രക്ഷാപ്രവര്‍ത്തനത്തില്‍ സജീവം; ഒടുവില്‍ മരണത്തിന് കീഴടങ്ങി അനില്‍കുമാര്‍
കോഴിക്കോട്: പ്രളയം കോഴിക്കോടിനെ തളര്‍ത്തിയപ്പോള്‍ ദുരിതബാധിതര്‍ക്കൊപ്പം അനില്‍കുമാറും ഉണ്ടായിരുന്നു. വെള്ളം ഉയര്‍ന്നപ്പോള്‍ ദുരിതബാധിതരെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കാനും ക്യാംപുകളിലെ സേവനത്തിലും അനില്‍കുമാര്‍ മുന്‍പിലായിരുന്നു. എലിപ്പനിയെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ നെട്ടൂട്ടിതാഴത്തെ എന്‍.ടി അനില്‍കുമാര്‍ (54) മരണത്തിനു കീഴടങ്ങിയതോടെ ദുഃഖത്തിലും ആശങ്കയിലുമാണ് സന്നദ്ധ പ്രവര്‍ത്തകര്‍. നിപാ രോഗിയെ ശുശ്രൂഷിച്ച നഴ്‌സ് ലിനിയുടെ വിയോഗം പോലെ തന്നെ നാട്ടുകാരെ വേദനയിലാഴ്ത്തിയിരിക്കുകയാണ് അനില്‍കുമാറിന്റെ വേര്‍പാടും.
കോണ്‍ഗ്രസ് എലത്തൂര്‍ മണ്ഡലം സെക്രട്ടറിയാണ് കാരന്നൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ കൂടിയായ അനില്‍കുമാര്‍. നാട്ടിലെ എല്ലാ കാര്യങ്ങളിലും മുന്‍നിരയിലുണ്ടാകും. കോര്‍പറേഷന്‍ മൂന്നാം ഡിവിഷനിലെ പല വീടുകളിലും വെള്ളംകയറിയപ്പോള്‍ അനില്‍ കുമാറും കൂട്ടുകാരും രാപകല്‍ വ്യത്യാസമില്ലാതെ ദുരിതബാധിതര്‍ക്കൊപ്പം കൂടെനിന്നു.
വെള്ളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാകാം അനില്‍കുമാറിനെ എലിപ്പനി ബാധിച്ചതെന്നു കരുതുന്നു. സാധാരണ പനിയാണെന്നാണ് കരുതിയിരുന്നതെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 25നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിറ്റേ ദിവസം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ 10 ദിവസത്തോളം നീണ്ട ചികിത്സക്കു ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. എരഞ്ഞിക്കല്‍ നെട്ടോടിതാഴത്ത് പരേതനായ ഇമ്പിച്ചിയുടെയും ദേവകിയുടെയും മകനാണ് അനില്‍കുമാര്‍. ഭാര്യ ശ്രീജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."