നിരോധനം അവകാശലംഘനം; മതാചാര വേഷവിധാനം വിലയിരുത്തേണ്ടത് മതപണ്ഡിതന്‍മാര്‍
എം.ഇ.എസ് സ്ഥാപനങ്ങളില്‍ മുഖവസ്ത്രം(നിഖാബ്) വിലക്കിക്കൊണ്ടുള്ള ഡോ. ഫസല്‍ ഗഫൂറിന്റെ സര്‍ക്കുലറാണ് ഇപ്പോള്‍ വിവാദത്തിന്റെ പശ്ചാത്തലം. വസ്ത്രധാരണം എങ്ങനെ വേണമെന്നു വിവാദമാക്കുന്നതു തന്നെ യോജിച്ചതല്ല. സഭ്യേതരമല്ലാത്ത ഏതു വേഷവിധാനവും സ്വീകാര്യമാണെന്നിരിക്കെ, ഒരു പ്രത്യേക വേഷം പാടില്ല എന്നു സ്ഥാപനം നിഷ്‌കര്‍ഷിക്കുന്നതു ശരിയല്ല. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കാനേ പാടില്ല.
മതപരമായി നിഖാബ് ധരിക്കണോ വേണ്ടയോ എന്നതും ഒരു സര്‍ക്കാര്‍ സംവിധാനത്തിലുള്ള സ്ഥാപനങ്ങള്‍ തീരുമാനിക്കേണ്ട വിഷയമല്ല. മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കണോ വേണ്ടയോ എന്നത് ഇത്തരത്തില്‍ വിവാദം സൃഷ്ടിച്ചു ചര്‍ച്ച ചെയ്യേണ്ട വിഷയവുമല്ല. മതപരമായി പുലര്‍ത്തേണ്ട വസ്ത്രധാരണ ചിട്ടകള്‍ മതപണ്ഡിതന്‍മാരാണ് ചര്‍ച്ച ചെയ്യേണ്ടത്. പ്രവാചകരുടെയും ഖുലഫാഉറാശിദുകളുടെയും മുന്‍കാല പണ്ഡിതരുടേയും മാതൃക അനുസരിച്ചു, പ്രാമാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുസ്‌ലിം സമുദായം അത്തരം വിഷയങ്ങള്‍ വിലയിരുത്തുന്നത്. മതവേദികളിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കേണ്ടത്.
അനുഷ്ഠാന ഭാഗമായാണ് നിഖാബ് ധരിക്കുന്നതെങ്കില്‍, ഇന്ത്യയില്‍ അതിനു വേണ്ട സൗകര്യം ചെയ്തുകൊടുക്കുകയാണ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. അതു വിലക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. ഇന്ത്യയില്‍ മുസ്‌ലിംകളില്‍ മാത്രമല്ല, ഇതര മതാനുയായികളിലും മുഖവസ്ത്രം ചിലയിടത്ത് കാണപ്പെടുന്നുണ്ട്. ഇതൊക്കെ ധരിക്കുന്നതോടൊപ്പം വിമാനത്താവളം പോലുള്ള സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം അതുപരിശോധിക്കാനുള്ള അവസരവും നല്‍കാറുണ്ട്. അതിനാല്‍ രാജ്യസുരക്ഷയ്ക്ക് ഇതൊരു ഭീഷണിയല്ല. ഇന്ത്യയില്‍ നിലവിലുള്ള ഒരു വേഷവിധാനവും ഇത്തരത്തില്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയല്ല. ബഹുമുഖ സംസ്‌കാരങ്ങളുള്ള നാടാണ് ഇന്ത്യാരാജ്യം. പല വേഷവിധാനങ്ങളും രാജ്യത്ത് നിലവിലുണ്ട്. അപ്പോള്‍ ഇക്കാര്യത്തിലുണ്ടാക്കുന്ന വിവാദങ്ങള്‍ സമൂഹത്തില്‍ ഭവിഷ്യത്തിനിടയാക്കും. ഇന്ത്യയില്‍ വേഷങ്ങള്‍ക്ക് ഒരുനിശ്ചിത നിര്‍വചനം നല്‍കുന്നത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിനു ഭംഗം വരുത്തുകേയ ചെയ്യൂ. പ്രത്യേകിച്ചും വിവാദങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടാനെന്നു സംശയിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം വിവാദം സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു. ഇത്തരം വിഷയത്തില്‍ എം.ഇ.എസ് ഒരു തീരുമാനം കൈക്കൊള്ളും മുമ്പ് വിശദമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."