വ്യോമസേനാ വിമാനത്തെ മോദി ടാക്‌സിയായി ഉപയോഗിച്ചു: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നാവിക സേനയുടെ ഐ.എന്‍.എസ് വിരാട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ലക്ഷദ്വീപിലേക്ക് കുടുംബസമേതം വിനോദയാത്ര നടത്തുന്നതിന് ഉപയോഗിച്ചുവെന്ന മോദിയുടെ പരാമര്‍ശത്തിനെതിരേ തിരിച്ചടിച്ച് കോണ്‍ഗ്രസ്. വ്യോമസേനാ വിമാനത്തെ സ്വന്തം ടാക്‌സിപോലെ ഉപയോഗിച്ചയാളാണ് മോദിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജെവാല പറഞ്ഞു. 2019 ജനുവരി വരെ വ്യോമസേനാ വിമാനങ്ങള്‍ മോദി 240 തവണയാണ് ഔദ്യോഗികമല്ലാത്ത ആവശ്യത്തിന് ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് 1.4 കോടി രൂപ ബി.ജെ.പി വ്യാമസേനയ്ക്ക് നല്‍കിയതായും വിവരാവകാശ നിയമപ്രകാരമുള്ള രേഖ ചൂണ്ടിക്കാട്ടി സുര്‍ജെവാല പറഞ്ഞു. മോദി നുണയില്‍ അഭയം തേടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് വ്യോമസേനാ വിമാനം ഉപയോഗിച്ചതിന് വെറും 744 രൂപ മാത്രമാണ് മോദി നല്‍കിയതെന്നും സുര്‍ജെവാല പറഞ്ഞു.
മോദിയെ പേടി വേട്ടയാടുകയാണ്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നാണമില്ലാതെ മറ്റുള്ളവരിലേക്ക് ആരോപിക്കുന്നു- സുര്‍ജെ വാല പറഞ്ഞു. ഒന്നിനു പിറകെ ഒന്നായി നുണപറയുന്നയാളാണ് മോദിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. മോദിയ്ക്ക് വസ്തുതയിലൊന്നും താല്‍പര്യമില്ല. സ്വന്തം ഭരണനേട്ടത്തെക്കുറിച്ചൊന്നും പറയാനില്ല. റാഫേല്‍, നോട്ടുനിരോധനം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ സംവാദത്തിന് രാഹുല്‍ കഴിഞ്ഞ ആറു മാസമായി വെല്ലുവിളിക്കുന്നു. ഇതില്‍ നിന്ന് വഴുതിമാറി മോദി ജീവിച്ചിരിപ്പില്ലാത്ത ആളെക്കുറിച്ച് അപവാദം പറയുകയാണ്.
നെഹ്‌റു മുഗള്‍ ചക്രവര്‍ത്തിക്കെതിരേയും ഇന്ദിരാഗാന്ധി, വിക്ടോറിയാ രാജ്ഞിയ്‌ക്കെതിരേയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോയെന്നും പവന്‍ ഖേര ചോദിച്ചു. 30 കൊല്ലം മുന്‍പ് രാജീവ് ഗാന്ധി ഐ.എന്‍.എസ് വിരാടില്‍ അവധിയാഘോഷിക്കാന്‍ പോയെന്നാണ് മോദി ആരോപിച്ചത്. പുല്‍വാമയിലെ പരാജയത്തിന് തനിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട ആദ്യത്തെ ആളാണ് മോദി. വലിയൊരു ഇന്റലിജന്‍സ് പരാജയമാണ് നമ്മുടെ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. മോദി വിദേശ യാത്രക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോകാറുള്ള ആളുകളുടെ പേര് വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്ന് ഖേര ചോദിച്ചു. റാഫേല്‍ കേസില്‍ വേണമെങ്കില്‍ മോദിയുമായി സംവാദത്തിന് തയാറാണ്. മോദി റാഫേലില്‍ സംവാദത്തിന് തയാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
അതേസമയം മോദിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ രാജീവ് ഗാന്ധി ലക്ഷദ്വീപിലെത്തിയത് ഔദ്യോഗിക സന്ദര്‍ശനത്തിനായിരുന്നുവെന്ന് മുന്‍ നാവിക സേനാ മേധാവി എല്‍. രാംദാസും അന്നത്തെ നാവിക സേനാ ഉപമേധാവിയായിരുന്ന വിനോദ് പസ്‌റിച്ചയും വ്യക്തമാക്കി.
രാജീവ് ഗാന്ധി കൊല്ലപ്പെടാന്‍ കാരണം അന്ന് ബി.ജെ.പി പിന്തുണയുള്ള വി.പി സിങ് സര്‍ക്കാര്‍ അദ്ദേഹത്തിന് അധിക സുരക്ഷ നല്‍കാന്‍ തയാറാകാത്തത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ജീവന് ഭീഷണിയുണ്ടെന്ന വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ സുരക്ഷ നല്‍കാന്‍ തയാറായില്ല. ഒരു പേഴ്‌സനല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമാണ് കൂടെയുണ്ടായിരുന്നത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ പ്രധാനമന്ത്രിയെ അവമതിക്കുന്ന മോദിയുടെ നടപടി ഭീരുത്വമാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
സിഖ് കൂട്ടക്കൊല നടത്താന്‍
നിര്‍ദേശിച്ചത് രാജീവെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം രാജീവ് ഗാന്ധിയാണ് ഡല്‍ഹിയില്‍ സിഖ് കൂട്ടക്കൊല നടത്താന്‍ നിര്‍ദേശം നല്‍കിയതെന്ന ആരോപണവുമായി ബി.ജെ.പി. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ആരോപണം. സിഖ് കൂട്ടക്കൊലയ്ക്ക് നിര്‍ദേശം നല്‍കിയത് രാജീവായിരുന്നുവെന്ന് നാനാവതി കമ്മീഷന്‍ രേഖയിലുണ്ടെന്നാണ് ട്വീറ്റ്.
മോദിയുടെ പരാമര്‍ശം
അന്തസിന് നിരക്കാത്തത്: പവാര്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയ്‌ക്കെതിരേ മോദി നടത്തുന്ന പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി പദവിയുടെ അന്തസിന് നിരക്കാത്തതാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. രാജീവിന്റെ മരണം അതിയായ ദുഃഖമുണ്ടാക്കുന്നതാണ്. രണ്ടു പ്രധാനമന്ത്രിമാരെ രാജ്യത്തിന് സമ്മാനിച്ച കുടുംബമാണിത്.
അതില്‍ രണ്ടുപേരും കൊലചെയ്യപ്പെട്ടു. അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്. വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്നും പവാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."