ഇറങ്ങിയെങ്കിലും സ്കൂളിന്റെ പരിസരം മുഴുവന്‍ മുങ്ങിയ നിലയിലാണ്. ആദ്യ ദിവസമായ ഇന്നലെ സ്കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മാനസിക ധൈര്യം പകരുന്നതുള്പ്പെടെയുള്ള ക്ലാസുകളാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി സ്കൂളില്‍ പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു.
കറകശ്ശേരി പാടശേഖരത്തിലെ ബണ്ട് പൊട്ടിയതോടെയാണ് സ്കൂളില്‍ വെള്ളം കയറിയത്. കുട്ടനാട്ടിലെ മാസ്സ് ക്ലീനിങിന്റെ ഭാഗമായി രണ്ട് ദിവസം കൊണ്ടാണ് സ്കൂളിലെ ക്ലാസ് മുറികള്‍ വൃത്തിയാക്കിയതെന്ന് ഹെഡ്മാസ്റ്റര് പി. ശാരംഗന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."