HOME
DETAILS
MAL
എക്‌സൈസില്‍ നിയമവിരുദ്ധ സ്ഥാനക്കയറ്റത്തിന് നികുതി വകുപ്പിന്റെ സമ്മര്‍ദം
backup
September 22 2020 | 00:09 AM
തിരുവനന്തപുരം: എക്‌സൈസ് ഡ്രൈവര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചവരെ പ്രിവന്റീവ് ഓഫിസര്‍മാരാക്കി സ്ഥാനക്കയറ്റം നല്‍കുന്നതിന് നികുതി വകുപ്പ് സമ്മര്‍ദം ചെലുത്തുകയാണെന്ന് ആരോപണം. ഡ്രൈവര്‍മാര്‍ക്ക് പ്രിവന്റീവ് ഓഫിസര്‍ തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ കഴിയില്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ നികുതി വകുപ്പിനെ അറിയിച്ചെങ്കിലും സമ്മര്‍ദം തുടരുകയാണെന്നാണ് വിവരം.
18 വര്‍ഷം കഴിഞ്ഞിട്ടും സ്ഥാനക്കയറ്റം ലഭിക്കാതെ സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ ഉള്ളപ്പോഴാണ് അനധികൃതമായി സ്ഥാനക്കയറ്റത്തിനുള്ള നീക്കം നടക്കുന്നത്. ഈ ആവശ്യം ചൂണ്ടിക്കാട്ടി നികുതി വകുപ്പ് എക്‌സൈസിന് കത്തും നല്‍കിയിരുന്നു.
എക്‌സൈസ് വകുപ്പില്‍ പ്രവര്‍ത്തനാനുമതി ഇല്ലാത്ത കേരള എക്‌സൈസ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ സ്ഥാനക്കയറ്റം നല്‍കാന്‍ ശ്രമിക്കുന്നതെന്ന് സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ ആരോപിക്കുന്നു. സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയില്‍ നിയമനം കിട്ടുന്ന ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ തസ്തികയാണ് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍. ഈ സാഹചര്യത്തില്‍ എക്‌സൈസ് ഡ്രൈവര്‍മാര്‍ക്ക് പ്രിവന്റീവ് ഓഫിസര്‍മാരായി പ്രമോഷന്‍ നല്‍കാന്‍ കഴിയില്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ നികുതി വകുപ്പിന്റെ കത്തിനു മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മിഷണറെ വിമര്‍ശിക്കുന്ന രീതിയില്‍ നികുതി വകുപ്പ് വീണ്ടും കത്ത് അയക്കുകയായിരുന്നുവത്രെ. നികുതി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."