കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം: രമേശ് ചെന്നിത്തല
ഹരിപ്പാട്: മഹാപ്രളയത്തിലകപ്പെട്ട കര്‍ഷകരുടെ 5 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രളയ ദുരന്തത്തോടനുബന്ധിച്ച് നിയോജക മണ്ഡലത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപ്പറ്റി ധനകാര്യ മന്ത്രി ഡോ.തോമസ് ഐസകിന്റെ സാന്നിധ്യത്തില്‍ നടന്ന അവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്തതായിരുന്നു വാര്‍ത്താ സമ്മേളനം.
കൃഷിക്കാര്‍ കടം വാങ്ങി കൃഷിയിറക്കിയതിന് പിറകേയാണ് പ്രളയജലത്തില്‍ ബണ്ടുകള്‍ തകര്‍ന്നത്. ഇനിയൊരു കൃഷി കൂടി ഇറക്കുന്നതിനുള്ള മാര്‍ഗ്ഗം കാണാതെ കര്‍ഷകര്‍ വലയുകയാണ് ,അവര്‍ മുഴുപ്പട്ടിണിയിലാണ്.
ഈ അവസരത്തില്‍ കര്‍ഷകരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
മൂന്നു ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്റെ വക ഓണക്കിറ്റുകള്‍ കൊടുത്തു തീര്‍ക്കും. പള്ളിപ്പാട്, ചെറുതന, വീയപുരം എന്നീ മൂന്നുപഞ്ചായത്തുകളെ സമ്പൂര്‍ണ്ണ പ്രളയബാധിത പ്രദേശങ്ങളായി കണക്കാക്കി, വെരിഫിക്കേഷനുകള്‍ നടത്താതെ എല്ലാവര്‍ക്കും ദുരിതാശ്വാസ ധനമായി 10,000രൂപ വീതം നല്‍കും.
കരുവാറ്റ, ചേപ്പാട്, , കാര്‍ത്തികപ്പള്ളി, കുമാരപുരം എന്നീ പഞ്ചായത്തുകളിലും, ഹരിപ്പാട് നഗരസഭാ പ്രദേശത്തെയും ദുരിതബാധിത പ്രദേശങ്ങള്‍ കണ്ടെത്തി ബി.എല്‍.ഒമാര്‍ നടത്തുന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശ്വാസ ധനം വിതരണം ചെയ്യും.
വീടുകള്‍, കടകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് നേരിട്ട നാശനഷ്ടങ്ങളും ആട്, മാട് , കോഴി, താറാവ് എന്നിവ ചത്തതിന്റെ കണക്കെടുപ്പ് ഉടന്‍ നടത്തും.വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുടുംബശ്രീ മുഖാന്തിരം വനിതകള്‍ക്ക് 100000 രൂപ പലിശരഹിത വായ്പയായി നല്‍കും.പുതിയതായി കുടുംബശ്രീയില്‍ അംഗങ്ങളെ ചേര്‍ക്കാനും തീരുമാനമായി.
പ്രളയജലത്തില്‍ തകര്‍ന്ന ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കൃഷി അസി.ഡയറക്ടറെ ചുമതലപ്പെടുത്തി. തകര്‍ന്ന റോഡുകള്‍ നന്നാക്കുവാന്‍ പിഡബ്ലിയുഡി യോട് ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുപ്പിവെള്ളം വിതരണം ചെയ്യുവാന്‍ തഹസീല്‍ദാരെ ചുമതലപ്പെടുത്തി. കുടിവെള്ള വിതരണക്കാര്‍ക്കുള്ള ഫണ്ട് റീ ഇന്‍ ബേഴ്‌സ് ചെയ്യും.
ദുരിതാശ്വാസധനം വിതരണം ചെയ്യുമ്പോള്‍ ട്രഷറികളിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുവാന്‍ ഐ.എഫ്.എസ്.സി കോഡുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളില്‍ കൂടിയും വിതരണം ചെയ്യും.
ചെറുതന പെരുമാങ്കര പാലത്തിന്റെയും മറ്റു പാലങ്ങളുടേയും അടിയിലുമുള്ള മാലിന്യങ്ങളും തടസങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കും. ശക്തി കൂടിയ പമ്പുകള്‍ ഉപയോഗിച്ച് പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് കൃഷിക്ക് ഉപയുക്തമാക്കുവാനും തീരുമാനിച്ചു.
പത്താം തീയതി നിയോജക മണ്ഡലം പ്രദേശങ്ങളിലെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് തരം തിരിച്ച് റീ സൈക്കിള്‍ ചെയ്യും.ബാക്കിയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചു കളയും.
പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ ഒരു ഡോക്ടറുടേയും നഴ്‌സിന്റെയും മുഴുവന്‍ സമയ സേവനം ഉപയോഗപ്പെടുത്തും. പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര കുറുപ്പ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."